Posts

Showing posts from March, 2022

വിശ്വാസം

എന്തൊരു പൊള്ളുന്ന വാക്കാണത്! ഉള്ളം കയ്യിൽ വച്ചു താലോലിച്ചവക്ക്, ഒരു കുമ്പിൾ വെള്ളത്തിൻ്റെ ചോരുന്ന ആയുസ്സ് മാത്രമെന്ന്, ഒരു നേരമ്പോക്കിൻ്റെ നിസ്സാരത മാത്രമെന്ന്, നിറം മങ്ങി പൊളിഞ്ഞടർന്നു വേഗം വീഴുമൊരു ചായമെന്ന്, കാണാതെ, അറിയാതെ എൻ്റെ നേർത്ത കൈ പൊള്ളി. ആ വാക്കിനിന്നും അതേ ചൂടാണ്.. വീണ്ടും പൊള്ളുമെന്നു പേടിച്ച് ഞാൻ മുറുകെ പിടിക്കാൻ പേടിക്കുന്നത്ര ചൂട്!

ചില നേരമ്പോക്ക് വിചാരങ്ങൾ

നമ്മൾ എല്ലാവരും കഥകളാണെന്ന് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന കഥകൾ, മരിച്ചു പോവുന്ന കഥകൾ, പിന്നെയും പിന്നെയും ആവർത്തിക്കുന്ന കഥകൾ. ഇതിവൃത്തത്തിൽ സമാനതകൾ ഉള്ള, എന്നാൽ കഥാപാത്രങ്ങളിൽ വ്യത്യസ്ഥതയുള്ള കഥകൾ.  ചിലരെ വിധി ചെറുകഥയായി ചുരുക്കുന്നു. മറ്റു ചിലരെ അധ്യായങ്ങൾ നീണ്ട നോവലുകളാക്കുന്നു. ചിലരെ പാതിയിൽ നിലച്ച പരിവേദനങ്ങൾ പോലെ, പറയാൻ ഇനിയും ഒട്ടേറെ ബാക്കി നിർത്തി, ധൃതിയിൽ എങ്ങോ കൊണ്ടു പോവുന്നു. എങ്കിൽ കൂടിയും, നമ്മൾ എല്ലാവരും കഥകൾ തന്നെയാണ്. സ്നേഹത്തിൻ്റെ, പ്രതീക്ഷകളുടെ, സഹനത്തിൻ്റെ,  തോൽവികളുടെ, കണ്ണുനീരിൻ്റെ, ഉയിർത്തെഴുന്നേല്പു്കളുടെ കഥകൾ. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന, ചിലപ്പോൾ ഉള്ളു നീറ്റുന്ന കഥകൾ. ചിലപ്പോഴൊക്കെ അസുഖകരമായ വായിക്കാൻ ഇഷ്ടമില്ലാത്ത കഥകൾ. കഥകളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് ഇറങ്ങി വരുമ്പോൾ മാത്രം നമ്മൾ വ്യത്യസ്തരാവുന്നു. ഭാവങ്ങളുടെ തീക്ഷ്ണത ഉൾക്കൊണ്ട് ജനനം മുതൽ മരണം വരെ എത്രയെത്ര വേഷങ്ങൾ ആണ് നമ്മൾ കെട്ടുന്നതും, ചുറ്റിനും കാണുന്നതും.  എത്രയെത്ര കഥാപാത്രങ്ങൾ ആണ് ഒരു മിന്നായം പോലെ നമ്മൾ കണ്ടു മറന്നു പോവുന്നത്. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും