Posts

Showing posts from 2018

തിരിച്ചറിവ്

വെളുത്ത വിരികളുള്ള ഈ ജനല്‍പ്പാളികള്‍ എനിക്ക് തുറന്നു തരുന്ന ലോകത്തില്‍ അങ്ങ് ദൂരെ ഒരു നീലിമയുണ്ട്. ഈ ജനലിനു അഭിമുഖമായിരുന്ന് ഞാന്‍ എന്റെ മനസ്സിനെ എന്റെ കൈപ്പടയിലെ അക്ഷരങ്ങളായി ഈ കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ദൂരെ നിന്ന് നേര്‍ത്ത ഉപ്പുരസവുമായി കിതച്ചുകൊണ്ട് എത്തുന്ന കടല്‍ക്കാറ്റ് എന്നെ തഴുകുകയാണു. സ്വപ്നങ്ങളുടെ ഒരായിരം വര്‍ണ്ണങ്ങളും, വിലമതിക്കാനാവാത്ത സ്നേഹത്തിന്റെ മുത്തുകളും ആ നീലിമയില്‍ ഒളിപ്പിക്കുന്ന, ഇടക്ക് ദുഖത്തിന്റെ പേമാരിയില്‍ ആര്‍ത്തിരമ്പുന്ന കടല്‍..എന്റെ മനസ്സു പോലെയാണു. അടുത്തെത്തുമ്പോഴൊക്കെ എന്നെ തൊടാന്‍ ഓടിയെത്തുന്ന നിലക്കാത്ത സ്നേഹത്തിന്റെ ആ തിരമാലകളെ എനിക്ക് നിന്നോളം ഇഷ്ടമാണു. തീവെട്ടിക്കുന്നിന്റെ മുകളില്‍ നിന്ന് മാത്രമെ ഞാന്‍ മുന്‍പ് കടല്‍ കണ്ടിട്ടുള്ളൂ. വീടിന്റെ പുറകുവശത്തുള്ള വെട്ടുകല്ല് പാകിയ പടിക്കെട്ട് ഇറങ്ങി, ഉരുളന്‍ കല്ലുകള്‍ മുഴച്ച് നില്‍ക്കുന്ന വഴിയിലൂടെ നടന്നാല്‍ പിന്നെ മരങ്ങളുടെ കൂട്ടമാണു. ആ വഴി ചെന്ന് അവസാനിക്കുന്നത് കുന്നിന്റെ മുകളിലും. എന്റെ ചിന്തകളെ ആട്ടിപ്പായിച്ച്, തന്നിലേക്ക് മാത്രം എന്റെ മനസ്സിനെ പിടിച്ച് നിര്‍ത്താന്‍ എന്ത് മാസ്മരികതയാണു വെറുതെ കരയിലേ

ഇലഞ്ഞിപ്പൂമണം

ഒരു പതിവു സായാഹ്നം. വയലിന്‍ ക്‍ളാസ്സും കഴിഞ്ഞു ഞാന്‍ പതുക്കെ ബസ് ബേയിലേക്ക് നടന്നു. ഏകാന്തതയുടെ മടുപ്പില്‍, ഞാന്‍ നേരത്തെ വരുമ്പോഴൊക്കെ നേരം വൈകി എത്തുന്ന ബസ്സിനോടുള്ള പരിഭവത്തോടെ നിന്ന എന്നെത്തേടി ഒരു മണം എത്തി - ഇലഞ്ഞിപ്പൂമണം. ഇതിപ്പോ ഇവിടെ എവിടുന്നാ ഇലഞ്ഞിപ്പൂ' എന്നാലോചിച്ചു നോക്കിയപ്പോഴാണു എന്റെ കാല്‍ചുവട്ടില്‍ ചിതറിക്കിടക്കുന്ന ആ കുഞ്ഞുപൂക്കളെ ഞാന്‍ ശ്രദ്ധിച്ചത്. തലക്കു മുകളില്‍ അവ കൊഴിഞ്ഞു വീണ കുഞ്ഞു മരവും. ഈ നറുമണങ്ങള്‍ മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ, നമ്മള്‍ എന്നോ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഓര്‍മ്മകളെ നമുക്ക് വേണ്ടി തുറന്നുതരും. ഈ കുഞ്ഞുപൂക്കള്‍ എന്നെ കൊണ്ടു പോയത് കാര്‍മേഘം പോലെ മൂടിക്കെട്ടിയ മുഖവുമായി അമ്മയുടെ കൈ പിടിച്ച് സ്ക്കൂളിലേക്ക് പോവുന്ന, പുതുപുസ്തകത്തിന്റെ മണമുള്ള, മഴയുടെ ഈര്‍പ്പമുള്ള തിങ്കളാഴ്ച്ചകളുടെ ഓര്‍മ്മകള്‍ക്കും അപ്പുറം..ഞാന്‍ പിച്ച വെച്ച് നടന്ന ഒരു അമ്പലമുറ്റത്തേക്കാണു. ഇലഞ്ഞിമരം തണല്‍ വിരിച്ച ആ മുറ്റത്തേക്ക്..അവിടത്തെ സന്ധ്യകളുടെ ഓര്‍മ്മകളിലേക്ക്... വാല്‍ക്കണ്ണാടിയില്‍ കുടികൊള്ളുന്ന ചുവന്ന പട്ടുടുത്ത വാളും ചിലമ്പും അണിഞ്ഞ ഭഗവതിയെ എന്നും തൊഴുതിരുന്ന,

ചെറിയ വലിയ നുണകൾ

ആദ്യമായി ഞാൻ അവളെ കാണുമ്പോ അവൾ പത്താം തരം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഡിഗ്രിക്ക് ചേർന്നിരുന്നെങ്കിൽ ഞാൻ അന്ന് രണ്ടാം വര്ഷം ആയിരുന്നേനെ. പ്രീ ഡിഗ്രി കഴിഞ്ഞു തുടർപഠനം പക്ഷെ എനിക്ക് അന്ന് സ്വപ്നം മാത്രം ആയിരുന്നല്ലോ, ആഗ്രഹങ്ങളുടെയും അവസ്ഥകളുടെയും തുലാസിൽ പലതവണ തൂക്കിനോക്കിയിട്ടും നടക്കാതെ പോയ വെറുമൊരു സ്വപ്നം. ഇഷ്ടമായിരുന്നു എനിക്കവളെ, ഒരുപാട്. പക്ഷെ ഞാൻ പറഞ്ഞില്ല, ഒരിക്കലും, ഒരു നോട്ടം കൊണ്ട് പോലും. വിജയേട്ടനു അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോഴും, അതവളോട് പറഞ്ഞെന്ന് അറിയുന്ന മൂന്നാമതൊരാൾ ഞാൻ ആയപ്പോഴും, ഞാൻ മിണ്ടിയില്ല. ' ആഹാ..നന്നായി. നിങ്ങൾ തമ്മിൽ ചേരും' എന്നൊരു നെഞ്ചു പറിയുന്ന നുണയല്ലാതെ. പിന്നീടവരെ ഒരുമിച്ച് കണ്ടപ്പോഴൊക്കെ എന്റെ വേദനകളെ നുണകൾ കൊണ്ട് മൂടി ഞാൻ അഭിനയിച്ചു. സ്വയം ശാസിച്ചു, അക്കമിട്ടു നിരത്തുമ്പോ സ്നേഹത്തിനും മനസ്സിനും മേലെ ആണ് അല്ലെങ്കിലും പണത്തിന്റെ സ്ഥാനം എല്ലാവര്ക്കും എന്ന് എടുത്തു പറഞ്ഞ്. ഉഷക്ക് മനസ്സിലായിരുന്നു. എങ്ങനെയോ. 'നിനക്കവളോട് പറഞ്ഞൂടെ' എന്ന് ചോദിച്ചിട്ടുണ്ട് രണ്ടുമൂന്നു തവണ. 'അവൾ നിന്നെ മനഃപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്. നിനക്ക് വിജയ

കനകച്ചിലമ്പ്

ചെമ്പട്ടു ചേല. അതിലെ ഒറ്റവിരല്‍ തങ്കക്കസവ് തിങ്കള്‍ക്കല പോലെ തിളങ്ങി. കാലില്‍ കനകച്ചിമ്പ്. വജ്രങ്ങള്‍ മിന്നുന്ന ഒഡ്യാണം. രത്നശോഭയുള്ള കാപ്പും, കുണ്ഡലങ്ങളും, കണ്ഡശ്ശരവും ആ സൂര്യശോഭക്കു മുന്നില്‍ നിഷ്പ്രഭമായി തോന്നി. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ തേജസ്സ്.. ഞെട്ടി ഉണരുമ്പോള്‍ അമ്പലത്തില്‍ നിന്ന് ശംഖനാദം മൂന്നാം വട്ടം മുഴങ്ങുകയായിരുന്നു. സമയം മൂന്നര. 'അമ്മേ..മഹാമായേ..' മനസ്സു കൊണ്ട് ദേവിയെ സാഷ്ടാങ്കം വണങ്ങി എഴുന്നേറ്റു. അമ്പലത്തില്‍ നിന്ന് മണിയൊച്ച കേള്‍ക്കുന്നു. തിരുമേനി നട തുറക്കുകയാണു. മീനച്ചൂടുള്ള രാത്രിയുടെ അവസാനം തണുപ്പിന്റെ തലോടലുമായി എത്തിയ ബ്രാഹ്മമുഹൂര്‍ത്തം. പതിയെ അമ്പലക്കുളത്തിലേക്ക് നടന്നു. കുളക്കടവില്‍ ആളനക്കം കേള്‍ക്കാം. നോക്കുമ്പോള്‍ ശ്രീധരന്‍ ആണു. ശ്രീധരാ..മേളക്കാരൊക്കെ സമയത്തിനു എത്തുവല്ലോ ല്ലേ. ഇന്നലെ രാവിലെയാണു എല്ലാരും വീടെത്തിയെ എന്ന് കുട്ടന്‍ പറയണുണ്ടായി' 'ഹ്മും..അതെ.എന്നാലും ഉച്ച ആവുമ്പഴക്കും എത്തും എല്ലാരും. അവിടെ മുടിയേറ്റ് കേമായിട്ടോ. അച്ഛനെ പോലെ തന്നെ കേമാവണ്ട് മകന്റേം.' 'ഭഗവതീടെ അനുഗ്രഹം.പാരമ്പര്യായി കിട്ട്യ നിയോഗാണു.