Posts

Showing posts from July, 2021

അഗ്നിപരീക്ഷ

ഹേ അഗ്നി, എൻ്റെ കാൽക്കീഴിൽ ചുവന്നു തുടങ്ങുന്ന കനലിൻ്റെയോ, ഫണം വിടർത്തി എന്നെ പൊതിയാൻ തുടങ്ങുന്ന നിൻ്റെ തീനാളങ്ങളുടെയോ ചൂട് ഞാനിപ്പോൾ അറിയുന്നില്ല. ഇതുവരെ ഒന്നായിരുന്ന ശരീരം വിട്ട് എൻ്റെയീ ജീവൻ പോയെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി. ധാരയായി ഒഴുകുന്ന എൻ്റെ കണ്ണുനീര് ഞാനിവിടെ ഉണ്ടെന്ന് നിനക്ക് കാട്ടിത്തരും. ആ കണ്ണുനീരിൽ നിന്ന് പക്ഷേ നീ മാറിക്കൊൾക. അത് നിന്നിൽ വീഴാതിരിക്കട്ടെ. പരീക്ഷക്കൊടുവിൽ എനിക്ക് അഗ്നിശുദ്ധിയേകാൻ വന്ന നിനക്ക്, അത് വീണാൽ പൊള്ളും.  അഗ്നിയെ പോലും പൊളിക്കാൻ എൻ്റെ ഒരു തുള്ളി കണ്ണുനീരിന് കഴിയുന്നു എങ്കിൽ നീ അറിയുക, നിന്നിലും വലിയൊരു അഗ്നിപരീക്ഷയിൽ എൻ്റെ മനസ്സ് വെന്തുരുകുകയാണെന്ന്. അത് താണ്ടി ഞാൻ വരുമെങ്കിൽ നീ കാണുക, നിൻ്റെ നാളങ്ങളുടെ പട്ടുടുത് നിൽക്കുന്ന,  ഇനിയൊന്നിനും തൊടാൻ ആവാത്ത എന്നിലെ തെളിഞ്ഞ ജീവാഗ്നിയെ, വിശുദ്ധി നേടിയ ഈ മനസ്സിനെ, നിന്നെത്തന്നെ.