മീശക്കാരി

പണ്ട് Infy ബ്ലോഗ്‌സിൽ എഴുതിക്കൊണ്ടിരുന്ന കാലത്ത് , ഇന്നത്തെ ഒരു എക്സ്-സുഹൃത്ത് ഒരിക്കൽ പറഞ്ഞു, ' നീ എപ്പോഴും വായിക്കുന്നവരെ ഒരു കയ്യകലത്തിൽ നിർത്തുന്നു. നീ നിന്നെപ്പറ്റി എഴുതാത്തത് എന്താണ് ' എന്ന്. സുഹൃത്തേ , ആ പരാതി , നീ വായിക്കാനിടയില്ലെങ്കിലും ഞാനിന്നു തീർക്കുന്നു. ഇത് നൂറു ശതമാനം എന്നെപ്പറ്റി മാത്രമാണ്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ, ഒരു കുന്നു മണൽത്തരികളോളം സൗഹൃദങ്ങൾ നമുക്കൊപ്പമുണ്ടാവും. എന്നാൽ കാലത്തിന്റെ ഒഴുക്കിൽ ആ മണൽത്തരികളൊക്കെ നമ്മെ വിട്ടു പോവുന്നു. ബാക്കിയാവുന്നത്, സ്വർണ്ണത്തരികൾ പോലെ, വളരെ.. വളരെ കുറച്ചു ആത്മാർത്ഥ സൗഹൃദങ്ങളാണ്.
സുഹൃത്തേ, നീയൊരു മണൽത്തരിയായിപ്പോയി. എന്നാലും നീ പറഞ്ഞത് എനിക്കിന്നുമോർമ്മയുണ്ട്.

നമ്മൾ ഒരിക്കലും ഒരാളെയും കളിയാക്കരുത്. ഈയൊരു കളിയാക്കൽ ഒരുപാട് എറ്റുവാങ്ങേണ്ടി വന്ന എന്റെ അനുഭവത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് തരുന്ന ഉപദേശമാണത്. കാരണം, നിങ്ങളത് ചെയ്താൽ, വർഷങ്ങൾക്ക് ശേഷം അവരുടെ ഓർമകളിൽ നിങ്ങളവർക്കൊരു മുള്ള് മാത്രമാവും. കുത്തിനോവിച്ച വേദന കൊണ്ട് മാത്രം ഓർമ്മിക്കപ്പെടുന്ന ഒരു മുള്ള്.

ആണിന് മൂക്കിന് താഴെ രോമം വളർന്നാൽ അഭിമാനവും, ഹോർമോണിന്റെയോ ജനറ്റിക്സിന്റെയോ കുറ്റം കൊണ്ട് അത് പെണ്ണിന് വന്നാൽ കളിയാക്കപ്പെടേണ്ട ഒരു വസ്തുതയും ആണെന്ന് നിങ്ങൾ എവിടെ നിന്നാണ് പഠിച്ചത്? ഹാ, കഷ്ടം തന്നെ ചിന്താഗതികൾ. അത് പോട്ടെ. കഥ തുടരാം.

അമ്മയിൽ നിന്ന് എനിക്ക് കിട്ടിയതിൽ എനിക്കേറ്റവും ഇഷ്ടമില്ലാതിരുന്ന കാര്യമായിരുന്നു ഈ നനുത്ത മീശ. കാണാൻ എന്നെക്കാളും ഇരുണ്ടിട്ടായതു കൊണ്ട് അമ്മക്കൊരിക്കലും അതൊരു അഭംഗി ആയിരുന്നില്ല. ഹൈസ്കൂൾ എത്തുന്നതുവരെ കളിയാക്കലുകളുടെയും സങ്കടപ്പെടലിന്റെയും ഇട്ടാവട്ടത്തിൽ ഒതുങ്ങി നിന്നു, എന്റെ അപകർഷതാബോധം. സൗന്ദര്യസങ്കല്പം നമുക്കൊരു പ്രശ്നമാവുന്നത് അല്ലെങ്കിലും അത് കഴിഞ്ഞാണല്ലോ.
നാട്ടിൻപുറത്തുകാരിയായ, ബ്യൂട്ടി പാർലർ ആ പ്രായത്തിൽ കണികണ്ടിട്ടുപോലുമില്ലാത്ത എനിക്ക്, കരയാനല്ലാതെ എന്തുചെയ്യണം എന്നറിയില്ലായിരുന്നു. ഇത് കണ്ടു പാവം അമ്മ പറയുമായിരുന്നു,' ഇത് കളയാൻ എന്തെങ്കിലുമൊരു വഴിയുണ്ടായിരുന്നെങ്കിൽ , എത്ര കാശ് ചിലവാക്കിയാണെങ്കിലും അമ്മ ചെയ്തുതരും' എന്ന്. ലേസർ treatment എന്നൊന്നും അമ്മ അന്ന് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.

പത്രത്തിലോ വനിതയിലോ 'അനാവശ്യ രോമവളർച്ചക്ക് electolysis ' എന്ന പരസ്യം കാണുമ്പോൾ എനിക്കമ്മയോട് പറയണം എന്ന് തോന്നിയിട്ടുണ്ട്, പലതവണ. ശ്ശെടാ, പേര് കേൾക്കുമ്പോൾ തന്നെ പേടിയാവുന്ന ഒന്ന്, ചെയ്യണം എന്ന് പറയാൻ പോലും ഞാൻ പേടിച്ചു.
അങ്ങനെ എന്റെ ഹൈസ്കൂൾ സമയത്തു, അതി ഗംഭീരമായ ഒരു ഐഡിയ എനിക്ക് തോന്നി. ഹെയർ റിമൂവിങ് ക്രീമുകൾ പ്രചാരത്തിലുള്ള സമയമായിരുന്നു അത്. Fem തന്നെ ശരണം. ഞാൻ എന്റെ മീശ അതുവെച്ചു കളയാൻ തീരുമാനിച്ചു. ഹെയർ റിമൂവിങ് ക്രീമുകൾ കെമിക്കലുകൾ കലക്കിയെടുത്തതാണ്. അത് ചർമ്മത്തിൽ, പ്രത്യേകിച്ച് മുഖത്തു ഇടാമോ എന്നൊന്നും ചിന്തിക്കാൻ ഉള്ള വിവരം എനിക്കുണ്ടായിരുന്നില്ല. എന്റെ ജീവിതപ്രശ്നത്തിനുള്ള പരിഹാരം മാത്രമായിരുന്നു മുന്നിൽ.

ക്ലീൻ ഷേവ് ചെയ്യുന്ന ആണുങ്ങളുടെ മുഖം അതുചെയ്ത ദിവസം എത്രത്തോളം ബോറാണോ അതിനേക്കാൾ ബോറാണ് മുഖത്ത് ഹെയർ റിമൂവിങ് ക്രീം ഉപയോഗിച്ചാൽ. ചെയ്തു കഴിഞ്ഞാലല്ലാതെ അബദ്ധങ്ങളൊന്നും നമുക്ക് മുൻകൂട്ടി കാണാനാവില്ലല്ലോ. എന്നാൽ എത്ര നന്നായേനെ.

ചാരമിട്ടു തേച്ച അലൂമിനിയം കലം പോലുള്ള എന്റെ മുഖം കണ്ട്, ആ നിമിഷം ഭൂമി രണ്ടായിപ്പിളർന്നു എന്നെയും കൊണ്ട് പോയെങ്കിലെന്നു ഞാൻ അതിയായി ആഗ്രഹിച്ചു. അന്നൊരു ഞായറാഴ്ചയായിരുന്നു. തിങ്കളാഴ്ച സ്കൂളിൽ പോവണമല്ലോ എന്ന് എന്റെ മനസ്സിൽ അപ്പോൾ വെള്ളിടി വെട്ടി.

ഇതിലും ഭേദം മീശയായിരുന്നു എന്നോർത്തു, ഇത് ഞാൻ സ്വപ്നം കാണുന്നതായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു ഞാൻ കരഞ്ഞു പോയി. എനിക്ക് ചിക്കൻ പോക്സ് ഇന്നുതന്നെ വരണേ എന്ന് ഞാൻ ആദ്യമായും അവസാനമായും പ്രാർഥിച്ചത് അന്നാണ്. എങ്കിൽ പിന്നെ ഒരു മൂന്നാഴ്ച സ്കൂളിൽ പോവണ്ടല്ലോ. അതിനുള്ളിൽ പോയ മീശ തിരിച്ചു വരികയും ചെയ്യും. ഹും, മൂന്നാഴ്ച പോയിട്ട് ഒരാഴ്ച എങ്കിലും സ്കൂളിൽ പോവാതിരിക്കാൻ എന്താണ് വഴിയെന്ന് ഞാൻ തലപുകഞ്ഞാലോചിച്ചു.

[തുടരും..]


Comments

  1. കൊള്ളാം.. ഇനിയും എഴുതൂ.

    ReplyDelete
  2. നല്ല ഭാഷ , അടുത്ത ഭാഗം പോരട്ടെ

    ReplyDelete
  3. ആഹാ, ഇവിടെ ഉണ്ടായിരുന്നോ? ..😊നന്ദി..അടുത്ത ഭാഗം fb il രണ്ടു ദിവസത്തിനകം വരും..

    ReplyDelete
  4. Do keep writing. Kudos! !

    Love

    Sheeha Nair

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്