അൽപ്പം സ്വകാര്യം

ഞാൻ ഒരു എഴുത്തുകാരി അല്ലേയല്ല. അങ്ങനെ കളിയായി പോലും പറയുന്നവരെ ഞാൻ ഉടനെ തിരുത്താറുണ്ട്. എനിക്ക് ആരോ കടം തരുന്ന വാക്കുകൾ ആണ് ഞാൻ ഇന്നുവരെ എഴുതിയിട്ടുള്ളതും, ഇപ്പോൾ എഴുതുന്നതുമായ എല്ലാം എന്ന് പറയാറാണ് പതിവ്.

വായിക്കുന്നവർക്ക് വേണ്ടി മാത്രം എഴുതാതെ, പറയുന്ന കാര്യത്തിലൂന്നി എഴുതാൻ എന്നും സാധിക്കണം എന്ന ആഗ്രഹം മാത്രമേ ഇതിൽ എൻ്റെതായുള്ളു. എന്നിരുന്നാലും,  പൊന്ന് അതൊരു തരിയായാലും പൊന്നുതന്നെ എന്നുള്ളത് കൊണ്ട്, ഞാൻ എൻ്റെ എഴുത്തിനെ ഈശ്വരാനുഗ്രഹം ആയി കാണുന്നു. ഞാൻ പ്രാർത്ഥിക്കുന്ന ഭഗവാൻ്റെ മുന്നിൽ എഴുതുന്ന ഓരോന്നും മനസ്സാ സമർപ്പിക്കുന്നു.

കവിതയിൽ കൈവെച്ചിട്ടുണ്ടെങ്കിലും, ഞാൻ സാധാരണ കഥകൾ ആണ് എഴുതാറ്. കണ്ടറിഞ്ഞതോ, കേട്ടറിഞ്ഞതോ, വായിച്ചറിഞ്ഞതോ അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞതോ ആയവ.

അപ്പോൾ ചോദിച്ചേക്കാം, ആദ്യം പറഞ്ഞ മൂന്നും ഒരു തരത്തിൽ അനുഭവങ്ങൾ തന്നെയല്ലേ എന്ന്. അതെ. എന്നിട്ടും അത് വീണ്ടും എടുത്ത് പറഞ്ഞത് സ്വന്തം അനുഭവം എന്ന് അടിവരയിട്ട് പറയാൻ ആണ്.

പൊതുവേ ഞാൻ എന്നെപ്പറ്റി  എടുത്തെഴുതാറില്ല. വായിക്കുന്നവരെ നീ എപ്പോഴും ഒരു കൈയകലത്തിൽ നിർത്തുന്നു എന്ന് പരാതി കേട്ടിട്ടുണ്ട് മുന്നേ. അതിൽ പകുതി സത്യമേ ഉള്ളു. അതിനൊരു കാരണം, എൻ്റെ എഴുത്തിൻ്റെ ഭാഷ/ശൈലി യും പുറമെ കാണുന്ന ഞാനും തമ്മിലുള്ള അന്തരം, എന്നെ അറിയുന്നവർക്ക് ഉൾക്കൊള്ളാൻ പ്രയാസം ആണെന്ന തമാശയാണ്. ബാക്കി പകുതി വായിക്കുന്നവരെ ആശ്രയിച്ച് ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞാൽ, അതിനെ ധാർഷ്ട്യം ആയി കാണരുത്.  എൻ്റെ  എഴുത്തിൽ അവിടവിടെയായി ചിതറി കിടക്കുന്ന എന്നെ,  വളരെ അടുപ്പമുള്ളവർക്ക് കണ്ടെത്തുവാൻ സാധിക്കാറുണ്ട് എന്നതാണ് വാസ്തവം.

ദുഃഖത്തിനെ പറ്റി മാത്രമേ നീ എഴുതാറുള്ളു എന്നായിരുന്നു മറ്റൊരു പരാതി. അതിനൊരു കാരണം, നർമ്മം ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള വികാരം എന്ന പച്ച പരമാർത്ഥമാണ്. മറ്റൊരാളെ ചിരിപ്പിക്കാൻ, സ്വയം സന്തോഷവാനായി ഇരിക്കാൻ ആണ് ഏറ്റവും പ്രയാസം. മനസ്സിനെ ആദ്യം സ്പർശിക്കുന്നത്, മനസ്സിൽ ഉടക്കി നിൽക്കുന്നത്, ഏറ്റവും അനുഭവവേദ്യമായത്, ദുഃഖമല്ലെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ? അതുകൊണ്ടാവാം. അതെന്ത് തന്നെ ആയാലും, പരാതികൾ ഇപ്പോൾ കഴിവതും മാറ്റാൻ ശ്രമിക്കുന്നു.

ഒന്നും എഴുതുന്നില്ലേ, എന്താണ് എഴുത്താതത്, എഴുതിക്കൂടെ എന്ന ചോദ്യങ്ങൾ ആണ് പിന്നെ.  ആത്മാർത്ഥമായി അത് ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം. അതല്ലാതെ ചോദിക്കുന്നവരോട് ഒന്ന് ചിരിക്കാറാണ് പതിവ്. രണ്ടിടത്തും പറയാൻ ഒന്നേ ഉണ്ടാവാറുള്ളു. ഇതെൻ്റെ കഴിവ് അല്ലാത്തത് കൊണ്ട് തന്നെ, ഇതിന് വേണ്ടി ഇരുന്നാൽ എനിക്കിതിനു സാധിക്കാറില്ല. സുഖകരമല്ലാത്ത സത്യം.
അതോർത്ത് വ്യാകുലപ്പെടാതെ ആ ചോദ്യത്തിനെ പ്രോത്സാഹനമായി കാണുന്നതല്ലേ അഭിലഷണീയം. സങ്കൽപ്പമാണ് സൃഷ്ടി എന്ന് ഈയടുത്ത് വായിച്ചു. ഞാൻ പക്ഷേ എന്നിലേക്ക് വരുന്ന സങ്കൽപ്പത്തിന് ഒരു മാധ്യമം മാത്രമാണ്. എൻ്റെ എഴുത്ത് ഒരു നിലാവും.

വായനയുടെ കാര്യത്തിൽ ഞാൻ ശെരിക്കും എൻ്റെ മനസ്സാണ്. ഇന്നത്തെ ലോകത്തിൻ്റെ ഭാഷയിൽ പഴഞ്ചൻ. ഒരു പുസ്തകം കയ്യിലെടുക്കാതെ, അതൊന്നു മറിച്ച് മണത്തു നോക്കാതെ, എനിക്ക് വായിക്കാൻ സാധിക്കില്ല. സർവ്വം സാങ്കേതിക മയം ആയ ഈ കാലത്ത്, അതിനു ഒരു നൂറു ഉപാധികൾ ഉള്ള ഈ കാലത്ത്, ചിതലരിച്ച് നശിച്ച് പോകാവുന്ന ഒന്നാണ് നല്ലതെന്ന് പറയുന്ന എൻ്റെ താൽപ്പര്യം കളിയാക്കുന്നതിന് മുൻപ് ഒരു കാര്യം പറയട്ടെ.  സാങ്കേതികതയുടെ കൊടുമുടിയിലും, നശ്വരമായതിനെ അല്ലേ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. അവസ്ഥകൾ, സന്തോഷങ്ങൾ, ആളുകൾ, ഈ നമ്മളെ തന്നെ. ഓർത്ത് നോക്കിയിട്ടുണ്ടോ?

ഇടതടവില്ലാതെ വായിക്കാൻ എനിക്ക് സാധിക്കാറില്ല. അതീ സ്വഭാവത്തിൻ്റെയാവാം. ഇടക്ക് വെച്ച് മുറിഞ്ഞു പോയാലും തിരിച്ച് ഇതിലേക്ക് മടങ്ങി വരാൻ സാധിക്കുന്നു എന്നതാണ് ഒരു ആശ്വാസം. എഴുത്ത് സൃഷ്ടിയാണെങ്കിൽ, വായന അതിന് ഇന്ധനമാണ്. എൻ്റെ സ്വർഗ്ഗത്തിലെ ഒരു ഭാഗത്ത് ലൈബ്രറി ആവും എന്ന് ഞാൻ പറഞ്ഞത് കേട്ട് സുഹൃത്ത് ചിരിച്ചുവശായത് ഓർക്കുമ്പോൾ എനിക്ക് അതിലേറെ സംശയം. ഇതിലിപ്പോൾ എന്താണിത്ര ചിരിക്കാൻ. ഇഷ്ട്ടമുള്ളതെന്തോ അതുള്ളിടം അല്ലേ സ്വർഗ്ഗം?

വായനയെ ഇഷ്ട്ടപ്പെടുന്ന, എഴുതാൻ ഇഷ്ട്ടപ്പെടുന്ന എൻ്റെ ഇടം ആണ് അക്ഷരി. എൻ്റെ ബ്ലോഗ്.
അക്ഷരി എന്നാൽ സമൃദ്ധിയുടെ, ക്ഷയിക്കാത്ത കാലം..മഴക്കാലം എന്നാണ്. എൻ്റെ ബ്ലോഗിന് ആ പേരിടാൻ കാരണവും ഒന്നേയുള്ളൂ. ഒരു പ്രാർത്ഥന. ജന്മം കൊണ്ട് പകർന്നു കിട്ടിയ കഴിവല്ല, എന്നിലേക്ക് പെയ്തിറങ്ങുന്ന അക്ഷരങ്ങളുടെ ഈ മഴക്കാലം എന്നിൽ തോരാതിരിക്കട്ടെ ഒരിക്കലും എന്ന്. അത് നിങ്ങളിലേക്ക് എത്തിക്കാൻ എനിക്ക് സാധിക്കട്ടെ എന്ന്.

Comments

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്