എല്ലാവർക്കും ഭാവിയെക്കുറിച്ച് അറിയാനാണ് ആഗ്രഹം. 
കാത്തിരിക്കുന്ന സമയത്തെ, പ്രതീക്ഷിക്കുന്ന നേട്ടങ്ങളെ, വരാനിരിക്കുന്ന അവസ്ഥകളെ, നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയണം.
ചില ഭയങ്ങൾ തരുന്ന ആശങ്കകളെ ചൊല്ലിയോ, അനിശ്ചിതത്വം എല്ലായ്പ്പോഴും സുഖകരമല്ലാത്തത് കൊണ്ടോ..അറിയില്ല, കൗതുകം എപ്പോഴും ഭാവിയോടാണ്. ഇന്നിൽ നിന്നുകൊണ്ട് നാളെകളെ അറിഞ്ഞാൽ മതി എല്ലാവർക്കും.

ഞാൻ നേരെ തിരിച്ചാണ് ഈ കാര്യത്തിൽ. കൂട്ടത്തിൽ ഒരുപക്ഷേ ഒറ്റ. എഴുതുന്നവർക്ക് പണ്ടെ കുറച്ച് കിറുക്കുണ്ട്. അതിൻ്റെ അളവ് കൂടിയും കുറഞ്ഞും നിൽക്കുന്നു എന്നേ ഒള്ളു. അതുകൊണ്ടും കൂടി ആവാം. എനിക്കറിയില്ല. 
എനിക്ക് കാണേണ്ടത് ഇന്നലെകളെയാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതും അതാവും. ഭൂതകാലത്തിനെ കാണാൻ ഉള്ള കണ്ണ്. 

ഞാൻ "ഓർമ്മകളുടെ സൂക്ഷിപ്പുകാരി" എഴുതി കഴിഞ്ഞ്, അതാദ്യം വായിച്ചൊരാളെന്നോട് ചോദിച്ചു, അന്യരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോട്ടം ആണോ ഉദ്ദേശിച്ചത് എന്ന്. ഞാൻ ചിരിച്ചുകൊണ്ടപ്പോൾ പറഞ്ഞു പുസ്തകം തുറന്നു വായിക്കണം എന്ന് ഞാൻ പറഞ്ഞില്ല , നിങ്ങളുടെ പുറംചട്ടകൾ കാണുമ്പോൾ ഉള്ള കൗതുകം, ഉള്ളിലെ ജീവിതത്തിൽ നിങ്ങളും നിങ്ങൾക്ക് ചുറ്റുമുള്ളവരും എന്തായിരിക്കും എങ്ങനെയായിരുന്നിരിക്കും എന്നുള്ള ജിജ്ഞാസ..അത്രയേ നിങ്ങൾക്ക് ഒപ്പം ഞാൻ സഞ്ചരിക്കുന്നുള്ളൂ, അവിടെ തീരുന്നു അതിൽ എന്ന്.  

ഒരർത്ഥത്തിൽ അത് തന്നെ ആണ് ഇവിടെയും. കഴിഞ്ഞു പോയ സംഭവങ്ങളോട്, ജീവിച്ച് ഓർമ്മകളിൽ നിന്ന് മറഞ്ഞു പോയവരോട്, കാലം മാറ്റിയെഴുതിയ ചിത്രങ്ങളോട് ആണ് എനിക്ക് കൗതുകം. ഒരു കാലിഡോസ്കോപ്പ്ലൂടെ എന്ന പോലെ എനിക്കതൊക്കെ ഒന്നുകൂടെ കാണാൻ സാധിച്ചിരുന്നെങ്കിൽ, അറിയാൻ സാധിച്ചിരുന്നെങ്കിൽ, എന്ത് രസമായിരുന്നേനെ.. കാലങ്ങൾക്കിപ്പുറം അതേ വഴികളിലൂടെ, ജീവിതങ്ങളിലൂടെ, ആ കാഴ്ചകളിലൂടെ കണ്ണോടിക്കാൻ ഉള്ള കഴിവാണെനിക്ക് വേണ്ടത്.


ഒന്നും ശാശ്വതമല്ലെന്നതും, കാലം പോലെ സത്യമായത് മാറ്റം മാത്രം ആണെന്നതും നേരിട്ട് മനസ്സിലാവുമ്പോൾ തോന്നുന്ന ഒരു അനുഭൂതിക്കോ, ആരും ഇനി ഓർക്കാത്തതിനെ എനിക്ക് കാണാൻ കഴിയുന്നു എന്നുള്ള സ്വകാര്യ സന്തോഷത്തിനോ, വെറുതെയൊരു രസത്തിനോ, അതോ നേരത്തെ പറഞ്ഞ കിറുക്ക് കൊണ്ടോ? ആവോ..എനിക്കൊരു അമാനുഷിക കഴിവ് കിട്ടുമെങ്കിൽ എനിക്ക് വേണ്ടത് അതാണ്. 


ഇന്നിൽ ജീവിച്ചിട്ടും തിരിച്ച് വരാത്ത ഇന്നലെകളെ പ്രണയിക്കുന്ന, ഇനിയില്ലെന്ന് പറയുന്നിടത്തും പ്രതീക്ഷകൾ ഉണ്ടെന്ന് വിശ്വസിക്കുന്ന, എത്ര ഉരുകിയാലും മെഴുകുതിരികൾ അവസാനം വരെ മെഴുകുതിരികളായി തന്നെ ഇരിക്കും എന്ന് വാശി പിടിക്കുന്ന, അക്ഷരങ്ങളിൽ എവിടെയൊക്കെയോ ഒളിപ്പിച്ച് മനസ്സ് പറയുന്ന എനിക്ക് ആഗ്രഹങ്ങളിലും ഒരൽപ്പം കിറുക്കാവാം, അല്ലേ?

Comments

Popular posts from this blog

അവള്‍

വിയോഗം