മീശക്കാരി (cont..3)

ബ്ലീച്ചിങ് ക്രീം മുഴുവനും ഞാൻ എന്റെ മൂക്കിന് താഴെ, ഒരു തരി കളയാതെ തേച്ചു. ഇനി കുറഞ്ഞു പോയതുകൊണ്ട് ഒരു പ്രശ്നം വേണ്ട. എന്നിട്ട് ഞാൻ സമയം എണ്ണാൻ തുടങ്ങി.

5 മിനിറ്റായപ്പോ ഒരു സംശയം - മതിയോ? അതോ ഇനിയും വെക്കണോ? ഒരു ആവേശത്തിന് കഴുകിക്കളഞ്ഞാൽ എങ്ങാനും ആയിട്ടില്ലെങ്കിൽ കാശ് പോവും. പോണെങ്കിൽ പോട്ടെ എന്ന് വെക്കാൻ ഞാൻ ഒരു പോക്കറ്റുമണി പണക്കാരി അല്ലതാനും.

10 മിനിറ്റായി, 15 മിനിറ്റായി.. എന്റെ നെഞ്ചിടിപ്പ് കൂടി. ഇനി എന്തായാലും കഴുകാം.
കഴുകി കണ്ണാടിയിൽ നോക്കിയ ഞാൻ പിന്നെയും ഞെട്ടിക്കാണുമെന്ന് നിങ്ങൾ ഇതിനകം ഊഹിച്ചു കാണും. കറുത്ത മീശ ഉണ്ടായിരുന്ന ഞാൻ, വിളറിയ മഞ്ഞ മീശക്കാരിയായി. FEM നെ എന്റെ ആജന്മ ശത്രുവായി ഞാൻ പ്രഖ്യാപിച്ചു. ചതിച്ചു കളഞ്ഞല്ലോ!

പിന്നെയും നാണക്കേടിന്റെ വാരാഘോഷം!

എന്നാലും അതുകൊണ്ടു ഒരു ഗുണമുണ്ടായി. എനിക്ക് ധൈര്യമായി. പണ്ട് നാണം കെട്ടതിനേക്കാൾ കൂടുതൽ ഇനി നാണംകെടാനില്ലെന്നുള്ളതുകൊണ്ടു ഞാൻ ബ്ലീച്ചിങ് നിർബാധം തുടരാൻ തീരുമാനിച്ചു.പതുക്കെ സമയത്തിന്റെ കണക്കു എനിക്ക് പിടികിട്ടിത്തുടങ്ങി. എന്റെ മീശ ഗോൾഡൻ ആയി. എന്നാലും അന്നൊക്കെ 'നീ ബ്ലീച് ചെയ്തതല്ലേ' എന്ന് ഞാൻ നാലാളെക്കൊണ്ട് പറയിപ്പിച്ചു.
എങ്കിലും ഞാൻ കുലുങ്ങിയില്ല. FEM നെ വിട്ട് ഞാൻ VLCC OxyBleach ലേക്ക് പുരോഗമിച്ചു.

എന്റെ ഗ്രാജുവേഷൻ കഴിഞ്ഞു. പോസ്റ്റ് ഗ്രാജുവേഷന് ഞാൻ എറണാകുളത്തു കോളേജിൽ പഠിക്കുന്ന കാലം. ചില വിരുതന്മാരും വിരുതത്തികളും എന്നിട്ടും എന്നെ വിട്ടില്ല. 'ഓ മീശക്കാരി'..'മീശയുണ്ടല്ലേ' ...'ബ്ലീച് ചെയ്തോ മുഖത്തു?' തുടങ്ങി സ്ഥിരം കേട്ട് മടുത്ത പല്ലവികൾ പിന്നെയും. അത് കേൾക്കുമ്പോൾ ഒക്കെ സത്യത്തിൽ ഉള്ളു വിങ്ങി. പുറത്തു 'ഇതൊക്കെ എനിക്ക് പുല്ലാ'ണെന്ന് ഞാൻ അഭിനയിച്ചു.

പക്ഷെ ഒരിക്കൽ, ഒരു ക്ലാസ്സ്‌മേറ്റ് (വീണ്ടും ഒരു എക്സ്-സുഹൃത്ത്) എന്നെ കളിയാക്കി. ചീട്ടുകൊട്ടാരം തകർന്നു. എനിക്ക് പിടിവിട്ടുപോയി. കരഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സിൽ നിന്നുമോടി.

ഇന്നത് ആലോചിക്കുമ്പോ ചിരിക്കാൻ ഉള്ള വകയാണെങ്കിലും എനിക്ക് സഹതാപമാണ് തോന്നാറ്. എന്നോട് തന്നെ. ആ കുട്ടി ഞാൻ മാത്രമല്ല എന്നെനിക്കറിയാം.

കാലം കടന്നുപോയി.

എനിക്ക് ജോലി കിട്ടി, ഞാൻ തിരുവനന്തപുരത്തുകാരിയായി. സ്വന്തം കാലിൽ നിൽക്കാമെന്നായി. ലോകം ചെറുതല്ലെന്നു മനസ്സിലായി.
എന്റെ എറ്റവും വലിയെ പ്രശ്നത്തെ, എന്റെ അമ്മയുടെ ഒരു വലിയ സങ്കടത്തെ, ഒടുവിൽ ഞാൻ കരിച്ചുകളഞ്ഞു!. അത് കാണാൻ അമ്മ ഉണ്ടായിരുന്നില്ല. പക്ഷെ എനിക്കറിയാം അമ്മ അന്ന് എറ്റവും കൂടുതൽ സന്തോഷിച്ചേനെ. കാരണം, മനസ്സിലാക്കിയത്, സാരമില്ല പോട്ടെ എന്ന് പറഞ്ഞത്, സമാധാനിപ്പിച്ചത് അമ്മ മാത്രമാണ്.

'മീശക്കാരി' എന്ന വിളി ഞാൻ എന്റെ ജീവിതത്തിൽ എത്രത്തോളം കേട്ടു എന്നതിന് കണക്കില്ല. ഇന്നിതെഴുതുമ്പോ ഒരുപാട് പേരുടെ മുഖങ്ങൾ എന്റെ കണ്മുന്പിലുണ്ട്. അവരിത് വായിക്കുന്നുമുണ്ടാവും.

എന്താണല്ലേ, ജീവിതത്തിൽ ശത്രുക്കൾക്ക് മാത്രമല്ല നമ്മളെ വേദനിപ്പിക്കാൻ സാധിക്കുക. സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും, എന്തിനു പരിചയക്കാർക്കു വരെ വെറുമൊരു തമാശകൊണ്ടത് സാധിക്കും. പറയുന്നവർക്ക് പറയുമ്പോൾ കഴിഞ്ഞു. കേൾക്കുന്നവർക്ക് പക്ഷെ അതതേ നിസ്സാരതയോടെ കാണാൻ കഴിഞ്ഞെന്ന് വരില്ല.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, പകുതി ചിരിയാണ്. എന്തൊക്കെ തത്രപ്പാടുകൾ. എല്ലാം മറ്റുള്ളവരുടെ കാഴ്ചപ്പാടിന് വേണ്ടി..എന്നെ കളിയാക്കാതിരിക്കാൻ വേണ്ടി.. കൂട്ടത്തിൽ കൂടാനായി!!

ഇതൊരു കഥയല്ലാത്തതുകൊണ്ടുതന്നെ ഒരു പഞ്ച് ഡയലോഗിൽ ഇതവസാനിപ്പിക്കാൻ എനിക്ക് പറ്റില്ല.ഒന്ന് മാത്രം പറയാം..
സങ്കടം, അതെത്ര ചെറുതായാലും സങ്കടം തന്നെയാണ്. അളവിത്തിരി കുറഞ്ഞതുകൊണ്ടു അതൊരിക്കലും സന്തോഷമാവില്ല. കളിയാക്കലുകൾ ചിലപ്പോഴൊക്കെ അതുപോലെയാണ്.

അത് പക്ഷെ മനസ്സിലാവണമെങ്കിൽ , ജോസഫ് അലക്സ് പണ്ട് പറഞ്ഞത് പോലെ, നിങ്ങൾക്ക് സെൻസ് ഉണ്ടാവണം, സെന്സിബിലിറ്റി ഉണ്ടാവണം..(പോട്ടെ മിനിമം) സെന്സിറ്റിവിറ്റി (എങ്കിലും) ഉണ്ടാവണം.. എന്റെ കാര്യത്തിൽ എന്നല്ല, ആരുടേയും!

Comments

  1. സിസിക്ക് മീശ ഉണ്ടോ എന്നൊന്നും ഓർക്കുന്നില്ല , മനസ്സ് നിറഞ്ഞ ചിരി മാത്രേ ഓർകുന്നുള്ളു 😊

    ReplyDelete
  2. Ezhuthu Nannayitund.. Keep going

    Titto Poulose..

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്