ചെറിയ വലിയ നുണകൾ

ആദ്യമായി ഞാൻ അവളെ കാണുമ്പോ അവൾ പത്താം തരം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഡിഗ്രിക്ക് ചേർന്നിരുന്നെങ്കിൽ ഞാൻ അന്ന് രണ്ടാം വര്ഷം ആയിരുന്നേനെ. പ്രീ ഡിഗ്രി കഴിഞ്ഞു തുടർപഠനം പക്ഷെ എനിക്ക് അന്ന് സ്വപ്നം മാത്രം ആയിരുന്നല്ലോ, ആഗ്രഹങ്ങളുടെയും അവസ്ഥകളുടെയും തുലാസിൽ പലതവണ തൂക്കിനോക്കിയിട്ടും നടക്കാതെ പോയ വെറുമൊരു സ്വപ്നം.

ഇഷ്ടമായിരുന്നു എനിക്കവളെ, ഒരുപാട്. പക്ഷെ ഞാൻ പറഞ്ഞില്ല, ഒരിക്കലും, ഒരു നോട്ടം കൊണ്ട് പോലും.

വിജയേട്ടനു അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോഴും, അതവളോട് പറഞ്ഞെന്ന് അറിയുന്ന മൂന്നാമതൊരാൾ ഞാൻ ആയപ്പോഴും, ഞാൻ മിണ്ടിയില്ല. ' ആഹാ..നന്നായി. നിങ്ങൾ തമ്മിൽ ചേരും' എന്നൊരു നെഞ്ചു പറിയുന്ന നുണയല്ലാതെ.

പിന്നീടവരെ ഒരുമിച്ച് കണ്ടപ്പോഴൊക്കെ എന്റെ വേദനകളെ നുണകൾ കൊണ്ട് മൂടി ഞാൻ അഭിനയിച്ചു. സ്വയം ശാസിച്ചു, അക്കമിട്ടു നിരത്തുമ്പോ സ്നേഹത്തിനും മനസ്സിനും മേലെ ആണ് അല്ലെങ്കിലും പണത്തിന്റെ സ്ഥാനം എല്ലാവര്ക്കും എന്ന് എടുത്തു പറഞ്ഞ്.

ഉഷക്ക് മനസ്സിലായിരുന്നു. എങ്ങനെയോ. 'നിനക്കവളോട് പറഞ്ഞൂടെ' എന്ന് ചോദിച്ചിട്ടുണ്ട് രണ്ടുമൂന്നു തവണ. 'അവൾ നിന്നെ മനഃപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്. നിനക്ക് വിജയനെ അറിയാലോ. അത് നല്ല രീതിയിൽ അവസാനിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക് '. ചോദ്യങ്ങൾ ഒരിക്കൽ അത്രത്തോളം എത്തിയെങ്കിലും എനിക്കങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ. വീണ്ടുമൊരു നുണ. എങ്കിലും ഞാൻ കരയുന്നത് ഉഷ കണ്ടിരുന്നിരിക്കണം. കാരണം അതിനു ശേഷം ഉഷ അവളോട് മിണ്ടിയിരുന്നില്ല.

ഉഷ പറഞ്ഞത് സത്യമായിരുന്നു. ആ ബന്ധം ഒരിക്കലും നല്ലരീതിയിൽ മുന്നോട്ട് പോയില്ല. വിജയേട്ടന്റെ സ്വഭാവം എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അതിനെക്കാളേറെ അവളുടെ കണ്ണീരും. എങ്കിലും ആശ്വാസ വാക്കായി ഞാൻ ആ മുഖത്ത് നോക്കി പറഞ്ഞത് പക്ഷെ 'എല്ലാം ശരിയാവു'മെന്നാണ്. നുണയാണ്. അറിയാഞ്ഞിട്ടല്ല. പറയേണ്ടിയിരുന്നത് 'നിനക്ക് ഞാനുണ്ടെന്നാണ്'. പെരുമ്പറ പോലെ കൊട്ടിയ നെഞ്ചിനോട് പക്ഷെ അന്നേരം മനസ്സ് പറഞ്ഞത് അവസ്ഥകളാണ്, ഭാരങ്ങളാണ് - വീടിന്റെ, ചുമതലകളുടെ.

ആ ബന്ധം അവൾ അവസാനിപ്പിച്ചെന്നു അറിഞ്ഞപ്പോഴും ഞാൻ മിണ്ടിയില്ല. അവസരവാദിയെന്ന് കരുതുമോ എന്ന് പേടിച്ചല്ല, കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ധൈര്യത്തിന്റെ പുതിയൊരു ഭാവം കണ്ടേക്കുമെന്നു, അതവളെ മാറ്റിയേക്കുമെന്നു തോന്നിയിട്ടുമല്ല. ഒരു ഏട്ടനോടെന്ന പോലെ എന്റെ കയ്യ് പിടിച്ചു കരയുന്ന അവളെ ഇനിയും വേദനിപ്പിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അത്രക്ക് ഇഷ്ടമായിരുന്നു എനിക്കവളെ.

പിന്നീടങ്ങോട്ട് അതങ്ങനെ ആയിരുന്നു. അവളുടെ ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ച്ചകളിലും, രണ്ടു തോണികളിലെങ്കിലും, ഒരു വിളിപ്പാടകലെ ഞാൻ എന്നുമുണ്ടായി, ഒരേ തോണിയിൽ ഒരിക്കലും ഞങ്ങൾ കയറില്ല എന്നുൾക്കൊണ്ട്.

അവളുടെ വിവാഹത്തിനാണ് ഞാൻ ആദ്യമായും അവസാനമായും അവൾക്കായി എന്തെങ്കിലും ഒന്ന് വാങ്ങുന്നത്.
'എന്താടാ നമ്മൾ കൊടുക്ക?' എന്ന് അമ്മ ചോദിച്ചപ്പോൾ എനിക്ക് ഒരു ഉത്തരമുണ്ടായിരുന്നു.
'ഞാൻ ഒരു കസവു സാരി വാങ്ങി വെച്ചിട്ടുണ്ട് '
'ആ..നന്നായി. നിനക്ക് അവളെ വല്യ കാര്യം ആണെന്നറിയാം എനിക്ക്. ദൈവം നിനക്ക് ഒരു പെങ്ങളെ തന്നില്ലല്ലോ '
'ആ..അതെ '

വീണ്ടും നുണകൾ.

നമ്മളിൽ ചിലർ പൊങ്ങുതടികൾ ആണ്. ജീവിതത്തിന്റെ ഒഴുക്കിൽ സ്വയം തുഴയാൻ ആവാതെ വരുമ്പോൾ, ഒഴുക്കിന്റെ ദിശക്കൊപ്പം നീങ്ങാൻ വിധിക്കപ്പെട്ടവർ.

ഞാനും നീങ്ങി. വിവാഹം, കുട്ടികൾ. പണ്ടെങ്ങോ ഒഴുക്കിൽ ഉടക്കിപ്പോയ മനസ്സിന്റെ നീറ്റൽ ഇന്ന് വേർതിരിച്ചറിയാതായിരിക്കുന്നു. എനിക്കും ഓര്മകൾക്കും പ്രായം കൂടി വരുന്നു.

അവൾ വിളിക്കാറുണ്ട് ഇടക്ക്. കണ്ട കാലം മറന്നു. നാട്ടിലേക്ക് വരവ് തീരെ കുറവാണ്. എങ്കിലും വല്ലപ്പോഴും ഒരു വിളി മുടക്കാറില്ല. ഞാൻ ഒന്ന് മടിച്ചാലും അതെന്നെ തേടി എത്താതിരിക്കാറുമില്ല. അവളുടെ കുശലപ്രശ്നങ്ങൾ, മക്കളുടെ വിശേഷങ്ങൾ, ഏടത്തിയെപ്പറ്റി അന്വേഷണം എല്ലാം അവസാനിക്കുന്നത് എന്റെ പതിവ് ചോദ്യത്തിലാണ്,
' സന്തോഷമായി ഇരിക്കണില്ലേ നീ?'
'ഉവ്വ് '

മതി. എനിക്കെന്നും അത് മാത്രം മതി. ചെറിയ വലിയ നുണകളുടെ ഈ ജീവിതത്തിൽ അത് മാത്രം സത്യമായിരുന്നാൽ മതി എനിക്ക്.

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്