ചില നേരമ്പോക്ക് വിചാരങ്ങൾ

നമ്മൾ എല്ലാവരും കഥകളാണെന്ന് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന കഥകൾ, മരിച്ചു പോവുന്ന കഥകൾ, പിന്നെയും പിന്നെയും ആവർത്തിക്കുന്ന കഥകൾ. ഇതിവൃത്തത്തിൽ സമാനതകൾ ഉള്ള, എന്നാൽ കഥാപാത്രങ്ങളിൽ വ്യത്യസ്ഥതയുള്ള കഥകൾ. 

ചിലരെ വിധി ചെറുകഥയായി ചുരുക്കുന്നു. മറ്റു ചിലരെ അധ്യായങ്ങൾ നീണ്ട നോവലുകളാക്കുന്നു. ചിലരെ പാതിയിൽ നിലച്ച പരിവേദനങ്ങൾ പോലെ, പറയാൻ ഇനിയും ഒട്ടേറെ ബാക്കി നിർത്തി, ധൃതിയിൽ എങ്ങോ കൊണ്ടു പോവുന്നു. എങ്കിൽ കൂടിയും, നമ്മൾ എല്ലാവരും കഥകൾ തന്നെയാണ്. സ്നേഹത്തിൻ്റെ, പ്രതീക്ഷകളുടെ, സഹനത്തിൻ്റെ,  തോൽവികളുടെ, കണ്ണുനീരിൻ്റെ, ഉയിർത്തെഴുന്നേല്പു്കളുടെ കഥകൾ. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന, ചിലപ്പോൾ ഉള്ളു നീറ്റുന്ന കഥകൾ. ചിലപ്പോഴൊക്കെ അസുഖകരമായ വായിക്കാൻ ഇഷ്ടമില്ലാത്ത കഥകൾ.

കഥകളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് ഇറങ്ങി വരുമ്പോൾ മാത്രം നമ്മൾ വ്യത്യസ്തരാവുന്നു. ഭാവങ്ങളുടെ തീക്ഷ്ണത ഉൾക്കൊണ്ട് ജനനം മുതൽ മരണം വരെ എത്രയെത്ര വേഷങ്ങൾ ആണ് നമ്മൾ കെട്ടുന്നതും, ചുറ്റിനും കാണുന്നതും.  എത്രയെത്ര കഥാപാത്രങ്ങൾ ആണ് ഒരു മിന്നായം പോലെ നമ്മൾ കണ്ടു മറന്നു പോവുന്നത്. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും എത്രയെത്ര കഥാപാത്രങ്ങൾ ആണ് നമുക്കൊപ്പം ചേർന്ന് നിൽക്കുന്നത്. നമ്മുടെ കഥയിൽ അവരുടെ വേഷം എത്രനാൾ ഉണ്ടെന്ന്, എത്രത്തോളം ഉണ്ടെന്ന്   നമ്മൾ അറിയുന്നത് പോലും, അത് കാലം തെളിയിക്കുമ്പോൾ മാത്രമാണ്. 

നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പലപ്പോഴും പലരും നേരത്തെ പിരിഞ്ഞു പോവുന്നു. പോകാതെ നിൽക്കുന്നവർ രക്തബന്ധമില്ലെങ്കിലും കൂടപ്പിറപ്പുകളാവുന്നു, ആത്മാർത്ഥ സ്നേഹങ്ങളും, ഊഷ്മള സൗഹൃദങ്ങളും, കെട്ടുറപ്പുള്ള ബന്ധങ്ങളുമാവുന്നു. ചിലപ്പോഴൊക്കെ ചിലരെയെങ്കിലും, മാറ്റി നിർത്താൻ ആവാതെ, മനസ്സില്ലാമനസ്സോടെ ചേർത്തു നിർത്തി നമ്മൾ നെടുവീർപ്പിടുകയും ചെയ്യേണ്ടി വരുന്നു.

പിരിഞ്ഞു പോയവയരാകട്ടെ നമുക്ക് എന്നും പാഠങ്ങളാണ്. നമുക്ക് തെറ്റിയത് എവിടെയെന്ന് കാണിച്ചു തരുന്ന, നമ്മൾ ഉൾക്കൊള്ളേണ്ട, ഒരിക്കലും മറക്കരുതാത്ത പാഠങ്ങൾ. നമുക്ക് എത്രത്തോളം അത് സാധിക്കാറുണ്ട് എന്നുള്ളത് മറ്റൊരു കാര്യം. കൂടുതലും, സന്തോഷത്തിൽ തുടങ്ങി, വേദനയിലോ, അവജ്ഞയിലോ, കുറ്റബോധങ്ങളിലോ അവസാനിക്കുന്ന ബന്ധങ്ങൾ. ഉള്ളിലൊരു നീറ്റലെങ്കിലും അവശേഷിപ്പിക്കാതെ ഇന്നേവരെ ആരും പിരിഞ്ഞു പോയിട്ടില്ല, ചുരുക്കം ചില സന്ദർഭങ്ങളിൽ അവ നമ്മുടെ നല്ലതിനായാൽ പോലും.

അങ്ങനെ, വ്യത്യസ്ത വേഷങ്ങൾ കെട്ടിയാടി, വ്യത്യസ്ത ഭാവങ്ങൾ പകർന്നാടി, ഒറ്റക്കും ഒരുമിച്ചും നമ്മൾ അധ്യായങ്ങൾ കടന്നു പോവുന്നു. ചിലരെങ്കിലും അത് ആസ്വദിക്കുന്നു. ഒട്ടു മിക്കവരും കെട്ടുപാടുകളിൽ കുരുങ്ങി, കഥാഗതിക്കൊത്ത് അങ്ങ് ഒഴുകി നീങ്ങുന്നു.

സങ്കൽപ്പമാണ് സൃഷ്ടി എന്ന് ഞാൻ ഒരിക്കൽ വായിച്ചിട്ടുണ്ട്.  ആ വാക്കുകൾക്ക് ഒരുപാട് അർത്ഥ തലങ്ങളുണ്ട്. എന്നാലും ഒന്ന് പറയാതെ വയ്യ. നമ്മുടെ വിചാരങ്ങൾ, കർമ്മങ്ങൾ, ബന്ധങ്ങൾ, ജീവിതം..ഇവയെല്ലാം നമ്മുടെ സങ്കൽപ്പങ്ങളിൽ ഊന്നിയ സൃഷ്ടിയാവുന്നുവെങ്കിൽ, നമ്മുടെ കഥകൾ ഒരു പരിധി വരെ നമ്മൾ തന്നെയാണ് എഴുതുന്നത്. അതല്ലേ ശരി?
..................
ഇത്ര നേരം പറഞ്ഞത് എൻ്റെ ചില വെറും  വിചാരങ്ങൾ മാത്രമാണ് കേട്ടോ. കാതലില്ലാത്ത എഴുത്ത് ഒരിക്കലും ഓർമ്മയിൽ തങ്ങി നിൽക്കില്ല എന്നൊരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു. സുഖകരമായ നേർത്ത ഒരു പരിമളമെങ്കിലും എൻ്റെ വാക്കുകൾ നിങ്ങളിൽ അവശേഷിപ്പിക്കുന്നുവെങ്കിൽ അതു തന്നെ ധാരാളമാണ് :)

Comments


  1. 🙏🏻🙏🏻സത്യത്തെ മിഥ്യതൻ ചുട്ടി കുത്തിക്കുന്ന ശില്പിയെ പോൽ നിഴൽ നിന്നു 🙏🏻🙏🏻

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്