Posts

Showing posts from August, 2021

ഭക്തി

Image
എന്താണ് ഭക്തി കണ്ണാ? ഓരോ തവണ നിന്നെ കണ്ണു നിറയെ കണ്ടിട്ടും മതിയായില്ലെന്ന് എൻ്റെ കണ്ണുകൾ പറയുന്നു. നിൻ്റെ നടക്കൽ പലവുരു തൊഴുതിട്ടും, എൻ്റെ കൈകൾക്ക് തൃപ്തി വരുന്നില്ല. നിൻ്റെ അമ്പലമുറ്റത്ത് എത്ര തവണ നടന്നിട്ടും, ഇനിയും എന്നു പറഞ്ഞെൻ്റെ കാലുകൾ മുന്നോട്ടായുന്നു.  എത്ര ജപിച്ചിച്ചിട്ടും മതിവരാതെ,  നിൻ്റെ നാമങ്ങൾ എൻ്റെ നാവിൻതുമ്പത്ത് തത്തിക്കളിക്കുന്നു.  ഒരു നൂറു കാര്യങ്ങളിൽ മേയുന്ന മനസ്സിലും നിൻ്റെ മുഖം മായാതെ നിൽക്കുന്നു. ഇതോ ഭക്തി? എവിടെയാണ് നീ കണ്ണാ? എനിക്കു ചുറ്റുമുള്ള ഓരോ കണികയിലും ഉണ്ടെന്ന് പറയുന്നു നീ. ഞാൻ കാണുന്ന ഓരോ ചെറു പുഞ്ചിരിയിലും ഉണ്ട് നീ. ഉള്ളു വിങ്ങുന്ന നേരത്ത് ഇനി മതി എന്ന മനസ്സിൻ്റെ തോന്നലിൽ ഇല്ലേ നീ? കണ്ണൊന്നടച്ചാൽ കൂടെയുണ്ടെന്ന വിശ്വാസത്തിലും നീ. തനിച്ചിരിക്കുമ്പോൾ കൂട്ടായി, എന്നെ തൊടുന്ന മഴയായി, കാറ്റായി, വെളിച്ചമായി..എന്തിന്, ഇരുളിൽ മനസ്സിൻ്റെ ധൈര്യമായി പോലും നീ. ഈ കയ്യൊന്ന് നീട്ടിയാൽ അതിനറ്റം ഞാൻ കാണാതെ എങ്കിലും പിടിക്കുന്നുവോ നീ? മനസ്സു മുഴുവനും നിറഞ്ഞ്, ഇനിയീ ഞാൻ തന്നെയും ആകുന്നുവോ നീ.

അൽപ്പം സ്വകാര്യം

Image
ഞാൻ ഒരു എഴുത്തുകാരി അല്ലേയല്ല. അങ്ങനെ കളിയായി പോലും പറയുന്നവരെ ഞാൻ ഉടനെ തിരുത്താറുണ്ട്. എനിക്ക് ആരോ കടം തരുന്ന വാക്കുകൾ ആണ് ഞാൻ ഇന്നുവരെ എഴുതിയിട്ടുള്ളതും, ഇപ്പോൾ എഴുതുന്നതുമായ എല്ലാം എന്ന് പറയാറാണ് പതിവ്. വായിക്കുന്നവർക്ക് വേണ്ടി മാത്രം എഴുതാതെ, പറയുന്ന കാര്യത്തിലൂന്നി എഴുതാൻ എന്നും സാധിക്കണം എന്ന ആഗ്രഹം മാത്രമേ ഇതിൽ എൻ്റെതായുള്ളു. എന്നിരുന്നാലും,  പൊന്ന് അതൊരു തരിയായാലും പൊന്നുതന്നെ എന്നുള്ളത് കൊണ്ട്, ഞാൻ എൻ്റെ എഴുത്തിനെ ഈശ്വരാനുഗ്രഹം ആയി കാണുന്നു. ഞാൻ പ്രാർത്ഥിക്കുന്ന ഭഗവാൻ്റെ മുന്നിൽ എഴുതുന്ന ഓരോന്നും മനസ്സാ സമർപ്പിക്കുന്നു. കവിതയിൽ കൈവെച്ചിട്ടുണ്ടെങ്കിലും, ഞാൻ സാധാരണ കഥകൾ ആണ് എഴുതാറ്. കണ്ടറിഞ്ഞതോ, കേട്ടറിഞ്ഞതോ, വായിച്ചറിഞ്ഞതോ അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞതോ ആയവ. അപ്പോൾ ചോദിച്ചേക്കാം, ആദ്യം പറഞ്ഞ മൂന്നും ഒരു തരത്തിൽ അനുഭവങ്ങൾ തന്നെയല്ലേ എന്ന്. അതെ. എന്നിട്ടും അത് വീണ്ടും എടുത്ത് പറഞ്ഞത് സ്വന്തം അനുഭവം എന്ന് അടിവരയിട്ട് പറയാൻ ആണ്. പൊതുവേ ഞാൻ എന്നെപ്പറ്റി  എടുത്തെഴുതാറില്ല. വായിക്കുന്നവരെ നീ എപ്പോഴും ഒരു കൈയകലത്തിൽ നിർത്തുന്നു എന്ന് പരാതി കേട്ടിട്ടുണ്ട് മുന്നേ. അതിൽ പകുതി

തിരിച്ചു പോക്ക്

അമ്മക്ക് മരിക്കാൻ ഭയമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടാവും അവസാന നിമിഷം ആ പ്രാണൻ ദേഹം വിട്ട് പോവാൻ മടിച്ചത്. ' ഇങ്ങനെ ഇട്ട് വലിപ്പിക്കാതെ അങ്ങോട്ട് തീർത്തേക്കണെ' എന്നുള്ള അയൽവാസിയുടെ പ്രാർത്ഥന കേട്ടിട്ടാണ് അമ്മ പോയത് എന്ന് അവർ അതിന് ശേഷം അവകാശപ്പെട്ടു എങ്കിലും, സത്യം എനിക്കല്ലേ അറിയൂ.  ഭയം അമ്മയെ കീഴ്പ്പെടുത്തിയതാണോ അതോ അമ്മക്ക് ആ ഭയത്തിൻ്റെ നിരർത്ഥകത മനസ്സിലായതാവുമോ? അറിയില്ല. അതെന്ത് തന്നെ ആയാലും, അമ്മ പോയി. നിരത്താൻ ആകാത്ത വലിയൊരു ശൂന്യത ഇനി ജീവിതാവസാനം വരെ എന്നെ നോക്കി പുച്ഛിക്കും എന്ന് അമ്മക്ക് അറിയുമായിരുന്നോ ആവോ. അത് നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഇന്നുമിരിക്കുന്ന എന്നെ കാണുന്നുണ്ടോ ആവോ. എനിക്ക് മരിക്കാൻ ഭയം തോന്നിയിട്ടില്ല. ജനിക്കുന്നതിനു മുൻപ് തന്നെ മരണം എഴുതപ്പെട്ടിരിക്കുന്നു എന്നാണല്ലോ. എൻ്റേത് എങ്ങനെ ആവുമെന്ന് ഒരു ആകാംക്ഷ തോന്നിയിട്ടുണ്ട്. വെള്ളം എനിക്ക് പേടിയാണ്. അതുകൊണ്ട് ഒരു മുങ്ങി മരണം ആവരുത് എന്നെ ഒള്ളു. വെപ്രാളത്തിൽ കയ്യ്കാലിട്ട് അടിച്ച്, മലമൂത്ര വിസർജനം ചെയ്ത് ഒരു ഭീരുവിനെപ്പോലെ പോവരുതെന്നും ആഗ്രഹം ഉണ്ട്.  ആകാശദൂദ് സിനിമ കണ്ട് leukemia വരണം എന്