Posts

Showing posts from 2020

സൗപര്‍‌ണ്ണികാമൃതം

യാത്രകള്‍ എന്നും ഒരു ഉണര്‍‌വ്വാണു തരിക. ശരീരത്തിനേക്കാള്‍ ഏറെ, ദിനചര്യകളുടെ മടുപ്പിക്കുന്ന വിരസത എന്ന കൂട്ടില്പ്പെട്ട മനസ്സിനു അതൊരു ആശ്വാസത്തിലേക്കുള്ള തുറന്നു വിടല്‍ ആണു. വ്യത്യസ്ത കാഴ്ച്ചകള്‍ സമ്മാനിക്കുന്ന കൗതുകം കൊണ്ട്, അപരിചിതങ്ങളായ ഒരുപാട് മുഖങ്ങളിലെ പുതുമ കൊണ്ട്, സംസ്ക്കാരങ്ങളുടെ ആശ്ചര്യമുളവാക്കുന്ന വൈവിധ്യം കൊണ്ട്.. അങ്ങനെ പല കാരണങ്ങളാണു സമയത്തിന്റെ ഒരുപാട് ഏടുകള്ക്കിപ്പുറവും ചില യാത്രകളെ മനസ്സില്‍ മായാതെ നിര്ത്തുന്നത്.വര്ഷങ്ങള്ക്ക് മുന്പ് നടന്ന അത്തരത്തില്‍ ഒന്നിന്റെ ഓര്മ്മകളാണിനി.. പതിവിനു വിപരീതമായി അത്തവണ കേരളത്തിനപ്പുറത്തേക്ക് എങ്ങോട്ടെങ്കിലും പോകാം എന്ന ആശയം ചിന്തകളെ കൊണ്ടെത്തിച്ചത് മൂകാംബികയില്‍ ആണ്. കുടുംബസമേതം ആയതുകൊണ്ട് ദൂരം ഒരു പ്രശ്നമായിരുന്നില്ല. ലക്ഷ്യം കൊല്ലൂരും കുടജാദ്രിയും ആയതുകൊണ്ടാവാം, ഒരു ഭക്തിയുടെ പരിവേഷം. തീര്‍ത്തും ഒരു തീര്ഥാടനത്തിന്റെ ഛായ അതിനു വരാതിരിക്കാന് ബസ്സില്‍ പോകാം എന്ന് തീരുമാനിച്ചു. ഗുരുവായരില്‍ നിന്ന് മൂകാംബികക്ക് രാത്രി ബസ് സര്‍‌വീസ് ഉണ്ട്. നേരം പുലരുമ്പോള്‍ അങ്ങെത്താം. പിന്നെ ഒരു ദിവസം മൂകാംബികയില്‍, പിറ്റേന്ന് കുടജാദ്രിക്ക്,നാലാംനാള്‍ ത

മീശക്കാരി (cont..3)

ബ്ലീച്ചിങ് ക്രീം മുഴുവനും ഞാൻ എന്റെ മൂക്കിന് താഴെ, ഒരു തരി കളയാതെ തേച്ചു. ഇനി കുറഞ്ഞു പോയതുകൊണ്ട് ഒരു പ്രശ്നം വേണ്ട. എന്നിട്ട് ഞാൻ സമയം എണ്ണാൻ തുടങ്ങി. 5 മിനിറ്റായപ്പോ ഒരു സംശയം - മതിയോ? അതോ ഇനിയും വെക്കണോ? ഒരു ആവേശത്തിന് കഴുകിക്കളഞ്ഞാൽ എങ്ങാനും ആയിട്ടില്ലെങ്കിൽ കാശ് പോവും. പോണെങ്കിൽ പോട്ടെ എന്ന് വെക്കാൻ ഞാൻ ഒരു പോക്കറ്റുമണി പണക്കാരി അല്ലതാനും. 10 മിനിറ്റായി, 15 മിനിറ്റായി.. എന്റെ നെഞ്ചിടിപ്പ് കൂടി. ഇനി എന്തായാലും കഴുകാം. കഴുകി കണ്ണാടിയിൽ നോക്കിയ ഞാൻ പിന്നെയും ഞെട്ടിക്കാണുമെന്ന് നിങ്ങൾ ഇതിനകം ഊഹിച്ചു കാണും. കറുത്ത മീശ ഉണ്ടായിരുന്ന ഞാൻ, വിളറിയ മഞ്ഞ മീശക്കാരിയായി. FEM നെ എന്റെ ആജന്മ ശത്രുവായി ഞാൻ പ്രഖ്യാപിച്ചു. ചതിച്ചു കളഞ്ഞല്ലോ! പിന്നെയും നാണക്കേടിന്റെ വാരാഘോഷം! എന്നാലും അതുകൊണ്ടു ഒരു ഗുണമുണ്ടായി. എനിക്ക് ധൈര്യമായി. പണ്ട് നാണം കെട്ടതിനേക്കാൾ കൂടുതൽ ഇനി നാണംകെടാനില്ലെന്നുള്ളതുകൊണ്ടു ഞാൻ ബ്ലീച്ചിങ് നിർബാധം തുടരാൻ തീരുമാനിച്ചു.പതുക്കെ സമയത്തിന്റെ കണക്കു എനിക്ക് പിടികിട്ടിത്തുടങ്ങി. എന്റെ മീശ ഗോൾഡൻ ആയി. എന്നാലും അന്നൊക്കെ 'നീ ബ്ലീച് ചെയ്തതല്ലേ' എന്ന് ഞാൻ നാലാളെക്കൊണ്ട് പറയിപ്പി

മീശക്കാരി (cont..2)

സ്കൂളിൽ പോവാതിരിക്കാൻ ഒരു വഴിയും എന്റെ ബുദ്ധിയിൽ ഉദിച്ചില്ല. ഒരു മുസ്ലിമായി എന്നെ ജനിപ്പിക്കാത്തതിൽ എനിക്ക് ദൈവത്തിനോട് ദേഷ്യം തോന്നി. എന്നാൽ ഒരു പർദ്ദ ഇട്ടെങ്കിലും സ്കൂളിൽ പോവാമായിരുന്നു. അങ്ങനെ എങ്കിലും മുഖം വെളിയിൽ കാണിക്കാതെ ഇരിക്കാമായിരുന്നു. അല്ല, വെളുക്കാൻ തേച്ചത് പാണ്ടായതിനു ദൈവം എന്ത് പിഴച്ചു. 'താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ'. പഴഞ്ചൊല്ലുകൾ വരിവരിയായി എന്നെ നോക്കി പല്ലിളിക്കുന്നു, ദൈവമേ, എന്തൊരു വിധി! എന്തിനേറെ പറയുന്നു, അപകർഷതാബോധത്തിന്റെ കൂടെ നാണക്കേടും ബാഗിലാക്കി ഞാൻ തിങ്കളാഴ്ച സ്കൂളിൽ പോയി. കുട്ടികളിൽ ചിലർ എന്റെ മുഖം കണ്ടു ഇതെന്തു കോലം എന്ന് അന്ധാളിച്ചു. ചിലർ പിറുപിറുത്തു. എന്തോ പറ്റിയെന്നല്ലാതെ എന്താണ് പറ്റിയതെന്ന് ചിലർക്ക് മനസ്സിലായതുമില്ല. ഞാൻ വാ തുറന്നില്ല. പരമാവധി മുഖം കൊടുക്കാതെ നോക്കി. പക്ഷെ എവിടെ നടക്കാൻ? കാറ്റൂതിയാൽ പനി വരുന്ന എനിക്ക് ആ ആഴ്ച ഒരു ജലദോഷം പോലും വന്നില്ല. പനി ചതിച്ചെങ്കിലും മീശ എന്നെ ചതിച്ചില്ല. തിരികെ വരിക തന്നെ ചെയ്തു. ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ, കളിയാക്കലുകൾ ആണ് ഭേദം എന്ന് തീരുമാനിച്ച കുറെയേറെ

മീശക്കാരി

പണ്ട് Infy ബ്ലോഗ്‌സിൽ എഴുതിക്കൊണ്ടിരുന്ന കാലത്ത് , ഇന്നത്തെ ഒരു എക്സ്-സുഹൃത്ത് ഒരിക്കൽ പറഞ്ഞു, ' നീ എപ്പോഴും വായിക്കുന്നവരെ ഒരു കയ്യകലത്തിൽ നിർത്തുന്നു. നീ നിന്നെപ്പറ്റി എഴുതാത്തത് എന്താണ് ' എന്ന്. സുഹൃത്തേ , ആ പരാതി , നീ വായിക്കാനിടയില്ലെങ്കിലും ഞാനിന്നു തീർക്കുന്നു. ഇത് നൂറു ശതമാനം എന്നെപ്പറ്റി മാത്രമാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ, ഒരു കുന്നു മണൽത്തരികളോളം സൗഹൃദങ്ങൾ നമുക്കൊപ്പമുണ്ടാവും. എന്നാൽ കാലത്തിന്റെ ഒഴുക്കിൽ ആ മണൽത്തരികളൊക്കെ നമ്മെ വിട്ടു പോവുന്നു. ബാക്കിയാവുന്നത്, സ്വർണ്ണത്തരികൾ പോലെ, വളരെ.. വളരെ കുറച്ചു ആത്മാർത്ഥ സൗഹൃദങ്ങളാണ്. സുഹൃത്തേ, നീയൊരു മണൽത്തരിയായിപ്പോയി. എന്നാലും നീ പറഞ്ഞത് എനിക്കിന്നുമോർമ്മയുണ്ട്. നമ്മൾ ഒരിക്കലും ഒരാളെയും കളിയാക്കരുത്. ഈയൊരു കളിയാക്കൽ ഒരുപാട് എറ്റുവാങ്ങേണ്ടി വന്ന എന്റെ അനുഭവത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് തരുന്ന ഉപദേശമാണത്. കാരണം, നിങ്ങളത് ചെയ്താൽ, വർഷങ്ങൾക്ക് ശേഷം അവരുടെ ഓർമകളിൽ നിങ്ങളവർക്കൊരു മുള്ള് മാത്രമാവും. കുത്തിനോവിച്ച വേദന കൊണ്ട് മാത്രം ഓർമ്മിക്കപ്പെടുന്ന ഒരു മുള്ള്. ആണിന് മൂക്കിന് താഴെ രോമം വളർന്നാൽ അഭിമാനവും, ഹോർമോണിന്റെയോ ജ

കണ്ണുനീരിന്റെ മാലാഖ

Image
ദൈവത്തിന്റെ മാലാഖമാരിൽ പണ്ട് ഒരു കൊച്ചു മാലാഖയുണ്ടായിരുന്നു. ബാക്കിയുള്ളവരേക്കാൾ ഉയരം കുറഞ്ഞ, അത്രത്തോളം ഭംഗിയില്ലാത്ത ഒരു മാലാഖ. ദൈവം സന്തോഷത്തോടെ സൃഷ്‌ടിച്ച മാലാഖമാരിൽ താൻ മാത്രം ഇങ്ങനെ ആയിപ്പോയതെന്തെന്നു കൊച്ചു മാലാഖ പലവട്ടം ആലോചിച്ചു. തന്നെ മാത്രം വ്യത്യസ്തനായി സൃഷ്ടിച്ചതെന്തെന്ന് ആലോചിച്ചു സങ്കടപ്പെട്ടതല്ലാതെ, ദൈവത്തിനോട് പോയി ചോദിയ്ക്കാൻ അവൻ മടിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം മാലാഖമാരെയെല്ലാം അടുത്ത് വിളിച്ചു. തന്റെ ജോലിയുടെ ഒരു പങ്കു അവർക്കെല്ലാം വീതിച്ചു കൊടുക്കാൻ ദൈവം തീരുമാനിച്ചിരുന്നു. ഓരോരുത്തരെയും അടുത്ത് വിളിച്ചു ദൈവം ഓരോ കർമ്മങ്ങൾ ഏൽപ്പിച്ചു. ഓരോരുത്തരുടെയും ഊഴം കഴിഞ്ഞുകൊണ്ടിരുന്നു. കൊച്ചു മാലാഖയെ മാത്രം ദൈവം വിളിച്ചില്ല. തന്നോട് ദൈവത്തിനു സ്‌നേഹമില്ലേ എന്ന് പണ്ടേ സംശയമുണ്ടായിരുന്ന കൊച്ചു മാലാഖക്ക് ഇപ്പോൾ അതേതാണ്ടുറപ്പായി. അവൻ അക്ഷമനായി ദൈവത്തിന്റെ വിളിക്കായി കാത്തിരുന്നു. എറ്റവുമൊടുവിൽ ദൈവം അവനെ വിളിച്ചു. അപ്പോഴേക്കും, ഏൽപ്പിച്ച ജോലികൾ സന്തോഷത്തോടെ എറ്റുവാങ്ങിക്കൊണ്ടു ബാക്കിയെല്ലാവരും പിരിഞ്ഞു പോയിരുന്നു. കൊച്ചു മാലാഖയെ അടുത്ത് വിളിച്ചു ദൈവം ഒരു കറുത്ത സഞ്ചി