Posts

Showing posts from 2022

മാറാത്ത, മാറേണ്ട വിചാരങ്ങൾ

പെന്മക്കളോട് വിവാഹശേഷം അച്ഛനമ്മമാർ പറയുന്ന ഒരു പതിവ് പല്ലവിയുണ്ട്. ഇനി നിൻ്റെ ഭർത്താവിൻ്റെ വീടാണ് നിൻ്റെ വീട്, അല്ലാതെ ഇതല്ല, അവിടെയുള്ളവരാണ് നിൻ്റെ അച്ഛനും അമ്മയും, അല്ലാതെ ഞങ്ങളല്ല എന്ന് ! ഇത് ഒരു തവണയെങ്കിലും കേൾക്കാത്ത, എൻ്റെ തലമുറയിൽ ഉളളവർ ചുരുക്കം. അത് കേട്ട് സന്തോഷം തോന്നിയവർ പക്ഷേ അതിനേക്കാൾ ചുരുക്കമാവും. ജനിച്ച് പത്തിരുപത് വർഷത്തിലേറെ താൻ വളർന്ന,തൻ്റെ കളിചിരികളും സങ്കടങ്ങളും  ശ്വാസോച്ഛാസങ്ങളും നിറഞ്ഞ, തനിക്കെന്നും സുരക്ഷിതത്വത്തിൻ്റെ ചൂട് നൽകിയ, താൻ ഉണ്ടും ഉറങ്ങിയും സ്വപ്നങ്ങൾ കണ്ടും തൻ്റെതെന്ന് അത്രയും കാലം കരുതിയ വീട്.. അവിടെയാണ് പെട്ടെന്ന് താൻ അന്യയാവുന്നത്. സ്വന്തം അച്ഛൻ്റെയും അമ്മയുടെയും സ്നേഹം, കരുതൽ, ആ തണൽ, അതിൻ്റെ ധൈര്യമാണ് , കല്യാണമെന്ന കടമക്ക് ഒടുവിൽ പെട്ടെന്നങ്ങു മങ്ങുന്നത്. അതുവരെ കൈ പിടിച്ചവരാണ് അവകാശം കൈമാറി, മാറി നിൽക്കുന്നത്. അതിൽ എന്നെന്നും സന്തോഷിക്കാൻ എത്ര പേർക്ക് പറ്റിയിട്ടുണ്ടാവും? മനസ്സിലാക്കാം, പുതിയ മാറ്റങ്ങൾ നിനക്ക് ഉൾക്കൊള്ളാൻ സാധിക്കട്ടെ എന്ന് പറഞ്ഞാൽ. ചെന്ന് കേറുന്നയിടത്തെ സന്തോഷമാവാനും, അവിടെ സ്വയം സന്തോഷത്തോടെ ഇരിക്കാനും സാധിക്കണം എന്ന് പറഞ്ഞാൽ. മ

ഒരു പ്രേമലേഖനം

എനിക്കുവേണ്ടി, ഒരു കഷണം കടലാസ്സിൽ നീയെഴുതുന്ന രണ്ടു വരികൾക്കുണ്ട്, ഏത് വലിയ സമ്മാനത്തിനേക്കാളും വില.  എനിക്ക് വേണ്ടി നീ പറിക്കുന്ന ഒരു മുക്കുറ്റി പൂവിനുണ്ട്, ഏത് ചെമ്പനിനീർ പൂവിനേക്കാളും മനോഹാരിത.  എനിക്കുള്ളംകയ്യിൽ നീ വെച്ച് തരുന്ന ഒരു തുണ്ട് കൽക്കണ്ട കഷണത്തിനുണ്ട്, ഏത് തേനിനേക്കാളും മധുരം.  നിൻ്റെ കൈ പിടിച്ച് ഞാൻ കാണുന്ന കാഴ്ചകൾക്കുണ്ട് മറ്റെന്തിനെക്കാളും വശ്യത.  നിൻ്റെ കണ്ണിൽ ഞാൻ കാണുന്നൊരീ സ്നേഹത്തിനുണ്ട്, നിൻ്റെ മനസ്സ് പോലെ, ഒരു കടലിനെക്കാളുമാഴം.  കരുതലിൻ്റെ ചൂടുള്ള നിൻ്റെ വിരൽത്തുമ്പിലുണ്ട്, മാറ്റുരക്കാത്ത സ്നേഹം. എന്നോട് പറയുന്ന വാക്കിലും, നിൻ്റെ വിളിയിലും, ശ്വാസത്തിൻ്റെ താളത്തിലും, ആ നെഞ്ചിടിപ്പിൽ പോലുമുണ്ട് ഞാൻ.   നീ പോലും അറിയാതെ നിന്നെക്കാൾ ഏറെയുണ്ട്..നിന്നിൽ, ഇന്നു ഞാൻ.

വിശ്വാസം

എന്തൊരു പൊള്ളുന്ന വാക്കാണത്! ഉള്ളം കയ്യിൽ വച്ചു താലോലിച്ചവക്ക്, ഒരു കുമ്പിൾ വെള്ളത്തിൻ്റെ ചോരുന്ന ആയുസ്സ് മാത്രമെന്ന്, ഒരു നേരമ്പോക്കിൻ്റെ നിസ്സാരത മാത്രമെന്ന്, നിറം മങ്ങി പൊളിഞ്ഞടർന്നു വേഗം വീഴുമൊരു ചായമെന്ന്, കാണാതെ, അറിയാതെ എൻ്റെ നേർത്ത കൈ പൊള്ളി. ആ വാക്കിനിന്നും അതേ ചൂടാണ്.. വീണ്ടും പൊള്ളുമെന്നു പേടിച്ച് ഞാൻ മുറുകെ പിടിക്കാൻ പേടിക്കുന്നത്ര ചൂട്!

ചില നേരമ്പോക്ക് വിചാരങ്ങൾ

നമ്മൾ എല്ലാവരും കഥകളാണെന്ന് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന കഥകൾ, മരിച്ചു പോവുന്ന കഥകൾ, പിന്നെയും പിന്നെയും ആവർത്തിക്കുന്ന കഥകൾ. ഇതിവൃത്തത്തിൽ സമാനതകൾ ഉള്ള, എന്നാൽ കഥാപാത്രങ്ങളിൽ വ്യത്യസ്ഥതയുള്ള കഥകൾ.  ചിലരെ വിധി ചെറുകഥയായി ചുരുക്കുന്നു. മറ്റു ചിലരെ അധ്യായങ്ങൾ നീണ്ട നോവലുകളാക്കുന്നു. ചിലരെ പാതിയിൽ നിലച്ച പരിവേദനങ്ങൾ പോലെ, പറയാൻ ഇനിയും ഒട്ടേറെ ബാക്കി നിർത്തി, ധൃതിയിൽ എങ്ങോ കൊണ്ടു പോവുന്നു. എങ്കിൽ കൂടിയും, നമ്മൾ എല്ലാവരും കഥകൾ തന്നെയാണ്. സ്നേഹത്തിൻ്റെ, പ്രതീക്ഷകളുടെ, സഹനത്തിൻ്റെ,  തോൽവികളുടെ, കണ്ണുനീരിൻ്റെ, ഉയിർത്തെഴുന്നേല്പു്കളുടെ കഥകൾ. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന, ചിലപ്പോൾ ഉള്ളു നീറ്റുന്ന കഥകൾ. ചിലപ്പോഴൊക്കെ അസുഖകരമായ വായിക്കാൻ ഇഷ്ടമില്ലാത്ത കഥകൾ. കഥകളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് ഇറങ്ങി വരുമ്പോൾ മാത്രം നമ്മൾ വ്യത്യസ്തരാവുന്നു. ഭാവങ്ങളുടെ തീക്ഷ്ണത ഉൾക്കൊണ്ട് ജനനം മുതൽ മരണം വരെ എത്രയെത്ര വേഷങ്ങൾ ആണ് നമ്മൾ കെട്ടുന്നതും, ചുറ്റിനും കാണുന്നതും.  എത്രയെത്ര കഥാപാത്രങ്ങൾ ആണ് ഒരു മിന്നായം പോലെ നമ്മൾ കണ്ടു മറന്നു പോവുന്നത്. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും

മൗനം

പറയേണ്ടിയിരുന്നത്, നീ എനിക്ക് എല്ലാം ആണെന്നാണ് , നീ ഇല്ലാതെ ഞാൻ ഇല്ലെന്നാണ് , നിന്നെ എനിക്ക് അത്രമേൽ ഇഷ്ടമാണെന്നാണ്. പറഞ്ഞില്ല. ഹൃദയത്തിലെ വാക്കുകളൊക്കെ എൻ്റെ മൗനത്തിൽ ഒളിപ്പിച്ച് ഞാൻ മറ്റെന്തോ പറഞ്ഞു. നിൻ്റെ കണ്ണിലപ്പോൾ ഉരുണ്ടുകൂടിയ നനവ് കണ്ട്, എനിക്ക് തെറ്റിയെന്ന് ഞാനറിഞ്ഞു. നിൻ്റെ ഉള്ളു പിടഞ്ഞത് ഞാൻ കണ്ടു. എങ്കിലും, മൗനത്തിൻ്റെ തിരശ്ശീലക്കപ്പുറം മറഞ്ഞിരുന്ന്,   ഞാൻ അത് കാണാത്തതായി നടിച്ചു, നമുക്ക് നല്ലത് നേർന്നു. എൻ്റെ മൗനം കൊണ്ട് നിന്നെയും പിന്നെയീ എന്നെയും ഞാനിന്ന് തോൽപ്പിച്ചു.

അരികെ

കൊതിച്ചത് നിന്നോടൊത്തുള്ള ഒരു ആയുഷ്ക്കാലമാണെങ്കിൽ, എനിക്കു കിട്ടിയതോ വിരലിൽ എണ്ണാവുന്നത്ര കുറച്ച്  നിമിഷങ്ങളാണ്.. ഞാനിന്ന്,  നിന്നെ കണ്ടു മതിയാവാത്തൊരീ  കണ്ണുകളാണ്,  നിൻ്റെ സംഭാഷണങ്ങൾക്കായി മാത്രമുള്ള  കാതോർക്കലുകളാണ്,  നിൻ്റെ വിരൽത്തുമ്പൊന്ന് തൊടാൻ  വെമ്പുന്നയീ വിരലുകളാണ്,  നിൻ്റെ നെഞ്ചോടെന്നും ചേർന്നുറങ്ങാൻ  കൊതിക്കുന്നൊരു മനസ്സാണ്..  ഞാനിന്ന്,  എനിക്കു നിന്നോടുള്ള പ്രണയം മാത്രമാണ്..