മീശക്കാരി (cont..2)

സ്കൂളിൽ പോവാതിരിക്കാൻ ഒരു വഴിയും എന്റെ ബുദ്ധിയിൽ ഉദിച്ചില്ല. ഒരു മുസ്ലിമായി എന്നെ ജനിപ്പിക്കാത്തതിൽ എനിക്ക് ദൈവത്തിനോട് ദേഷ്യം തോന്നി. എന്നാൽ ഒരു പർദ്ദ ഇട്ടെങ്കിലും സ്കൂളിൽ പോവാമായിരുന്നു. അങ്ങനെ എങ്കിലും മുഖം വെളിയിൽ കാണിക്കാതെ ഇരിക്കാമായിരുന്നു.
അല്ല, വെളുക്കാൻ തേച്ചത് പാണ്ടായതിനു ദൈവം എന്ത് പിഴച്ചു.
'താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ'. പഴഞ്ചൊല്ലുകൾ വരിവരിയായി എന്നെ നോക്കി പല്ലിളിക്കുന്നു, ദൈവമേ, എന്തൊരു വിധി!

എന്തിനേറെ പറയുന്നു, അപകർഷതാബോധത്തിന്റെ കൂടെ നാണക്കേടും ബാഗിലാക്കി ഞാൻ തിങ്കളാഴ്ച സ്കൂളിൽ പോയി. കുട്ടികളിൽ ചിലർ എന്റെ മുഖം കണ്ടു ഇതെന്തു കോലം എന്ന് അന്ധാളിച്ചു. ചിലർ പിറുപിറുത്തു. എന്തോ പറ്റിയെന്നല്ലാതെ എന്താണ് പറ്റിയതെന്ന് ചിലർക്ക് മനസ്സിലായതുമില്ല. ഞാൻ വാ തുറന്നില്ല. പരമാവധി മുഖം കൊടുക്കാതെ നോക്കി. പക്ഷെ എവിടെ നടക്കാൻ?
കാറ്റൂതിയാൽ പനി വരുന്ന എനിക്ക് ആ ആഴ്ച ഒരു ജലദോഷം പോലും വന്നില്ല. പനി ചതിച്ചെങ്കിലും മീശ എന്നെ ചതിച്ചില്ല. തിരികെ വരിക തന്നെ ചെയ്തു.

ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ, കളിയാക്കലുകൾ ആണ് ഭേദം എന്ന് തീരുമാനിച്ച കുറെയേറെ നാളുകൾ കടന്നുപോയി. ഞാൻ പ്ലസ്‌ടുവിലെത്തി. കളയാൻ നോക്കി വെട്ടിലായത് കൊണ്ട് , ഇനി മറയ്ക്കാൻ നോക്കാം എന്ന് ഞാൻ തീരുമാനിച്ചു.

ഇതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. അന്യനാട്ടിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് ഞാൻ കുടുംബസമേതം ഒരു ട്രിപ്പ് പോയി.ഞാൻ പാർലർ ഇന്റെ പടികടന്നു. ആദ്യമായി ത്രെഡിങ്ങും വാക്സിങ്ങും ചെയ്തു. അപ്പർ ലിപ് ത്രെഡിങ് എന്ന ഭീകരമായ സംഭവത്തിന് ഞാൻ മനസ്സില്ലാമനസ്സോടെ ഇരുന്നു കൊടുത്തു.

'മോളെ, നന്നായിട്ടുണ്ട്. ആ മീശ പോയപ്പോ തന്നെ ഒരു ഭംഗി വന്നു' എന്ന ചെറിയമ്മയുടെ ഒറ്റ ഡയലോഗിൽ മൂക്കിന് താഴെയുള്ള നീറ്റൽ ഞാൻ മറന്നു. പക്ഷെ എനിക്ക് തോന്നിയത് സന്തോഷമല്ല, മറിച്ചു 'മുഖത്ത് നോക്കി കളിയാക്കിയവർ മാത്രമല്ല, പറയാതെ ഉള്ളിൽ പറഞ്ഞവരും എനിക്ക് ചുറ്റുമുണ്ടല്ലോ എന്ന ബോധ്യമാണ്.
നാട്ടിൽ പാര്ലറിൽ പോവാൻ വകുപ്പില്ലാത്തതു കൊണ്ട് പിന്നെയതെന്തായാലും നടന്നില്ല.

അങ്ങനെയിരിക്കെ ബ്ലീച്ചിങ് പിന്നെയും തലപൊക്കി. മീശ മറയ്ക്കാൻ ഉള്ള എന്റെ അടുത്ത മാരക ഐഡിയ!.

ഇത്തവണയും കൂട്ട് FEM തന്നെ. നുള്ളിപ്പെറുക്കിയെടുത്ത പോക്കറ്റ് മണിയിൽ നിന്ന് ഞാൻ അത് വാങ്ങി. അന്നൊക്കെ ബ്ലീച് ക്രീം വേറെ, റിയാക്റ്റിംഗ് ഏജന്റ് വേറെ എന്നപോലെ വെവ്വേറെ ചെറു കുപ്പികളിൽ ആണ് വന്നിരുന്നത്. പാക്കറ്റിനു പുറത്തു എഴുതി വച്ചിട്ടുണ്ടെങ്കിലും, മുഴുവനും ചേർക്കേണ്ടതില്ല. കൃത്യമായി ആവശ്യാനുസ്സരണം ചേർക്കാനൊക്കെ ഞാൻ പിന്നീടാണ് പഠിച്ചത്.
ഇതിനേക്കാൾ ഒക്കെ ഉപരി കൃത്യം എത്ര സമയത്തിനുള്ളിൽ കഴുകിക്കളയണം എന്നറിയണം. പണി കിട്ടുന്നത് അവിടെയാണ്.

പാര്ലറുകളിൽ ഫേഷ്യലിനൊപ്പം ഇത് സർവ്വസാധാരണമാണെങ്കിലും ഞാൻ ഈ വീരസാഹസം ഒറ്റക്കാണല്ലോ ചെയ്യാൻ പോവുന്നത്. ഇന്നാണെങ്കിൽ എങ്ങനെ തുമ്മണമെന്നു പോലും ഗൂഗിളിൽ തപ്പിയാൽ കിട്ടും. അന്നെനിക്കതിനു ഒരു വകുപ്പും ഇല്ല.സ്വന്തമായി ഒരു ഫോൺ വാങ്ങുന്നതുതന്നെ ജോലി കിട്ടിയതിനു ശേഷമാണ്. കമ്പ്യൂട്ടർ വീട്ടിലൊട്ട് ഉണ്ടായിരുന്നുമില്ല.

ഐഡിയ വിടുന്ന പ്രശ്‌നമില്ല. സാധനം വാങ്ങിച്ചും പോയി. മൂക്കിൽക്കുത്തുന്ന മണം കളിയാക്കലുകളേക്കാൾ ഭേദമാണെന്ന് സ്വയം പറഞ്ഞുകൊണ്ട് ബ്ലീച് ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു.

[തുടരും..]

Comments

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്