Posts

ഓർമ്മകളുടെ സൂക്ഷിപ്പുകാരി

ഓർമ്മകൾ സൂക്ഷിക്കുന്ന ഒരിടം ഉണ്ടായിരുന്നെങ്കിൽ, എനിക്ക് അതിൻ്റെ സൂക്ഷിപ്പുകാരിയാവണം. ഉറങ്ങിക്കിടക്കുന്ന അക്ഷരങ്ങളുടെ മണമുള്ള, ഒരുപാട് പുസ്തകങ്ങളുള്ള, ഒരു വലിയ ലൈബ്രറി പോലെ, നമ്മുടെയൊക്കെ ഓർമ്മകൾ പുസ്തകങ്ങൾ കണക്കെ അടുക്കി വെച്ചിരിക്കുന്ന ഷെൽഫുകൾ..അവ നിറഞ്ഞ ഒരുപാട് ഒരുപാട് ഇടനാഴികൾ. അനേകായിരം പേരുടെ, അനേകായിരം ഓർമ്മകളുടെ, സുഗന്ധം പുതച്ചു നിൽക്കുന്ന ആ ഒരിടത്ത്.. അവിടെ, നിങ്ങളറിയാതെ നിങ്ങളുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും എനിക്ക് എടുത്ത് നോക്കണം. തുറന്നു വായിക്കാൻ അനുവാദം ഇല്ലെങ്കിലും, ഓരോ പുറംചട്ടയിലെയും പടങ്ങൾ കാണണം. ചിലത് എന്നെ അത്ഭുതപ്പെടുത്തുമായിരിക്കും..ചിലത് കണ്ണ് നിറയിച്ചേക്കാം. മറ്റു ചിലപ്പോൾ അവ എൻ്റെ ചുണ്ടിലൊരു പുഞ്ചിരിയാവും വിടർത്തുക. ചിലതുടനെ ഞാൻ തിരിച്ച് വെക്കുമായിരിക്കും. നിങ്ങളുടെ സന്തോഷങ്ങൾ, വേദനകൾ, പ്രതീക്ഷകൾ, പ്രണയം, നേട്ടങ്ങൾ, പരാജയങ്ങൾ..എല്ലാത്തിലൂടെയും നിങ്ങളറിയാതെ ഞാൻ വിരലോടിക്കും.  എന്തായിരുന്നിരിക്കാം നിങ്ങളുടെ ഓരോ അധ്യായത്തിലുമെന്ന് കൗതുകത്തോടെ ഞാൻ ചിന്തിക്കും. നിങ്ങൾ കടന്നുപോയ, ഞാൻ കാണാത്ത വഴികളെ ഓർത്ത് ഒരുവേള ആശങ്കപ്പെടുമായിരിക്കും, നിങ്ങൾക്ക് നല്ലത് നേരുമായിരിക്ക

ഒടുവിൽ

ഇടമുറിഞ്ഞു പെയ്യുന്ന മഴ കണക്ക് ഞാനിരുന്നു കരഞ്ഞു. മഴ പോലെ കണ്ണീര്, പിന്നെ മൂടിക്കെട്ടിയ ആകാശം പോലെ ഒരേ മരവിപ്പ്. മരവിപ്പിൽ നിന്ന് ഞെട്ടിയുണരുമ്പോൾ ശൂന്യത. ശൂന്യത വീർപ്പുമുട്ടിക്കുമ്പോൾ പിന്നെയും ആർത്തലച്ച് മനസ്സിൽ വിഷമത്തിൻ്റെ പേമാരി. ഒരേ വട്ടത്തിൽ കിടന്ന്, എൻ്റെ കലങ്ങിയ മനസ്സ് കറങ്ങിക്കൊണ്ടേയിരുന്നു. നെഞ്ചിൻ്റെ നീറ്റലിൻ്റെ ചൂട്, ഇരു കണ്ണിലൂടെയും ഒലിച്ചിറങ്ങിപ്പോയിക്കൊണ്ടിരുന്നു. ഒന്നുമോർക്കാതിരിക്കാൻ ഉറക്കമാണ് നല്ലതെന്ന് തോന്നി. ഉറക്കത്തിലോ പക്ഷെ, ദുസ്വപനങ്ങളും, ഒറ്റപ്പെടലും, ഭയവും, നോവും. എനിക്ക് തീ പോലെ പൊള്ളി. കരച്ചിലിൽ തലയിണയിൽ നനവിൻ്റെ ചുടു വട്ടങ്ങൾ വീണു.  പകലെന്നോ രാവെന്നോ ഇല്ലാതെ, ഉറക്കമെന്നോ ഉണർവ്വെന്നോ ഇല്ലാതെ ആശ്വസിക്കാൻ ഒരു പിടിവള്ളിപോലും ഇല്ലാതെ മനസ്സ് പുകഞ്ഞു കൊണ്ടേയിരുന്നു. ***** ഒരു പകലും ഒരു രാത്രിയും ഞാനിരുന്നു കരയേണ്ടി വന്നു, ഒന്നായിരുന്ന നമ്മളിനി രണ്ടാണെന്നെനിക്ക് ബോധ്യം വരാൻ.  എനിക്ക് ജീവനില്ലാതായെന്നു ഞാൻ തിരിച്ചറിയാൻ.

എല്ലാം

എഴുതാതെ പോയ കവിതകളിൽ, പറയാതെ വെച്ച വാക്കുകളിൽ, കാണാൻ കൊതിച്ച സ്വപ്നങ്ങളിൽ, എല്ലാം നീയായിരുന്നു.. കാത്തു കഴിഞ്ഞ പകലുകളിൽ, കണ്ണീരാലുറങ്ങിയ രാവുകളിൽ, യുഗം പോൽ കൊഴിഞ്ഞ നിമിഷങ്ങളിൽ, ഉള്ളിൽ നീ മാത്രമായിരുന്നു.. നിനക്കായ് കാത്തുവെച്ച നോട്ടങ്ങളിൽ, നൽകാൻ ഞാൻ മറന്ന ചിരികളിൽ, നിനക്ക് വേണ്ടി മാത്രം തുടിച്ച മനസ്സിൽ, ഞാനൊളിപ്പിച്ചതെൻ്റെ പ്രണയമായിരുന്നു.. ഒരുമിച്ചു നനയാതെ പോയ മഴയും,നിലാവുകളും, ചേർന്ന് നടക്കാതിരുന്നൊരീ വഴിത്താരയും, നിൻ്റെ കൈ പിടിച്ചു പോകാൻ കൊതിച്ചോരിടങ്ങളും, ആ ശ്വാസതാളത്തിൽ കേൾക്കാൻ ഞാൻ കൊതിച്ചൊരീണങ്ങളും, പൂക്കാതിരുന്നൊരു പ്രണയവും, ഒരിക്കലുമൊരുമിച്ചൊഴുകാത്തൊരു ജീവിതവും, ഒരുപിടി ഓർമ്മകളും, ഒരായിരം നഷ്ട്ട സ്വപ്നങ്ങളും, നീയറിഞ്ഞില്ലൊരിക്കലും.. എങ്കിലും, നീയെനിക്ക് ജീവനായിരുന്നു.. നീ കാണാതെ പോയെൻ്റെ മനസ്സും, എനിക്കുള്ളതൊക്കെയും, ഞാനും, എന്നും, നിനക്കുള്ളതായിരുന്നു..

ജല്പനങ്ങൾ

ഇടറുന്നതെന്തെ? വാക്കുകൾ പകുതിക്ക് മുറിയുന്നതെന്തേ? പിടയുന്നതെന്തേ ഉള്ളം, കൺകോണിലെൻ്റെ, നനവുരുണ്ടു കൂടുന്നതെന്തേ? ഓർമ്മപ്പാളി തുറന്നു പോയതെന്തേ വെറുതെ, കാലം നിറം കെടുത്തിയൊരു ചിത്രത്തിൽ മനസ്സുടക്കിയതെന്തേ? നിന്നെ ഞാനിനിയും മറക്കാത്തതെന്തേ, മറന്നെന്ന കള്ളം ഞാൻ വീണ്ടും പറയാൻ ശ്രമിക്കുന്നതെന്തേ? കൊതിക്കുന്നതെന്തേ ഞാൻ, ഒരിക്കലെങ്കിലും നിന്നോടൊത്തുള്ളൊരോർമ്മയിലേക്ക്, വീണ്ടും പോകാൻ വെമ്പുന്നതെന്തേ? ജീവിതമെന്തേ, ഒരിക്കലുമടുക്കാത്ത എതിർദിശകളിലേക്ക് നിഷ്ക്കരുണം നമ്മെ പകുത്തെറിഞ്ഞതെന്തേ? ഒരിക്കലെങ്കിലും പിടയാത്തതെന്തെ, ഓർക്കാത്തതെന്തേ നീ, എന്നെയൊന്നു കാണാൻ ആ കണ്ണുതുടിക്കാത്തതെന്തേ? മായ്ക്കാൻ, മറക്കാൻ, ഓർമ്മകളിൽ നിന്നുമോടിയൊളിക്കാൻ സാധിക്കുവതെന്തേ നിനക്ക്, എനിക്കോ അതിനിന്നും കഴിയാത്തതെന്തേ? 
വെളളം പോലെയാണ് ചിലർ..  പിടിച്ചു വെക്കാൻ നോക്കുംതോറും വിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിപോവും, നഷ്ടപ്പെടലിൻ്റെ നനവ് മാത്രം ബാക്കിയാക്കി. നൽകിയ നൊമ്പരത്തിൻ്റെ ചൂടിൽ, നനവുണങ്ങും പതിയെ. ആ കൈക്കുമ്പിളിലേക്ക് പിന്നീടൊരിക്കലും  എത്തിപ്പെടാൻ സാധിക്കില്ലെന്ന്, കയ്യുടെ മണവും പേറിയാണ് താൻ പോകുന്നതെന്ന് പക്ഷേ പോവുമ്പോൾ തിരിച്ചറിയുന്നുണ്ടാകുമോ? ആർക്കറിയാം!

പിണക്കം

വാക്കുകൾ ചുരുങ്ങി ചുരുങ്ങി നിശബ്ദത വീണു തുടങ്ങിയപ്പോൾ ഇടയിൽ തളം കെട്ടി നിന്ന സ്നേഹത്തിന് വീർപ്പുമുട്ടി തുടങ്ങി, കൂടെ നിശബ്ദതയുടെ ചൂടിൽ വറ്റിപ്പോകുമോ എന്നുള്ള പേടിയായി.  പിണക്കം, മഴ പോലെ വന്നും, ഇടക്ക് ആർത്തലച്ചു പെയ്തും, വീണ്ടും നിന്നും അവർക്കിടയിൽ ആവർത്തിച്ചു. ഇടയ്ക്കെങ്കിലുമൊരു ഇണക്കത്തിൻ്റെ വെയിലേൽക്കാതെ, പിണക്കങ്ങളുടെ നനവ് എങ്ങനെ വിട്ടു മാറാൻ ആണെന്ന് പരിതപിച്ച് അവരിരുവരും മുഖം തിരിച്ച് ഇരുന്നു. അപ്പോഴും ഉള്ളിൽ, പരസ്പരമൊരു പിൻവിളിയുടെ കുളിരിനായി അവർ കാതോർത്തു.  പൊട്ടാൻ വെമ്പി നിൽക്കുന്ന നീർക്കുമിള പോലെ അവർക്കിടയിലെ പിണക്കവും ആ ഒരു വിളിക്കായി കാത്തു നിൽപ്പുണ്ടായിരുന്നു..

ശൂന്യത

ഇരുട്ടല്ല, അത് വെളിച്ചവുമല്ല.  അഭാവങ്ങളാൽ തീർക്കപ്പെടുന്ന സങ്കടങ്ങളല്ല അത്. കർമ്മങ്ങൾ കൊണ്ടെത്തിക്കുന്ന അവസ്ഥകളുമല്ല. വികാരങ്ങളുടെ ഒരായിരം വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവിൽ, മനസ്സ് പെട്ട് പോവുന്നൊരു ത്രിശങ്കു സ്വർഗം.  അതോ നരകമോ? മേൽപ്പോട്ടുമില്ല, കീഴ്‌പ്പോട്ടുമില്ല. മുന്നോട്ടുമില്ല, പുറകോട്ടുമില്ല.  നേരിൻ്റെ നേരെ നമ്മളെ കൊണ്ട് നിർത്തുന്ന നിമിഷങ്ങളുടെ ഒരു കടലാണത്.  കണ്ടെന്ന് കരുതിയ കാഴ്ചകളെ ആദ്യമായി കാണിച്ചു തരുന്ന, കേട്ടെന്ന് കരുതിയ വാക്കുകളെ ആദ്യമായി മനസ്സിലാക്കിത്തരുന്ന, നിനച്ചിരിക്കാതെ എടുത്ത് ഉയർത്തി ഊക്കോടെ നിലംപരിശാക്കുന്ന മനോനിലയാണത്. വാക്കുകൾ ഒടുങ്ങുന്ന നിശബ്ദതയാണത്.  ദാക്ഷിണ്യമില്ലാത്ത നേരിൻ്റെ പച്ചയായ നേർക്കാഴ്ചയാണത് !!