Posts

Showing posts from 2023

ജല്പനങ്ങൾ

ഇടറുന്നതെന്തെ? വാക്കുകൾ പകുതിക്ക് മുറിയുന്നതെന്തേ? പിടയുന്നതെന്തേ ഉള്ളം, കൺകോണിലെൻ്റെ, നനവുരുണ്ടു കൂടുന്നതെന്തേ? ഓർമ്മപ്പാളി തുറന്നു പോയതെന്തേ വെറുതെ, കാലം നിറം കെടുത്തിയൊരു ചിത്രത്തിൽ മനസ്സുടക്കിയതെന്തേ? നിന്നെ ഞാനിനിയും മറക്കാത്തതെന്തേ, മറന്നെന്ന കള്ളം ഞാൻ വീണ്ടും പറയാൻ ശ്രമിക്കുന്നതെന്തേ? കൊതിക്കുന്നതെന്തേ ഞാൻ, ഒരിക്കലെങ്കിലും നിന്നോടൊത്തുള്ളൊരോർമ്മയിലേക്ക്, വീണ്ടും പോകാൻ വെമ്പുന്നതെന്തേ? ജീവിതമെന്തേ, ഒരിക്കലുമടുക്കാത്ത എതിർദിശകളിലേക്ക് നിഷ്ക്കരുണം നമ്മെ പകുത്തെറിഞ്ഞതെന്തേ? ഒരിക്കലെങ്കിലും പിടയാത്തതെന്തെ, ഓർക്കാത്തതെന്തേ നീ, എന്നെയൊന്നു കാണാൻ ആ കണ്ണുതുടിക്കാത്തതെന്തേ? മായ്ക്കാൻ, മറക്കാൻ, ഓർമ്മകളിൽ നിന്നുമോടിയൊളിക്കാൻ സാധിക്കുവതെന്തേ നിനക്ക്, എനിക്കോ അതിനിന്നും കഴിയാത്തതെന്തേ? 
വെളളം പോലെയാണ് ചിലർ..  പിടിച്ചു വെക്കാൻ നോക്കുംതോറും വിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിപോവും, നഷ്ടപ്പെടലിൻ്റെ നനവ് മാത്രം ബാക്കിയാക്കി. നൽകിയ നൊമ്പരത്തിൻ്റെ ചൂടിൽ, നനവുണങ്ങും പതിയെ. ആ കൈക്കുമ്പിളിലേക്ക് പിന്നീടൊരിക്കലും  എത്തിപ്പെടാൻ സാധിക്കില്ലെന്ന്, കയ്യുടെ മണവും പേറിയാണ് താൻ പോകുന്നതെന്ന് പക്ഷേ പോവുമ്പോൾ തിരിച്ചറിയുന്നുണ്ടാകുമോ? ആർക്കറിയാം!

പിണക്കം

വാക്കുകൾ ചുരുങ്ങി ചുരുങ്ങി നിശബ്ദത വീണു തുടങ്ങിയപ്പോൾ ഇടയിൽ തളം കെട്ടി നിന്ന സ്നേഹത്തിന് വീർപ്പുമുട്ടി തുടങ്ങി, കൂടെ നിശബ്ദതയുടെ ചൂടിൽ വറ്റിപ്പോകുമോ എന്നുള്ള പേടിയായി.  പിണക്കം, മഴ പോലെ വന്നും, ഇടക്ക് ആർത്തലച്ചു പെയ്തും, വീണ്ടും നിന്നും അവർക്കിടയിൽ ആവർത്തിച്ചു. ഇടയ്ക്കെങ്കിലുമൊരു ഇണക്കത്തിൻ്റെ വെയിലേൽക്കാതെ, പിണക്കങ്ങളുടെ നനവ് എങ്ങനെ വിട്ടു മാറാൻ ആണെന്ന് പരിതപിച്ച് അവരിരുവരും മുഖം തിരിച്ച് ഇരുന്നു. അപ്പോഴും ഉള്ളിൽ, പരസ്പരമൊരു പിൻവിളിയുടെ കുളിരിനായി അവർ കാതോർത്തു.  പൊട്ടാൻ വെമ്പി നിൽക്കുന്ന നീർക്കുമിള പോലെ അവർക്കിടയിലെ പിണക്കവും ആ ഒരു വിളിക്കായി കാത്തു നിൽപ്പുണ്ടായിരുന്നു..

ശൂന്യത

ഇരുട്ടല്ല, അത് വെളിച്ചവുമല്ല.  അഭാവങ്ങളാൽ തീർക്കപ്പെടുന്ന സങ്കടങ്ങളല്ല അത്. കർമ്മങ്ങൾ കൊണ്ടെത്തിക്കുന്ന അവസ്ഥകളുമല്ല. വികാരങ്ങളുടെ ഒരായിരം വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവിൽ, മനസ്സ് പെട്ട് പോവുന്നൊരു ത്രിശങ്കു സ്വർഗം.  അതോ നരകമോ? മേൽപ്പോട്ടുമില്ല, കീഴ്‌പ്പോട്ടുമില്ല. മുന്നോട്ടുമില്ല, പുറകോട്ടുമില്ല.  നേരിൻ്റെ നേരെ നമ്മളെ കൊണ്ട് നിർത്തുന്ന നിമിഷങ്ങളുടെ ഒരു കടലാണത്.  കണ്ടെന്ന് കരുതിയ കാഴ്ചകളെ ആദ്യമായി കാണിച്ചു തരുന്ന, കേട്ടെന്ന് കരുതിയ വാക്കുകളെ ആദ്യമായി മനസ്സിലാക്കിത്തരുന്ന, നിനച്ചിരിക്കാതെ എടുത്ത് ഉയർത്തി ഊക്കോടെ നിലംപരിശാക്കുന്ന മനോനിലയാണത്. വാക്കുകൾ ഒടുങ്ങുന്ന നിശബ്ദതയാണത്.  ദാക്ഷിണ്യമില്ലാത്ത നേരിൻ്റെ പച്ചയായ നേർക്കാഴ്ചയാണത് !!

കാത്തിരുപ്പ്

ഞാനെൻ്റെ നെഞ്ചിലെന്നോ കോരിയിട്ട കനലാണ് നീ..  ഉള്ള് നീറ്റുമ്പോഴും,  എനിക്ക് കാണാതിരിക്കാനാവാത്ത, കേൾക്കാതിരിക്കാനാവാത്ത,  അകലാൻ കഴിയാത്ത,  ആശ്വാസവെളിച്ചം..  എൻ്റെ ശ്വാസത്തിൽ പോലുമുണ്ടെങ്കിലും, എൻ്റേതെന്നൊരിക്കലും അവകാശപ്പെടാൻ സാധിക്കാത്ത വിരോധാഭാസം.. ജീവിതത്തിൻ്റെ കെട്ടുപാടുകളിൽ, കുരുങ്ങി കിടക്കുന്ന എൻ്റെ മനസ്സ്.. കരുതലിൻ്റെ, സ്നേഹത്തിൻ്റെ നീരുറവകൾ അനേകമുള്ള  ഈ വഴിയിലും,  വരണ്ട വേനൽ ഭൂമി കണക്ക് ഞാൻ കാത്തിരിക്കുന്ന, ഒരിക്കലും വരാത്ത എൻ്റെ മഴക്കാലം..

പ്രോമിത്യൂസ്

ചങ്ങലക്കണ്ണികളിൽ വലിഞ്ഞു മുറുകുമ്പോഴും, വേദനയൊന്നു മാത്രം സിരകളിൽ നിറഞ്ഞു പടരുമ്പോഴും, എൻ്റെ ശരികൾ തന്ന നിർവൃതി മാത്രം മതിയെനിക്ക്. നിർദ്ധാക്ഷിണ്യം കൊത്തിപ്പറിക്കുമ്പോഴും, അനുഭവമൊരു തീരാ തിര പോലെ തുടരുമ്പോഴും, ഒരു കഴുകൻ്റെ വിശപ്പകറ്റാൻ സാധിക്കുന്നുവെന്ന സന്തോഷം മതിയെനിക്ക്. ചെയ്യാത്ത തെറ്റിൻ്റെ പഴിയേറിൽ പുകയുമ്പോഴും, ചോദ്യങ്ങളുടെ ചൂണ്ടു വിരലിൽക്കോർത്തെന്നെ കടയുമ്പോഴും, തളരില്ലെന്ന, തകരില്ലെന്ന, ദൃഢനിശ്ചയ കനലണയാത്ത മനസ്സ് മതിയെനിക്ക്.

ഭ്രാന്തിൻ്റെ ലോകം

അടുത്ത് ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. കണ്ണും മിഴിച്ച്, കാണാത്തത് എന്തോ കാണുന്നു എന്ന ഭാവം ആണിപ്പോൾ മുഖത്ത്. പറഞ്ഞു തളർന്നോ ഭ്രാന്തന്? ' ഞാൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. മറന്നോ? ' അനക്കമില്ല. മിണ്ടാട്ടമില്ല. ഇന്നിത് എന്താണാവോ പ്രത്യേകിച്ച്. പതിവിനേക്കാൾ ശാന്തത. ഇട മുറിഞ്ഞ ഇടവപ്പാതി കണക്ക്. ഇന്നുവരെയില്ലാത്തത് എന്താണിന്ന് എന്ന് ചോദിക്കാൻ ആഞ്ഞത് വേണ്ടെന്ന് വെച്ചു. 'ഭ്രാന്ത് ഇല്ലാത്തവരുടെ ലോകത്ത് ഭ്രാന്തനായി ജീവിക്കാൻ ആണ് ഏറ്റവും പാട്. ചങ്ങലക്കണ്ണികളുടെ വേദനകളെക്കാൾ വേദനയാണ് അ തിന് . ഭ്രാന്ത് ഇല്ലെന്ന് അഭിനയിക്കുകയാണ് അതിലും എളുപ്പം. ഇനി അതാണ് വേണ്ടത് ' മൗനം ഉടഞ്ഞു. 'ആവോ എനിക്കറിയില്ല' . അങ്ങനെയാണ് പറഞ്ഞതെങ്കിലും ശരിയായിരിക്കാം എന്നെനിക്ക് ഉള്ളിൽ തോന്നി. അല്ലെങ്കിലും ഭ്രാന്തൻ പറയുന്നതൊക്കെ ശരിയാണെന്നാണ് കാലവും പറയുന്നത്. കാലത്തിന് ഒരിക്കലും തെറ്റാറില്ല പണ്ടെ. ശരിയായിരിക്കാം. ' ഇന്നിപ്പോൾ ഇതിന് തക്കത് എന്ത് തന്നെ ആയാലും, പകലിരുട്ടി. ഉറങ്ങിക്കൂടെ? ' 'വേണ്ട ' പറഞ്ഞതിലും വേഗത്തിൽ വന്നു മറുപടി. കനത്തിൽ. ' പിന്നല്ലാതെ?