Posts

ഒരു പ്രേമലേഖനം

എനിക്കുവേണ്ടി, ഒരു കഷണം കടലാസ്സിൽ നീയെഴുതുന്ന രണ്ടു വരികൾക്കുണ്ട്, ഏത് വലിയ സമ്മാനത്തിനേക്കാളും വില.  എനിക്ക് വേണ്ടി നീ പറിക്കുന്ന ഒരു മുക്കുറ്റി പൂവിനുണ്ട്, ഏത് ചെമ്പനിനീർ പൂവിനേക്കാളും മനോഹാരിത.  എനിക്കുള്ളംകയ്യിൽ നീ വെച്ച് തരുന്ന ഒരു തുണ്ട് കൽക്കണ്ട കഷണത്തിനുണ്ട്, ഏത് തേനിനേക്കാളും മധുരം.  നിൻ്റെ കൈ പിടിച്ച് ഞാൻ കാണുന്ന കാഴ്ചകൾക്കുണ്ട് മറ്റെന്തിനെക്കാളും വശ്യത.  നിൻ്റെ കണ്ണിൽ ഞാൻ കാണുന്നൊരീ സ്നേഹത്തിനുണ്ട്, നിൻ്റെ മനസ്സ് പോലെ, ഒരു കടലിനെക്കാളുമാഴം.  കരുതലിൻ്റെ ചൂടുള്ള നിൻ്റെ വിരൽത്തുമ്പിലുണ്ട്, മാറ്റുരക്കാത്ത സ്നേഹം. എന്നോട് പറയുന്ന വാക്കിലും, നിൻ്റെ വിളിയിലും, ശ്വാസത്തിൻ്റെ താളത്തിലും, ആ നെഞ്ചിടിപ്പിൽ പോലുമുണ്ട് ഞാൻ.   നീ പോലും അറിയാതെ നിന്നെക്കാൾ ഏറെയുണ്ട്..നിന്നിൽ, ഇന്നു ഞാൻ.

വിശ്വാസം

എന്തൊരു പൊള്ളുന്ന വാക്കാണത്! ഉള്ളം കയ്യിൽ വച്ചു താലോലിച്ചവക്ക്, ഒരു കുമ്പിൾ വെള്ളത്തിൻ്റെ ചോരുന്ന ആയുസ്സ് മാത്രമെന്ന്, ഒരു നേരമ്പോക്കിൻ്റെ നിസ്സാരത മാത്രമെന്ന്, നിറം മങ്ങി പൊളിഞ്ഞടർന്നു വേഗം വീഴുമൊരു ചായമെന്ന്, കാണാതെ, അറിയാതെ എൻ്റെ നേർത്ത കൈ പൊള്ളി. ആ വാക്കിനിന്നും അതേ ചൂടാണ്.. വീണ്ടും പൊള്ളുമെന്നു പേടിച്ച് ഞാൻ മുറുകെ പിടിക്കാൻ പേടിക്കുന്നത്ര ചൂട്!

ചില നേരമ്പോക്ക് വിചാരങ്ങൾ

നമ്മൾ എല്ലാവരും കഥകളാണെന്ന് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന കഥകൾ, മരിച്ചു പോവുന്ന കഥകൾ, പിന്നെയും പിന്നെയും ആവർത്തിക്കുന്ന കഥകൾ. ഇതിവൃത്തത്തിൽ സമാനതകൾ ഉള്ള, എന്നാൽ കഥാപാത്രങ്ങളിൽ വ്യത്യസ്ഥതയുള്ള കഥകൾ.  ചിലരെ വിധി ചെറുകഥയായി ചുരുക്കുന്നു. മറ്റു ചിലരെ അധ്യായങ്ങൾ നീണ്ട നോവലുകളാക്കുന്നു. ചിലരെ പാതിയിൽ നിലച്ച പരിവേദനങ്ങൾ പോലെ, പറയാൻ ഇനിയും ഒട്ടേറെ ബാക്കി നിർത്തി, ധൃതിയിൽ എങ്ങോ കൊണ്ടു പോവുന്നു. എങ്കിൽ കൂടിയും, നമ്മൾ എല്ലാവരും കഥകൾ തന്നെയാണ്. സ്നേഹത്തിൻ്റെ, പ്രതീക്ഷകളുടെ, സഹനത്തിൻ്റെ,  തോൽവികളുടെ, കണ്ണുനീരിൻ്റെ, ഉയിർത്തെഴുന്നേല്പു്കളുടെ കഥകൾ. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന, ചിലപ്പോൾ ഉള്ളു നീറ്റുന്ന കഥകൾ. ചിലപ്പോഴൊക്കെ അസുഖകരമായ വായിക്കാൻ ഇഷ്ടമില്ലാത്ത കഥകൾ. കഥകളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് ഇറങ്ങി വരുമ്പോൾ മാത്രം നമ്മൾ വ്യത്യസ്തരാവുന്നു. ഭാവങ്ങളുടെ തീക്ഷ്ണത ഉൾക്കൊണ്ട് ജനനം മുതൽ മരണം വരെ എത്രയെത്ര വേഷങ്ങൾ ആണ് നമ്മൾ കെട്ടുന്നതും, ചുറ്റിനും കാണുന്നതും.  എത്രയെത്ര കഥാപാത്രങ്ങൾ ആണ് ഒരു മിന്നായം പോലെ നമ്മൾ കണ്ടു മറന്നു പോവുന്നത്. ജീവിതത്തിൻ്റെ ഓര...

മൗനം

പറയേണ്ടിയിരുന്നത്, നീ എനിക്ക് എല്ലാം ആണെന്നാണ് , നീ ഇല്ലാതെ ഞാൻ ഇല്ലെന്നാണ് , നിന്നെ എനിക്ക് അത്രമേൽ ഇഷ്ടമാണെന്നാണ്. പറഞ്ഞില്ല. ഹൃദയത്തിലെ വാക്കുകളൊക്കെ എൻ്റെ മൗനത്തിൽ ഒളിപ്പിച്ച് ഞാൻ മറ്റെന്തോ പറഞ്ഞു. നിൻ്റെ കണ്ണിലപ്പോൾ ഉരുണ്ടുകൂടിയ നനവ് കണ്ട്, എനിക്ക് തെറ്റിയെന്ന് ഞാനറിഞ്ഞു. നിൻ്റെ ഉള്ളു പിടഞ്ഞത് ഞാൻ കണ്ടു. എങ്കിലും, മൗനത്തിൻ്റെ തിരശ്ശീലക്കപ്പുറം മറഞ്ഞിരുന്ന്,   ഞാൻ അത് കാണാത്തതായി നടിച്ചു, നമുക്ക് നല്ലത് നേർന്നു. എൻ്റെ മൗനം കൊണ്ട് നിന്നെയും പിന്നെയീ എന്നെയും ഞാനിന്ന് തോൽപ്പിച്ചു.

അരികെ

കൊതിച്ചത് നിന്നോടൊത്തുള്ള ഒരു ആയുഷ്ക്കാലമാണെങ്കിൽ, എനിക്കു കിട്ടിയതോ വിരലിൽ എണ്ണാവുന്നത്ര കുറച്ച്  നിമിഷങ്ങളാണ്.. ഞാനിന്ന്,  നിന്നെ കണ്ടു മതിയാവാത്തൊരീ  കണ്ണുകളാണ്,  നിൻ്റെ സംഭാഷണങ്ങൾക്കായി മാത്രമുള്ള  കാതോർക്കലുകളാണ്,  നിൻ്റെ വിരൽത്തുമ്പൊന്ന് തൊടാൻ  വെമ്പുന്നയീ വിരലുകളാണ്,  നിൻ്റെ നെഞ്ചോടെന്നും ചേർന്നുറങ്ങാൻ  കൊതിക്കുന്നൊരു മനസ്സാണ്..  ഞാനിന്ന്,  എനിക്കു നിന്നോടുള്ള പ്രണയം മാത്രമാണ്..

വിറ

ഞാൻ ആദ്യമായി വിറച്ചത് എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ്. പനിച്ചു വിറച്ചതോ, തണുത്തു വിറച്ചതോ അല്ല കേട്ടോ. പേടിച്ച് വിറച്ചത്! പാറ്റ, പല്ലി, പഴുതാര, പാമ്പ് മുതൽ പ്രേത സിനിമകൾ വരെ നാളിതുവരെ പേടിപ്പിച്ചിട്ടുണ്ട്, തകൃതിയായി പേടിപ്പിക്കുന്നുമുണ്ട്, എങ്കിലും ഇത് ആ പേടിയല്ല. സംഗതി സഭാകമ്പം ആണ്. വർഷങ്ങളായി എന്നെ അറിയുന്നവർക്ക്,  ഇതൊരു കല്ല് വെച്ച നുണയാണ് എന്നു തോന്നാം, പ്രത്യേകിച്ചും കാർമ്മൽ കോളേജിൽ എന്നോടൊപ്പം പഠിച്ചവർക്ക്. കാരണം അവിടെയുണ്ടായിരുന്ന മൂന്ന് കൊല്ലം, ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുന്നത് പോലെ, ക്ലേ മോഡലിംഗ്, കവിത രചന, കഥ എഴുത്ത്, ഡാൻസ് എന്ന് വേണ്ട, ഇലോക്ട്യൂഷൻ വരെ..എന്തിന് പാടാൻ വരെ നിങ്ങൾ എന്നെ അന്നവിടെ മുന്നിൽ കണ്ടിരിക്കാം. ഞാൻ ഒരു സംഭവം ആയത് കൊണ്ടൊന്നുമല്ല കേട്ടോ. അപാര ധൈര്യം കാണിക്കലും, തൊലിക്കട്ടിയും, ആ പ്രായത്തിൻ്റെ ആണെന്നതാണ് ഉള്ള വസ്തുത. പാട്ട് പോയിട്ട് മൂളിപ്പാട്ട് പോലും എൻ്റെ വീട്ടുകാർ അതിൽപ്പിന്നെ ഞാൻ പാടി കേട്ടിട്ടുണ്ടാവില്ല എന്നത് വേറെ കാര്യം. അതവിടെ നിൽക്കട്ടെ, പറഞ്ഞു വന്നത് സഭാകമ്പം. സത്യം പറയാമല്ലോ, നാലാളുടെ മുന്നിൽ നേരെ നിൽക്കാൻ എനിക്ക് പേടിയാണ്. മുട്ടിടിക...

സഹവാസം

ഞാൻ കൂടുതലും ജീവിക്കുന്നത് ഇന്നിലല്ല. ഇന്നലെകളിൽ ആണ്. മണ്മറഞ്ഞു പോയ കുറേ ആളുകളുടെ, നടന്ന വഴികളുടെ, കുറെയേറെ നല്ല നിമിഷങ്ങളുടെ, ഒരു കുട്ടിക്കാലത്തിൻ്റെ ഓർമകളുടെ കൂടെ ആണ് ഞാൻ, ഏറെക്കുറെ എപ്പോഴും. ഒരു നിമിഷം പോലും നഷ്ട്ടപ്പെട്ടുകൂടാ എന്ന തോന്നലിൻ്റെ ഓട്ടപ്പാച്ചിൽ, സ്വന്തം കാര്യം എന്ന സ്വാർത്ഥ താൽപ്പര്യം അല്ലാതെ മറ്റൊന്നിനുമോ, മറ്റാർക്കു വേണ്ടിയോ സമയം കണ്ടെത്താൻ കഴിയാത്ത ബഹുഭൂരിഭാഗം മനസ്സുകൾ, ഉള്ളു പൊള്ളയായ ചിരികൾ, വെള്ളം കൂടിപ്പോയ വാട്ട ചായ പോലെയായ സ്നേഹം,  ഇതൊക്കെ ഏറെയുള്ള ഇന്നിൽ, അറു പഴഞ്ചൻ ആയ ഞാൻ എങ്ങനെ നിൽക്കാൻ ആണ്? സർവ്വം സാങ്കേതികമയം ആയ ഈ കാലത്ത്, കത്തെഴുതാൻ കൊതിക്കുന്ന, ഒരു ആവശ്യമില്ലെങ്കിലും റോട്ടറി ഫോൺ തപ്പി നടക്കുന്ന, കറങ്ങുന്ന കോളാമ്പി പാട്ട് പെട്ടിയും, ടൈപ്പ് റൈറ്ററും വാങ്ങാൻ ആഗ്രഹിക്കുന്ന,  പുസ്തകങ്ങളുടെയും, അത്തറിൻ്റെയും മണത്തെ പ്രണയിക്കുന്ന, കുപ്പിവളകളെയും, കൺമഷിയെയും, കുന്നിക്കുരുക്കളെയും സ്നേഹിക്കുന്ന ഞാൻ ഒരു അധികപ്പറ്റ് ആണ്. കാലം തെറ്റി വിരിഞ്ഞ കണിക്കൊന്ന പോലെ. ചേരകളെ മത്സരിച്ചു തിന്നുന്ന ഇന്നാട്ടിൽ ഞാൻ പലപ്പോഴും കണ്ണ് മിഴിച്ചു നിന്നു പോവുന്നു. പോകെ പോകെ ഞാൻ ...