ഓർമ്മകളുടെ സൂക്ഷിപ്പുകാരി

ഓർമ്മകൾ സൂക്ഷിക്കുന്ന ഒരിടം ഉണ്ടായിരുന്നെങ്കിൽ, എനിക്ക് അതിൻ്റെ സൂക്ഷിപ്പുകാരിയാവണം.

ഉറങ്ങിക്കിടക്കുന്ന അക്ഷരങ്ങളുടെ മണമുള്ള, ഒരുപാട് പുസ്തകങ്ങളുള്ള, ഒരു വലിയ ലൈബ്രറി പോലെ, നമ്മുടെയൊക്കെ ഓർമ്മകൾ പുസ്തകങ്ങൾ കണക്കെ അടുക്കി വെച്ചിരിക്കുന്ന ഷെൽഫുകൾ..അവ നിറഞ്ഞ ഒരുപാട് ഒരുപാട് ഇടനാഴികൾ. അനേകായിരം പേരുടെ, അനേകായിരം ഓർമ്മകളുടെ, സുഗന്ധം പുതച്ചു നിൽക്കുന്ന ആ ഒരിടത്ത്..

അവിടെ, നിങ്ങളറിയാതെ നിങ്ങളുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും എനിക്ക് എടുത്ത് നോക്കണം. തുറന്നു വായിക്കാൻ അനുവാദം ഇല്ലെങ്കിലും, ഓരോ പുറംചട്ടയിലെയും പടങ്ങൾ കാണണം.

ചിലത് എന്നെ അത്ഭുതപ്പെടുത്തുമായിരിക്കും..ചിലത് കണ്ണ് നിറയിച്ചേക്കാം. മറ്റു ചിലപ്പോൾ അവ എൻ്റെ ചുണ്ടിലൊരു പുഞ്ചിരിയാവും വിടർത്തുക. ചിലതുടനെ ഞാൻ തിരിച്ച് വെക്കുമായിരിക്കും.

നിങ്ങളുടെ സന്തോഷങ്ങൾ, വേദനകൾ, പ്രതീക്ഷകൾ, പ്രണയം, നേട്ടങ്ങൾ, പരാജയങ്ങൾ..എല്ലാത്തിലൂടെയും നിങ്ങളറിയാതെ ഞാൻ വിരലോടിക്കും.  എന്തായിരുന്നിരിക്കാം നിങ്ങളുടെ ഓരോ അധ്യായത്തിലുമെന്ന് കൗതുകത്തോടെ ഞാൻ ചിന്തിക്കും. നിങ്ങൾ കടന്നുപോയ, ഞാൻ കാണാത്ത വഴികളെ ഓർത്ത് ഒരുവേള ആശങ്കപ്പെടുമായിരിക്കും, നിങ്ങൾക്ക് നല്ലത് നേരുമായിരിക്കും.

ജിജ്ഞാസക്ക് ഒടുവിൽ പക്ഷെ ഓരോന്നും സൂക്ഷിച്ചെടുത്ത് തുടച്ച് ഞാൻ തിരികെ വെക്കും. വായിക്കാൻ എനിക്കാനുവാദമില്ലല്ലോ.

എല്ലാം കഴിയുമ്പോൾ, എനിക്ക് അറിയാത്ത നിങ്ങൾ, എനിക്ക് പ്രിയപ്പെട്ട ആരൊക്കെയോ ആയി മാറിയിട്ടുണ്ടാവും. നിങ്ങളുടെ ഓർമ്മകളുടെ സുഗന്ധം എന്നിലും പടർന്നിട്ടുണ്ടാവും. 
ഒരു പൂമ്പാറ്റയെപ്പോലെ അതും പേറി ഞാൻ അടുത്തൊരു ജീവിതത്തിലേക്ക് നടന്നു നീങ്ങിയിട്ടുണ്ടാവും.

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്