ഇലഞ്ഞിപ്പൂമണം

ഒരു പതിവു സായാഹ്നം. വയലിന്‍ ക്‍ളാസ്സും കഴിഞ്ഞു ഞാന്‍ പതുക്കെ ബസ് ബേയിലേക്ക് നടന്നു. ഏകാന്തതയുടെ മടുപ്പില്‍, ഞാന്‍ നേരത്തെ വരുമ്പോഴൊക്കെ നേരം വൈകി എത്തുന്ന ബസ്സിനോടുള്ള പരിഭവത്തോടെ നിന്ന എന്നെത്തേടി ഒരു മണം എത്തി - ഇലഞ്ഞിപ്പൂമണം.

ഇതിപ്പോ ഇവിടെ എവിടുന്നാ ഇലഞ്ഞിപ്പൂ' എന്നാലോചിച്ചു നോക്കിയപ്പോഴാണു എന്റെ കാല്‍ചുവട്ടില്‍ ചിതറിക്കിടക്കുന്ന ആ കുഞ്ഞുപൂക്കളെ ഞാന്‍ ശ്രദ്ധിച്ചത്. തലക്കു മുകളില്‍ അവ കൊഴിഞ്ഞു വീണ കുഞ്ഞു മരവും.

ഈ നറുമണങ്ങള്‍ മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ, നമ്മള്‍ എന്നോ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഓര്‍മ്മകളെ നമുക്ക് വേണ്ടി തുറന്നുതരും.

ഈ കുഞ്ഞുപൂക്കള്‍ എന്നെ കൊണ്ടു പോയത് കാര്‍മേഘം പോലെ മൂടിക്കെട്ടിയ മുഖവുമായി അമ്മയുടെ കൈ പിടിച്ച് സ്ക്കൂളിലേക്ക് പോവുന്ന, പുതുപുസ്തകത്തിന്റെ മണമുള്ള, മഴയുടെ ഈര്‍പ്പമുള്ള തിങ്കളാഴ്ച്ചകളുടെ ഓര്‍മ്മകള്‍ക്കും അപ്പുറം..ഞാന്‍ പിച്ച വെച്ച് നടന്ന ഒരു അമ്പലമുറ്റത്തേക്കാണു. ഇലഞ്ഞിമരം തണല്‍ വിരിച്ച ആ മുറ്റത്തേക്ക്..അവിടത്തെ സന്ധ്യകളുടെ ഓര്‍മ്മകളിലേക്ക്...

വാല്‍ക്കണ്ണാടിയില്‍ കുടികൊള്ളുന്ന ചുവന്ന പട്ടുടുത്ത വാളും ചിലമ്പും അണിഞ്ഞ ഭഗവതിയെ എന്നും തൊഴുതിരുന്ന, കത്തിച്ചു വെച്ച ചെറിയ വിളക്ക് മുല്ലത്തറകളില്‍ കൊണ്ട് വെക്കാന്‍ വാശി പിടിച്ചിരുന്ന, കശുമാവിന്റെ ഇലകള്‍ വീണ വഴിയിലൂടെ സര്‍പ്പക്കാവിലേക്ക് പോവാന്‍ പേടിച്ചിരുന്ന, കര്‍പ്പൂര തട്ടില്‍ നിന്നും ഭസ്മം തൊട്ടു തരുമ്പോള്‍ എനിക്ക് നാവിലും വേണം എന്നു പറഞ്ഞിരുന്ന, ഇലഞ്ഞിപ്പൂ പെറുക്കി ഈര്‍ക്കിലിയില്‍ കോര്‍ത്ത് നടന്നിരുന്ന,അമ്മ എന്ന പദം പോലും ചെറുതാവുന്ന ഒരു നറുസ്നേഹത്തിന്റെ വിരല്‍ത്തുമ്പില്‍ ലോകം ചുറ്റിയിരുന്ന, നന്മയുടെ ഒരു പിടി ഓര്‍മ്മകളിലേക്ക്..എന്റെ ബാല്യത്തിലേക്ക്.

ആ ഇലഞ്ഞി അവിടെ ആരു വെച്ചതാണെന്ന് അറിയില്ല. ആലിനേക്കാളും പ്രായമുണ്ട് ഇലഞ്ഞിക്ക്. നല്ല വണ്ണവും ആകാശം മുട്ടെ ഉയരവും. ഞാന്‍ ചെല്ലുമ്പോഴൊക്കെ മുറ്റം നിറച്ചും പൂവാണു. യക്ഷിയുണ്ടത്രെ അതിനു മുകളില്‍. പക്ഷേ എന്തുകൊണ്ടോ പേടി തോന്നിയിട്ടില്ല ഇതുവരെ. ഭഗവതിയുള്ളപ്പോള്‍ പേടിക്കണ്ടല്ലോ എന്നു മുതിര്‍ന്നവര്‍ പറഞ്ഞു തന്നതും കൊണ്ടാവാം.

മുട്ടിനൊപ്പം നില്‍ക്കുന്ന തന്റെ മുടിയില്‍ എന്നും യക്ഷി ഇലഞ്ഞിപ്പൂ ചൂടുന്നുണ്ടാവും. "വേണ്ടാത്തതൊന്നും വിചാരിക്കാന്‍ നില്‍ക്കണ്ടാ ട്ടൊ" എന്ന ശാസന കിട്ടും എന്നുള്ളത് കൊണ്ട് എന്റെ ഈ തോന്നല്‍ വേറെ ആരോടും പറഞ്ഞില്ല നാളിതുവരെ.

ജീവിതതിന്റെ ഓട്ടപ്പാച്ചിലിനിടക്ക് അവിടേക്കുള്ള സന്ദര്‍ശനം വല്ലപ്പോഴുമായി.അമ്പലത്തില്‍ ഇപ്പോള്‍ തിടപ്പള്ളി പണിയാന്‍ പോവ്വാണത്രെ. കഴിഞ്ഞ തവണ ചെന്നപ്പോള്‍ ഇലഞ്ഞിത്തറ സിമെന്റു വെച്ച് കെട്ടിയിരുന്നു.കാലത്തിന്റെ പരിഷ്ക്കാരങ്ങള്‍. ഇലഞ്ഞിപ്പൂമണമുള്ള അവിടത്തെ കാറ്റിനു മാത്രം ഇന്നും ഒരു മാറ്റവുമില്ല. അല്ലെങ്കിലും എളുപ്പം മാറുന്നത് നമ്മള്‍ മനുഷ്യരല്ലേ......

Comments

  1. This comment has been removed by the author.

    ReplyDelete
  2. ഒരു കള്ളിയങ്കാട്ടു നീലീടെ സാമിപ്യം കാണുന്നെടെല്ലോ , നന്നായി അവതരിപ്പിച്ചു

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്