ഒരു ഡയറിക്കുറിപ്പ്


ഇന്ന് സുനി വന്നിരുന്നു,

അപ്രതീക്ഷിതമായി..ഓർക്കാപ്പുറത്ത് ഓടിവന്നു ചാറിപ്പോയ മഴ പോലെ. മഴ കൊള്ളാൻ വേണ്ടി കൈ നീട്ടിയപ്പോഴേക്കും തീർന്നു പോയ മഴ പോലെ ആയി ആ വരവ്.

 7 വർഷം ആയി നേരിൽ കണ്ടിട്ട്. ഒരു മെസ്സേജിലൂടെ എങ്കിലും സംസാരിച്ചിട്ട് ഒരു കൊല്ലത്തിനും മേലെ ആയി കാണണം. എങ്കിലും എപ്പോൾ കാണുമ്പോഴും, ഇടയിൽ കൊഴിഞ്ഞു പോയ സമയത്തിന്, അകൽച്ചയുടെ ഒരു തോന്നൽ പോലും ഉണ്ടാക്കാൻ സാധിക്കാറില്ല ഞങ്ങൾക്കിടയിൽ. എൻ്റെ ജീവിതത്തിൽ വളരെ വളരെ ചുരുക്കം ആളുകളെ എനിക്ക് അങ്ങനെയുള്ളു..എൻ്റേതെന്നു പറയാൻ!..അതിലൊരാളാണ് സുനി.

എറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ ഒരോരുത്തരും എന്നെ വിളിക്കുന്നത് ഓരോ പേരാണ്. സുനിക്ക് ഞാൻ എന്നും  ' സിസിക്കുട്ടി ' യായിരുന്നു. ഏട്ടൻ എന്ന് ഞാൻ ഒരിക്കലും ഉറക്കെ വിളിച്ചു കാണില്ല, മനസ്സിൽ ഒരായിരം വട്ടം പറഞ്ഞു കാണുമെങ്കിലും.  എങ്കിലും സുനിക്ക് അതറിയാമായിരുന്നു എന്നെനിക്ക് ഉറപ്പാണ്.

ജനിച്ചു വളർന്ന നാട്ടിൻപുറം വിട്ട്, പുതിയ നഗരം, ആളുകൾ, ആദ്യത്തെ ജോലി എന്നീ അങ്കലാപ്പിൽ കൈ പിടിച്ച് നടത്തിക്കാൻ മുതൽ, പഠിപ്പിക്കാൻ, ശാസിക്കാൻ, തെറ്റുകളിൽ സ്നേഹത്തോടെ തിരുത്താൻ, പരാതികൾ കേൾക്കാൻ, കരയുമ്പോൾ സാരമില്ലെന്ന് പറയാൻ, വയ്യായ്യ്കകളിൽ ഏത് പാതിരാത്രിയിലും ഓടിയെത്തി ആശുപത്രിയിൽ കൊണ്ട് പോകാൻ, കൂട്ടിരിക്കാൻ, ഇഞ്ചക്ഷൻ കൊണ്ട് വീങ്ങിയ കയ്യിൽ ഐസ് വെച്ച് ആശ്വസിപ്പിക്കാൻ, എഴുതി തുടങ്ങിയ കാലം മുതൽ ബ്ലോഗുകൾ വായിക്കാൻ, ജീവിതത്തിൽ ആദ്യമായി ഇംഗ്ലീഷ് സിനിമ കാണണം എന്ന് പറഞ്ഞപ്പോൾ അനിയത്തിക്കുട്ടിക്കാണ്, എന്ന് പറഞ്ഞ് ഒരു പെൻഡ്രൈവ് മൊത്തം ആനിമേഷൻ സിനിമ കോപ്പി ചെയ്ത് വാങ്ങി കൊണ്ടുത്തരാൻ സുനിയെക്കൊണ്ടെ ആവൂ. അക്കമിട്ട് പറഞ്ഞാൽ ഒരിക്കലും തീരാത്തത്ര, എത്രയെത്ര കാര്യങ്ങൾ, എന്തൊക്കെ സാഹചര്യങ്ങൾ..

അത്രയും സ്നേഹിച്ചവരും, അത്രക്ക് മനസ്സ് വായിച്ചവരും വേറെ ഉണ്ടോ എന്ന് സംശയമാണ്.

എൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, അമ്മയുടെ മരണം എന്ന ഏറ്റവും വലിയ സങ്കടം, വിവാഹം, മകൾ..സന്തോഷങ്ങളിലും സങ്കടങ്ങളിലും, ഉയർച്ചകളിലും താഴ്ചകളിലും, എന്നും സുനി ഉണ്ടായിരുന്നു..ഒരുമിച്ച് കൈ പിടിച്ച് കൂടെ, അല്ലെങ്കിൽ ഒരു വിളിപ്പാടകലെ..അതുമല്ലെങ്കിൽ മനസ്സിൽ...16 വർഷമായി !!

......

ഒരു മണിക്കൂർ തികച്ച് ഉണ്ടായിരുന്നോ ഇന്ന്? തോന്നുന്നില്ല.
ആ നേരമത്രയും അവർ സംസാരിക്കുന്നത് ഞാൻ നോക്കിക്കൊണ്ടിരുന്നു. ഇടക്കെന്തോ പറഞ്ഞു. ഊണ് കഴിച്ചു.
മനസ്സിൽ വല്ലാത്തൊരു ഭാരം ആയിരുന്നു..ഉള്ളിൽ ഓർമ്മകളുടെ തള്ളിച്ച കൊണ്ടോ, ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം ഒരാളെ കണ്ട സന്തോഷം കൊണ്ടോ, ജീവിതത്തിൻ്റെ ഒഴുക്കിൽ എത്ര അകലേക്ക്  പൊയ്പ്പോയി ഞങ്ങൾ എന്നുള്ള വിഷമം കൊണ്ടോ ? അറിയില്ല.. ഒരുപാട് എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിട്ടും എനിക്ക് വാക്കുകൾ ഒന്നും കിട്ടിയില്ല.

കുറച്ച് നേരത്തേക്ക് എങ്കിലും പണ്ടത്തെ ഏട്ടൻ കുട്ടിയാവാൻ കൊതി തോന്നി എനിക്ക്. ആ ഞാനും ആ സുനിയും ഇനിയൊരിക്കലും തിരിച്ചു വരാത്ത സമയമായി മാറിയോ എന്നോർത്തപ്പോൾ മനസ്സ് വിങ്ങി.

ഇറങ്ങാൻ നേരം മുഖം കൊടുക്കാതെ ഇരുന്നു. മുഖത്ത് ചിരി വരുത്തി. 'പോട്ടെ, വിളിക്കാം' എന്ന് പറഞ്ഞതിന് 'ആ പറഞ്ഞത് വെറുതെ'യാണെന്ന് തിരിച്ച് പറഞ്ഞു.

ഇനി എത്ര കൊല്ലം കഴിഞ്ഞാണ് കാണാൻ പോകുന്നതെന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് ഞാൻ കൈ വീശിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞത് കാറിൽ കയറിക്കൊണ്ടിരുന്ന സുനി കണ്ട് കാണില്ല.

ആ കണ്ണീരിലൂടെ, സുനിയെയും കൊണ്ട് കാർ ദൂരെ വളവിൽ മറയുന്നത് നോക്കി ഞാൻ നിന്നതും, സുനി അറിഞ്ഞു കാണില്ല.

'പോട്ടെ, സാരമില്ല ' എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.
വീണ്ടും കാണാനായി നമുക്ക് കാത്തിരിക്കാം..
എത്ര ദൂരെയാണെങ്കിലും മനസ്സിൽ ഉള്ള മുഖം മായാതെ, ഓർമ്മകൾ മങ്ങാതെ, വീണ്ടും കാണാനായി നമുക്ക് കാത്തിരിക്കാം..

Comments

Popular posts from this blog

അവള്‍

വിയോഗം