തിരിച്ചറിവ്

വെളുത്ത വിരികളുള്ള ഈ ജനല്‍പ്പാളികള്‍ എനിക്ക് തുറന്നു തരുന്ന ലോകത്തില്‍ അങ്ങ് ദൂരെ ഒരു നീലിമയുണ്ട്. ഈ ജനലിനു അഭിമുഖമായിരുന്ന് ഞാന്‍ എന്റെ മനസ്സിനെ എന്റെ കൈപ്പടയിലെ അക്ഷരങ്ങളായി ഈ കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ദൂരെ നിന്ന് നേര്‍ത്ത ഉപ്പുരസവുമായി കിതച്ചുകൊണ്ട് എത്തുന്ന കടല്‍ക്കാറ്റ് എന്നെ തഴുകുകയാണു.

സ്വപ്നങ്ങളുടെ ഒരായിരം വര്‍ണ്ണങ്ങളും, വിലമതിക്കാനാവാത്ത സ്നേഹത്തിന്റെ മുത്തുകളും ആ നീലിമയില്‍ ഒളിപ്പിക്കുന്ന, ഇടക്ക് ദുഖത്തിന്റെ പേമാരിയില്‍ ആര്‍ത്തിരമ്പുന്ന കടല്‍..എന്റെ മനസ്സു പോലെയാണു. അടുത്തെത്തുമ്പോഴൊക്കെ എന്നെ തൊടാന്‍ ഓടിയെത്തുന്ന നിലക്കാത്ത സ്നേഹത്തിന്റെ ആ തിരമാലകളെ എനിക്ക് നിന്നോളം ഇഷ്ടമാണു.

തീവെട്ടിക്കുന്നിന്റെ മുകളില്‍ നിന്ന് മാത്രമെ ഞാന്‍ മുന്‍പ് കടല്‍ കണ്ടിട്ടുള്ളൂ. വീടിന്റെ പുറകുവശത്തുള്ള വെട്ടുകല്ല് പാകിയ പടിക്കെട്ട് ഇറങ്ങി, ഉരുളന്‍ കല്ലുകള്‍ മുഴച്ച് നില്‍ക്കുന്ന വഴിയിലൂടെ നടന്നാല്‍ പിന്നെ മരങ്ങളുടെ കൂട്ടമാണു. ആ വഴി ചെന്ന് അവസാനിക്കുന്നത് കുന്നിന്റെ മുകളിലും. എന്റെ ചിന്തകളെ ആട്ടിപ്പായിച്ച്, തന്നിലേക്ക് മാത്രം എന്റെ മനസ്സിനെ പിടിച്ച് നിര്‍ത്താന്‍ എന്ത് മാസ്മരികതയാണു വെറുതെ കരയിലേക്ക് ഓടിയടുക്കുന്ന ആ തിരകള്‍ക്കുള്ളതെന്ന് ഇടക്ക് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അവിടെ മാത്രം സമയത്തിന്റെ കണക്ക് എനിക്ക് നഷ്ടപ്പെടുന്നതെന്തുകൊണ്ടാണെന്നും.

തീവെട്ടിക്കുന്നും കടലും അസ്തമയവും എന്റെ ദിനചര്യയായി മാറിയിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണു ഞാന്‍ അറിഞ്ഞത്..അവിടെ ഞാന്‍ തനിച്ചായിരുന്നില്ല എന്ന്. ചിതല്‍ അരിച്ച് ദ്രവിച്ച് തുടങ്ങിയ ഒരു മരക്കുരിശും അതില്‍ വെയിലും മഴയുമേറ്റ് മാഞ്ഞ് തുടങ്ങിയ റോഡ്രിക്സ് ബെന്നി എന്ന പേരും എനിക്ക് മുന്നില്‍ മരണം എന്ന സത്യത്തെ മാത്രമല്ല, നഷ്ടപ്പെട്ടതും നേടിയതും നേടാന്‍ കൊതിച്ചതുമെല്ലാം ഇവിടെ ഈ മണ്ണില്‍ അവസാനിപ്പിച്ച്, എനിക്ക് മുന്നേ ഈ ജീവിതവഴിയിലൂടെ നടന്നു പോയ ഒരാളെയാണു കാട്ടിത്തന്നത്. ജീവിത ഭാരങ്ങള്‍ ഇല്ലാത്ത, ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയില്ലാത്ത, എന്റെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത ഒരാളുടെ കൂട്ട് എനിക്ക് രസകരമായി തോന്നി. രാത്രി ഭക്ഷണനേരത്തെ സംഭാഷണ ശകലങ്ങളായി അത് എന്റെ നാവിന്‍ തുമ്പില്‍ നിന്ന് വീണപ്പോള്‍ പക്ഷേ എന്റെ മുന്നില്‍ തീവെട്ടിക്കുന്നിനു വിലക്ക് വീണു.

പിന്നെ ഞാന്‍ കടലു കാണുന്നത് നിന്നോടൊപ്പമാണു. മണല്‍ത്തരികളില്‍ ഞാന്‍ അന്ന് കോറിയിട്ട നിന്റെ പേരിനെ ക്ഷണനേരത്തില്‍ മായ്ച്ച തിരകള്‍ക്ക് പക്ഷെ എന്റെ മനസ്സില്‍ കോറിയിട്ട നിന്റെ പേരു മായ്ക്കാന്‍ ആവുന്നില്ല..കാലമിത്ര കഴിഞ്ഞിട്ടും.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങ് ദൂരെ കാതങ്ങള്‍ക്കപ്പുറത്ത് പരിഷ്ക്കാരം മനം മടുപ്പിക്കുന്ന ഈ നഗരത്തില്‍ താമസിക്കുമ്പോള്‍ മനസ്സില്‍ തീവെട്ടിക്കുന്നും, എന്റെ കടലും നിറം മങ്ങിത്തുടങ്ങിയ ഓര്‍മ്മകളാവുന്നു. അല്ലെങ്കിലും ഇവിടത്തെ തിരക്കു പിടിച്ച ജോലിക്കിടയില്‍ ഒന്നിനും നേരം കിട്ടാറില്ല. മാസാവസാനം കിട്ടുന്ന അഞ്ചക്ക ശമ്പളത്തിന്റെ കൂട്ടിക്കിഴിക്കലുകളില്‍, ജീവിതം കരുപ്പിടിപ്പിക്കുന്ന ഓട്ടത്തിനിടയില്‍, കടലോളം സ്നേഹത്തിനു പകരം കുന്നോളം കണ്ണീരു തിരിച്ച് നല്‍കിയ ഒരു നഷ്ട പ്രണയത്തിനു വീര്യം കുറഞ്ഞിരിക്കുന്നു. അക്ഷരങ്ങളിലൂടെ നിന്റെ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുമ്പോള്‍ അതിലെ വിരഹത്തിന്റേയും വേദനയുടേയും വിഷത്തിനു കാഠിന്യം കുറഞ്ഞിരിക്കുന്നു എന്നിപ്പോള്‍ തോന്നുന്നു.

എനിക്ക് അവസാനം തിരിച്ചറിവ് ഉണ്ടായിരിക്കുന്നു - ഞാന്‍ ഒരിക്കലും നീയെന്ന കടലിന്റെ കരയായിരുന്നില്ലെന്ന്...!!

Comments

  1. തിരിച്ചറിഞ്ഞു നീയെന്ന നിഷിദ്ധമാം സത്യത്തെ ...
    നല്ലെഴുത്

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്