Posts

Showing posts from 2021

വിറ

ഞാൻ ആദ്യമായി വിറച്ചത് എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ്. പനിച്ചു വിറച്ചതോ, തണുത്തു വിറച്ചതോ അല്ല കേട്ടോ. പേടിച്ച് വിറച്ചത്! പാറ്റ, പല്ലി, പഴുതാര, പാമ്പ് മുതൽ പ്രേത സിനിമകൾ വരെ നാളിതുവരെ പേടിപ്പിച്ചിട്ടുണ്ട്, തകൃതിയായി പേടിപ്പിക്കുന്നുമുണ്ട്, എങ്കിലും ഇത് ആ പേടിയല്ല. സംഗതി സഭാകമ്പം ആണ്. വർഷങ്ങളായി എന്നെ അറിയുന്നവർക്ക്,  ഇതൊരു കല്ല് വെച്ച നുണയാണ് എന്നു തോന്നാം, പ്രത്യേകിച്ചും കാർമ്മൽ കോളേജിൽ എന്നോടൊപ്പം പഠിച്ചവർക്ക്. കാരണം അവിടെയുണ്ടായിരുന്ന മൂന്ന് കൊല്ലം, ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുന്നത് പോലെ, ക്ലേ മോഡലിംഗ്, കവിത രചന, കഥ എഴുത്ത്, ഡാൻസ് എന്ന് വേണ്ട, ഇലോക്ട്യൂഷൻ വരെ..എന്തിന് പാടാൻ വരെ നിങ്ങൾ എന്നെ അന്നവിടെ മുന്നിൽ കണ്ടിരിക്കാം. ഞാൻ ഒരു സംഭവം ആയത് കൊണ്ടൊന്നുമല്ല കേട്ടോ. അപാര ധൈര്യം കാണിക്കലും, തൊലിക്കട്ടിയും, ആ പ്രായത്തിൻ്റെ ആണെന്നതാണ് ഉള്ള വസ്തുത. പാട്ട് പോയിട്ട് മൂളിപ്പാട്ട് പോലും എൻ്റെ വീട്ടുകാർ അതിൽപ്പിന്നെ ഞാൻ പാടി കേട്ടിട്ടുണ്ടാവില്ല എന്നത് വേറെ കാര്യം. അതവിടെ നിൽക്കട്ടെ, പറഞ്ഞു വന്നത് സഭാകമ്പം. സത്യം പറയാമല്ലോ, നാലാളുടെ മുന്നിൽ നേരെ നിൽക്കാൻ എനിക്ക് പേടിയാണ്. മുട്ടിടിക്കൽ,

സഹവാസം

ഞാൻ കൂടുതലും ജീവിക്കുന്നത് ഇന്നിലല്ല. ഇന്നലെകളിൽ ആണ്. മണ്മറഞ്ഞു പോയ കുറേ ആളുകളുടെ, നടന്ന വഴികളുടെ, കുറെയേറെ നല്ല നിമിഷങ്ങളുടെ, ഒരു കുട്ടിക്കാലത്തിൻ്റെ ഓർമകളുടെ കൂടെ ആണ് ഞാൻ, ഏറെക്കുറെ എപ്പോഴും. ഒരു നിമിഷം പോലും നഷ്ട്ടപ്പെട്ടുകൂടാ എന്ന തോന്നലിൻ്റെ ഓട്ടപ്പാച്ചിൽ, സ്വന്തം കാര്യം എന്ന സ്വാർത്ഥ താൽപ്പര്യം അല്ലാതെ മറ്റൊന്നിനുമോ, മറ്റാർക്കു വേണ്ടിയോ സമയം കണ്ടെത്താൻ കഴിയാത്ത ബഹുഭൂരിഭാഗം മനസ്സുകൾ, ഉള്ളു പൊള്ളയായ ചിരികൾ, വെള്ളം കൂടിപ്പോയ വാട്ട ചായ പോലെയായ സ്നേഹം,  ഇതൊക്കെ ഏറെയുള്ള ഇന്നിൽ, അറു പഴഞ്ചൻ ആയ ഞാൻ എങ്ങനെ നിൽക്കാൻ ആണ്? സർവ്വം സാങ്കേതികമയം ആയ ഈ കാലത്ത്, കത്തെഴുതാൻ കൊതിക്കുന്ന, ഒരു ആവശ്യമില്ലെങ്കിലും റോട്ടറി ഫോൺ തപ്പി നടക്കുന്ന, കറങ്ങുന്ന കോളാമ്പി പാട്ട് പെട്ടിയും, ടൈപ്പ് റൈറ്ററും വാങ്ങാൻ ആഗ്രഹിക്കുന്ന,  പുസ്തകങ്ങളുടെയും, അത്തറിൻ്റെയും മണത്തെ പ്രണയിക്കുന്ന, കുപ്പിവളകളെയും, കൺമഷിയെയും, കുന്നിക്കുരുക്കളെയും സ്നേഹിക്കുന്ന ഞാൻ ഒരു അധികപ്പറ്റ് ആണ്. കാലം തെറ്റി വിരിഞ്ഞ കണിക്കൊന്ന പോലെ. ചേരകളെ മത്സരിച്ചു തിന്നുന്ന ഇന്നാട്ടിൽ ഞാൻ പലപ്പോഴും കണ്ണ് മിഴിച്ചു നിന്നു പോവുന്നു. പോകെ പോകെ ഞാൻ ചേരയാവുമോ

അമ്മയും ഞാനും

പ്രായത്തിൻ്റെ പക്വതയില്ലായ്മയിൽ ഞാൻ ഒരിക്കൽ  ഒരു വാക്ക് ഏറ്റുപറഞ്ഞു, ഞാൻ എൻ്റെ അമ്മയെ പോലെ ആവില്ലെന്ന്. എന്നാൽ ഞാൻ ഇന്നത് തിരുത്തുന്നു. ഞാൻ എൻ്റെ അമ്മ തന്നെയാണ്. അമ്മ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.  അവസ്ഥകളോട് തോറ്റില്ല.തെറ്റിനെ തെറ്റെന്ന് തന്നെ അമ്മ ഉറക്കെ പറഞ്ഞു. ശ രിയല്ലെന്ന് തോന്നുന്നതിനെ ചോദ്യം ചെയ്തു.ശരികളിൽ, ഒറ്റക്കായിട്ടും, ധൈര്യം ചോരുമ്പോഴും, അതൊന്നും പുറത്ത് കാണിക്കാതെ, അമ്മ തല ഉയർത്തി പിടിച്ച് തന്നെ നിന്നു. അഹങ്കാരി എന്നും, തൻ്റേടി എന്നും അമ്മക്ക് പേര് വീണിരിക്കാം. അമ്മ പതറിയില്ല. അല്ലെങ്കിൽ അതൊരിക്കലും പുറത്ത് കാണിച്ചില്ല. അമ്മ പിണങ്ങി, കരഞ്ഞു, വഴക്ക് കൂടി.. തീരുമാനങ്ങൾ, പറഞ്ഞ വാക്കുകൾ, വിശ്വസിച്ച മുഖങ്ങൾ..പലപ്പോഴും അമ്മക്ക് തെറ്റി, മറ്റേതൊരു മനുഷ്യനെയും പോലെ. എങ്കിലും, ഉള്ളിൽ ഒന്നും പുറമെ മറ്റൊന്നും കാട്ടി, പൊള്ളയായ മുഖം മൂടികൾ അമ്മ അണിഞ്ഞില്ല. ഒരിക്കലും ആ മനസ്സിൻ്റെ നന്മ വറ്റിയില്ല. നിർദ്ധാക്ഷിണ്യം ശാസിച്ചപ്പോഴും  അമ്മ നിർലോഭം സ്നേഹിച്ചു. ഓർമ്മകളുടെ അവസാനത്തെ കണ്ണി  മായുമ്പോഴും എൻ്റെ പേര് അമ്മ മറക്കാതെ ഓർത്ത് വെച്ചു. ഞാൻ ഒരിക്കലും അമ്മക്ക് ഒരു നല്ല മകൾ ആയിരുന്നിരിക

ഇളക്കം

"ഡേയ്, നീയീ ബാത്ത്റൂമിൻ്റെ അകത്ത് എന്തെടുക്കുകയാ? " "എന്താ? " "മണിക്കൂർ ഒന്നായല്ലോ " "ഞാൻ എഴുതാണ് " "എഴുത്വേ? " "ആ" "നീ കുളിക്കാൻ കേറിയതല്ലെ " "അതേ..പകുതി കഴിഞ്ഞു. ഇപ്പൊ ബ്രേക്ക് ആണ് " "ബ്രേക്കോ??? " "ആ ന്ന്. കുളിച്ചോണ്ട് നിന്നപ്പോ എനിക്ക് എഴുതാൻ വന്നു. ഇതിപ്പോ എഴുതി ഇല്ലെങ്കിൽ ഞാൻ മറന്നു പോവും. അതുകൊണ്ട് ഇതൊന്നു തീർക്കട്ടെ " "ഇങ്ങനെയും ഇളകുമോ ?!! " " ആ, എനിക്ക് ഇങ്ങനെയും ഇളകും.. ശ്ശെടാ, മനുഷ്യന് എഴുതാൻ പാടില്ലേ? " ***************.                                       

പരമാർത്ഥം

നിൽക്കാൻ ഉള്ളവർ നിൽക്കും..എന്ത് വന്നാലും. പോകാൻ വന്നവർ പോവുക തന്നെ ചെയ്യും, അതിനി എന്തൊക്കെ ചെയ്താലും.

ഭക്തി

Image
എന്താണ് ഭക്തി കണ്ണാ? ഓരോ തവണ നിന്നെ കണ്ണു നിറയെ കണ്ടിട്ടും മതിയായില്ലെന്ന് എൻ്റെ കണ്ണുകൾ പറയുന്നു. നിൻ്റെ നടക്കൽ പലവുരു തൊഴുതിട്ടും, എൻ്റെ കൈകൾക്ക് തൃപ്തി വരുന്നില്ല. നിൻ്റെ അമ്പലമുറ്റത്ത് എത്ര തവണ നടന്നിട്ടും, ഇനിയും എന്നു പറഞ്ഞെൻ്റെ കാലുകൾ മുന്നോട്ടായുന്നു.  എത്ര ജപിച്ചിച്ചിട്ടും മതിവരാതെ,  നിൻ്റെ നാമങ്ങൾ എൻ്റെ നാവിൻതുമ്പത്ത് തത്തിക്കളിക്കുന്നു.  ഒരു നൂറു കാര്യങ്ങളിൽ മേയുന്ന മനസ്സിലും നിൻ്റെ മുഖം മായാതെ നിൽക്കുന്നു. ഇതോ ഭക്തി? എവിടെയാണ് നീ കണ്ണാ? എനിക്കു ചുറ്റുമുള്ള ഓരോ കണികയിലും ഉണ്ടെന്ന് പറയുന്നു നീ. ഞാൻ കാണുന്ന ഓരോ ചെറു പുഞ്ചിരിയിലും ഉണ്ട് നീ. ഉള്ളു വിങ്ങുന്ന നേരത്ത് ഇനി മതി എന്ന മനസ്സിൻ്റെ തോന്നലിൽ ഇല്ലേ നീ? കണ്ണൊന്നടച്ചാൽ കൂടെയുണ്ടെന്ന വിശ്വാസത്തിലും നീ. തനിച്ചിരിക്കുമ്പോൾ കൂട്ടായി, എന്നെ തൊടുന്ന മഴയായി, കാറ്റായി, വെളിച്ചമായി..എന്തിന്, ഇരുളിൽ മനസ്സിൻ്റെ ധൈര്യമായി പോലും നീ. ഈ കയ്യൊന്ന് നീട്ടിയാൽ അതിനറ്റം ഞാൻ കാണാതെ എങ്കിലും പിടിക്കുന്നുവോ നീ? മനസ്സു മുഴുവനും നിറഞ്ഞ്, ഇനിയീ ഞാൻ തന്നെയും ആകുന്നുവോ നീ.

അൽപ്പം സ്വകാര്യം

Image
ഞാൻ ഒരു എഴുത്തുകാരി അല്ലേയല്ല. അങ്ങനെ കളിയായി പോലും പറയുന്നവരെ ഞാൻ ഉടനെ തിരുത്താറുണ്ട്. എനിക്ക് ആരോ കടം തരുന്ന വാക്കുകൾ ആണ് ഞാൻ ഇന്നുവരെ എഴുതിയിട്ടുള്ളതും, ഇപ്പോൾ എഴുതുന്നതുമായ എല്ലാം എന്ന് പറയാറാണ് പതിവ്. വായിക്കുന്നവർക്ക് വേണ്ടി മാത്രം എഴുതാതെ, പറയുന്ന കാര്യത്തിലൂന്നി എഴുതാൻ എന്നും സാധിക്കണം എന്ന ആഗ്രഹം മാത്രമേ ഇതിൽ എൻ്റെതായുള്ളു. എന്നിരുന്നാലും,  പൊന്ന് അതൊരു തരിയായാലും പൊന്നുതന്നെ എന്നുള്ളത് കൊണ്ട്, ഞാൻ എൻ്റെ എഴുത്തിനെ ഈശ്വരാനുഗ്രഹം ആയി കാണുന്നു. ഞാൻ പ്രാർത്ഥിക്കുന്ന ഭഗവാൻ്റെ മുന്നിൽ എഴുതുന്ന ഓരോന്നും മനസ്സാ സമർപ്പിക്കുന്നു. കവിതയിൽ കൈവെച്ചിട്ടുണ്ടെങ്കിലും, ഞാൻ സാധാരണ കഥകൾ ആണ് എഴുതാറ്. കണ്ടറിഞ്ഞതോ, കേട്ടറിഞ്ഞതോ, വായിച്ചറിഞ്ഞതോ അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞതോ ആയവ. അപ്പോൾ ചോദിച്ചേക്കാം, ആദ്യം പറഞ്ഞ മൂന്നും ഒരു തരത്തിൽ അനുഭവങ്ങൾ തന്നെയല്ലേ എന്ന്. അതെ. എന്നിട്ടും അത് വീണ്ടും എടുത്ത് പറഞ്ഞത് സ്വന്തം അനുഭവം എന്ന് അടിവരയിട്ട് പറയാൻ ആണ്. പൊതുവേ ഞാൻ എന്നെപ്പറ്റി  എടുത്തെഴുതാറില്ല. വായിക്കുന്നവരെ നീ എപ്പോഴും ഒരു കൈയകലത്തിൽ നിർത്തുന്നു എന്ന് പരാതി കേട്ടിട്ടുണ്ട് മുന്നേ. അതിൽ പകുതി

തിരിച്ചു പോക്ക്

അമ്മക്ക് മരിക്കാൻ ഭയമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടാവും അവസാന നിമിഷം ആ പ്രാണൻ ദേഹം വിട്ട് പോവാൻ മടിച്ചത്. ' ഇങ്ങനെ ഇട്ട് വലിപ്പിക്കാതെ അങ്ങോട്ട് തീർത്തേക്കണെ' എന്നുള്ള അയൽവാസിയുടെ പ്രാർത്ഥന കേട്ടിട്ടാണ് അമ്മ പോയത് എന്ന് അവർ അതിന് ശേഷം അവകാശപ്പെട്ടു എങ്കിലും, സത്യം എനിക്കല്ലേ അറിയൂ.  ഭയം അമ്മയെ കീഴ്പ്പെടുത്തിയതാണോ അതോ അമ്മക്ക് ആ ഭയത്തിൻ്റെ നിരർത്ഥകത മനസ്സിലായതാവുമോ? അറിയില്ല. അതെന്ത് തന്നെ ആയാലും, അമ്മ പോയി. നിരത്താൻ ആകാത്ത വലിയൊരു ശൂന്യത ഇനി ജീവിതാവസാനം വരെ എന്നെ നോക്കി പുച്ഛിക്കും എന്ന് അമ്മക്ക് അറിയുമായിരുന്നോ ആവോ. അത് നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഇന്നുമിരിക്കുന്ന എന്നെ കാണുന്നുണ്ടോ ആവോ. എനിക്ക് മരിക്കാൻ ഭയം തോന്നിയിട്ടില്ല. ജനിക്കുന്നതിനു മുൻപ് തന്നെ മരണം എഴുതപ്പെട്ടിരിക്കുന്നു എന്നാണല്ലോ. എൻ്റേത് എങ്ങനെ ആവുമെന്ന് ഒരു ആകാംക്ഷ തോന്നിയിട്ടുണ്ട്. വെള്ളം എനിക്ക് പേടിയാണ്. അതുകൊണ്ട് ഒരു മുങ്ങി മരണം ആവരുത് എന്നെ ഒള്ളു. വെപ്രാളത്തിൽ കയ്യ്കാലിട്ട് അടിച്ച്, മലമൂത്ര വിസർജനം ചെയ്ത് ഒരു ഭീരുവിനെപ്പോലെ പോവരുതെന്നും ആഗ്രഹം ഉണ്ട്.  ആകാശദൂദ് സിനിമ കണ്ട് leukemia വരണം എന്

അഗ്നിപരീക്ഷ

ഹേ അഗ്നി, എൻ്റെ കാൽക്കീഴിൽ ചുവന്നു തുടങ്ങുന്ന കനലിൻ്റെയോ, ഫണം വിടർത്തി എന്നെ പൊതിയാൻ തുടങ്ങുന്ന നിൻ്റെ തീനാളങ്ങളുടെയോ ചൂട് ഞാനിപ്പോൾ അറിയുന്നില്ല. ഇതുവരെ ഒന്നായിരുന്ന ശരീരം വിട്ട് എൻ്റെയീ ജീവൻ പോയെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി. ധാരയായി ഒഴുകുന്ന എൻ്റെ കണ്ണുനീര് ഞാനിവിടെ ഉണ്ടെന്ന് നിനക്ക് കാട്ടിത്തരും. ആ കണ്ണുനീരിൽ നിന്ന് പക്ഷേ നീ മാറിക്കൊൾക. അത് നിന്നിൽ വീഴാതിരിക്കട്ടെ. പരീക്ഷക്കൊടുവിൽ എനിക്ക് അഗ്നിശുദ്ധിയേകാൻ വന്ന നിനക്ക്, അത് വീണാൽ പൊള്ളും.  അഗ്നിയെ പോലും പൊളിക്കാൻ എൻ്റെ ഒരു തുള്ളി കണ്ണുനീരിന് കഴിയുന്നു എങ്കിൽ നീ അറിയുക, നിന്നിലും വലിയൊരു അഗ്നിപരീക്ഷയിൽ എൻ്റെ മനസ്സ് വെന്തുരുകുകയാണെന്ന്. അത് താണ്ടി ഞാൻ വരുമെങ്കിൽ നീ കാണുക, നിൻ്റെ നാളങ്ങളുടെ പട്ടുടുത് നിൽക്കുന്ന,  ഇനിയൊന്നിനും തൊടാൻ ആവാത്ത എന്നിലെ തെളിഞ്ഞ ജീവാഗ്നിയെ, വിശുദ്ധി നേടിയ ഈ മനസ്സിനെ, നിന്നെത്തന്നെ.

വാച്ച് പുരാണം

Image
ഇത് ഒരു വാച്ചിൻ്റെ കഥയാണ്. സത്യത്തിൽ കാൺമാനില്ല എന്ന തലേക്കെട്ടോട് കൂടി പറയേണ്ട സംഭവ കഥ. അതും അല്ലെങ്കിൽ ജീവനില്ലാത്ത വസ്തുക്കൾക്ക് ഒരു ചരമ പേജ് ഉണ്ടായിരുന്നു പത്രത്തിൽ എങ്കിൽ , അതിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് പറയേണ്ട ഒരുത്തൻ്റെ കഥ. സംഭവം എട്ടോ ഒൻപതോ കൊല്ലങ്ങൾക്ക് മുൻപ് ആണ്. " Fastrack" എന്ന വാച്ച് ബ്രാൻഡ് ഇന്നത്തെക്കാളും പ്രസിദ്ധമായ സമയം. ആറ്റുനോറ്റ് ഞാൻ ഒരു Fastrack വാച്ച് വാങ്ങാൻ തീരുമാനിച്ചു. ജോലിയുള്ളത് കൊണ്ട് പൈസ പ്രശ്നം ഉണ്ടായിരുന്നില്ല. സിറ്റിയിലെ കട എവിടെയാണെന്നും അറിയാം.  ഒറ്റക്ക് പോയി വാങ്ങാൻ പ്രശ്നവുമില്ല. പക്ഷേ പ്രശ്നം മറ്റൊന്നാണ്. എനിക്ക് വാച്ച് വാഴില്ല!!. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധ വിശ്വാസമോ എന്ന് നിങ്ങൾക്ക് തോന്നാം. അന്ന് covid ഇല്ലാക്കാലവും ആണ്. എന്നിട്ടും,  എന്നോർത്ത് നിങ്ങൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ സത്യമാണ്. ചരിത്രം പറഞ്ഞിട്ട് വിഷയത്തിലേക്ക് കടക്കാം അല്ലേ? എന്തായാലും വീട്ടിൽ അല്ലേ? വായിക്കാൻ നിങ്ങൾക്ക് ഇഷ്ടം പോലെ സമയവുമുണ്ട്. ആദ്യമായി ഒരു വാച്ച് കിട്ടുന്നത് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് എന്നാണ് ഓർമ്മ. ഒരുപാട് ആഗ്രഹിച്