മാറാത്ത, മാറേണ്ട വിചാരങ്ങൾ

പെന്മക്കളോട് വിവാഹശേഷം അച്ഛനമ്മമാർ പറയുന്ന ഒരു പതിവ് പല്ലവിയുണ്ട്. ഇനി നിൻ്റെ ഭർത്താവിൻ്റെ വീടാണ് നിൻ്റെ വീട്, അല്ലാതെ ഇതല്ല, അവിടെയുള്ളവരാണ് നിൻ്റെ അച്ഛനും അമ്മയും, അല്ലാതെ ഞങ്ങളല്ല എന്ന് ! ഇത് ഒരു തവണയെങ്കിലും കേൾക്കാത്ത, എൻ്റെ തലമുറയിൽ ഉളളവർ ചുരുക്കം. അത് കേട്ട് സന്തോഷം തോന്നിയവർ പക്ഷേ അതിനേക്കാൾ ചുരുക്കമാവും.

ജനിച്ച് പത്തിരുപത് വർഷത്തിലേറെ താൻ വളർന്ന,തൻ്റെ കളിചിരികളും സങ്കടങ്ങളും  ശ്വാസോച്ഛാസങ്ങളും നിറഞ്ഞ, തനിക്കെന്നും സുരക്ഷിതത്വത്തിൻ്റെ ചൂട് നൽകിയ, താൻ ഉണ്ടും ഉറങ്ങിയും സ്വപ്നങ്ങൾ കണ്ടും തൻ്റെതെന്ന് അത്രയും കാലം കരുതിയ വീട്.. അവിടെയാണ് പെട്ടെന്ന് താൻ അന്യയാവുന്നത്. സ്വന്തം അച്ഛൻ്റെയും അമ്മയുടെയും സ്നേഹം, കരുതൽ, ആ തണൽ, അതിൻ്റെ ധൈര്യമാണ് , കല്യാണമെന്ന കടമക്ക് ഒടുവിൽ പെട്ടെന്നങ്ങു മങ്ങുന്നത്. അതുവരെ കൈ പിടിച്ചവരാണ് അവകാശം കൈമാറി, മാറി നിൽക്കുന്നത്. അതിൽ എന്നെന്നും സന്തോഷിക്കാൻ എത്ര പേർക്ക് പറ്റിയിട്ടുണ്ടാവും?

മനസ്സിലാക്കാം, പുതിയ മാറ്റങ്ങൾ നിനക്ക് ഉൾക്കൊള്ളാൻ സാധിക്കട്ടെ എന്ന് പറഞ്ഞാൽ. ചെന്ന് കേറുന്നയിടത്തെ സന്തോഷമാവാനും, അവിടെ സ്വയം സന്തോഷത്തോടെ ഇരിക്കാനും സാധിക്കണം എന്ന് പറഞ്ഞാൽ. മറ്റുള്ളവരെ നിൻ്റെത് പോലെ സ്നേഹിക്കാനും, ക്ഷമിക്കേണ്ടയിടത്ത് ക്ഷമിക്കാനും പഠിപ്പിച്ചാൽ. എന്ത് കാണണമെന്നും എന്ത് കണ്ടില്ലെന്നു വെക്കണമെന്നും ഉപദേശിച്ചാൽ. അതല്ലാതെ, ഒരു താലി ചരട് നൽകുന്ന അസ്തിത്വവും, അത് പകുക്കുന്ന ജീവിതവും  ആണ് തൻ്റേത് എന്ന് ഒരു പെണ്ണിനോട് പറയുന്നത് നിർത്തേണ്ട കാലം അതിക്രമിച്ചില്ലെ?

മാറ്റങ്ങളിൽ മനസ്സ് വിങ്ങി, പെണ്ണായി പിറന്നതിൻ്റെ പരിതാപം പേറിയാണ് ഓരോ പെണ്ണിൻ്റെയും രണ്ടാം ജീവിതം.
ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്ക്, ചുറ്റുപാടുകളിൽ നിന്ന് ചുറ്റുപാടുകളിലേക്ക്, പറിച്ചു നടലുകളുടേയും, വാട്ടത്തിൻ്റെയും, ചിലപ്പോൾ പച്ച പിടിക്കലിൻ്റെയും ഇടക്ക്,
നിൻ്റെതല്ലെന്നും വന്നുകേറിയവളെന്നും ഉള്ള രണ്ടു വാക്കുകളുടെ ഇടക്ക് കുരുങ്ങി കിടക്കുന്നു ഇന്നും പെണ്ണിൻ്റെ ജീവിതം എന്നാരാണ് അറിയുന്നത്??

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്