Posts

Showing posts from April, 2024

ഓർമ്മകളുടെ സൂക്ഷിപ്പുകാരി

ഓർമ്മകൾ സൂക്ഷിക്കുന്ന ഒരിടം ഉണ്ടായിരുന്നെങ്കിൽ, എനിക്ക് അതിൻ്റെ സൂക്ഷിപ്പുകാരിയാവണം. ഉറങ്ങിക്കിടക്കുന്ന അക്ഷരങ്ങളുടെ മണമുള്ള, ഒരുപാട് പുസ്തകങ്ങളുള്ള, ഒരു വലിയ ലൈബ്രറി പോലെ, നമ്മുടെയൊക്കെ ഓർമ്മകൾ പുസ്തകങ്ങൾ കണക്കെ അടുക്കി വെച്ചിരിക്കുന്ന ഷെൽഫുകൾ..അവ നിറഞ്ഞ ഒരുപാട് ഒരുപാട് ഇടനാഴികൾ. അനേകായിരം പേരുടെ, അനേകായിരം ഓർമ്മകളുടെ, സുഗന്ധം പുതച്ചു നിൽക്കുന്ന ആ ഒരിടത്ത്.. അവിടെ, നിങ്ങളറിയാതെ നിങ്ങളുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും എനിക്ക് എടുത്ത് നോക്കണം. തുറന്നു വായിക്കാൻ അനുവാദം ഇല്ലെങ്കിലും, ഓരോ പുറംചട്ടയിലെയും പടങ്ങൾ കാണണം. ചിലത് എന്നെ അത്ഭുതപ്പെടുത്തുമായിരിക്കും..ചിലത് കണ്ണ് നിറയിച്ചേക്കാം. മറ്റു ചിലപ്പോൾ അവ എൻ്റെ ചുണ്ടിലൊരു പുഞ്ചിരിയാവും വിടർത്തുക. ചിലതുടനെ ഞാൻ തിരിച്ച് വെക്കുമായിരിക്കും. നിങ്ങളുടെ സന്തോഷങ്ങൾ, വേദനകൾ, പ്രതീക്ഷകൾ, പ്രണയം, നേട്ടങ്ങൾ, പരാജയങ്ങൾ..എല്ലാത്തിലൂടെയും നിങ്ങളറിയാതെ ഞാൻ വിരലോടിക്കും.  എന്തായിരുന്നിരിക്കാം നിങ്ങളുടെ ഓരോ അധ്യായത്തിലുമെന്ന് കൗതുകത്തോടെ ഞാൻ ചിന്തിക്കും. നിങ്ങൾ കടന്നുപോയ, ഞാൻ കാണാത്ത വഴികളെ ഓർത്ത് ഒരുവേള ആശങ്കപ്പെടുമായിരിക്കും, നിങ്ങൾക്ക് നല്ലത് നേരുമായിരിക്ക

ഒടുവിൽ

ഇടമുറിഞ്ഞു പെയ്യുന്ന മഴ കണക്ക് ഞാനിരുന്നു കരഞ്ഞു. മഴ പോലെ കണ്ണീര്, പിന്നെ മൂടിക്കെട്ടിയ ആകാശം പോലെ ഒരേ മരവിപ്പ്. മരവിപ്പിൽ നിന്ന് ഞെട്ടിയുണരുമ്പോൾ ശൂന്യത. ശൂന്യത വീർപ്പുമുട്ടിക്കുമ്പോൾ പിന്നെയും ആർത്തലച്ച് മനസ്സിൽ വിഷമത്തിൻ്റെ പേമാരി. ഒരേ വട്ടത്തിൽ കിടന്ന്, എൻ്റെ കലങ്ങിയ മനസ്സ് കറങ്ങിക്കൊണ്ടേയിരുന്നു. നെഞ്ചിൻ്റെ നീറ്റലിൻ്റെ ചൂട്, ഇരു കണ്ണിലൂടെയും ഒലിച്ചിറങ്ങിപ്പോയിക്കൊണ്ടിരുന്നു. ഒന്നുമോർക്കാതിരിക്കാൻ ഉറക്കമാണ് നല്ലതെന്ന് തോന്നി. ഉറക്കത്തിലോ പക്ഷെ, ദുസ്വപനങ്ങളും, ഒറ്റപ്പെടലും, ഭയവും, നോവും. എനിക്ക് തീ പോലെ പൊള്ളി. കരച്ചിലിൽ തലയിണയിൽ നനവിൻ്റെ ചുടു വട്ടങ്ങൾ വീണു.  പകലെന്നോ രാവെന്നോ ഇല്ലാതെ, ഉറക്കമെന്നോ ഉണർവ്വെന്നോ ഇല്ലാതെ ആശ്വസിക്കാൻ ഒരു പിടിവള്ളിപോലും ഇല്ലാതെ മനസ്സ് പുകഞ്ഞു കൊണ്ടേയിരുന്നു. ***** ഒരു പകലും ഒരു രാത്രിയും ഞാനിരുന്നു കരയേണ്ടി വന്നു, ഒന്നായിരുന്ന നമ്മളിനി രണ്ടാണെന്നെനിക്ക് ബോധ്യം വരാൻ.  എനിക്ക് ജീവനില്ലാതായെന്നു ഞാൻ തിരിച്ചറിയാൻ.