തിരിച്ചു പോക്ക്

അമ്മക്ക് മരിക്കാൻ ഭയമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടാവും അവസാന നിമിഷം ആ പ്രാണൻ ദേഹം വിട്ട് പോവാൻ മടിച്ചത്. ' ഇങ്ങനെ ഇട്ട് വലിപ്പിക്കാതെ അങ്ങോട്ട് തീർത്തേക്കണെ' എന്നുള്ള അയൽവാസിയുടെ പ്രാർത്ഥന കേട്ടിട്ടാണ് അമ്മ പോയത് എന്ന് അവർ അതിന് ശേഷം അവകാശപ്പെട്ടു എങ്കിലും, സത്യം എനിക്കല്ലേ അറിയൂ. 

ഭയം അമ്മയെ കീഴ്പ്പെടുത്തിയതാണോ അതോ അമ്മക്ക് ആ ഭയത്തിൻ്റെ നിരർത്ഥകത മനസ്സിലായതാവുമോ? അറിയില്ല. അതെന്ത് തന്നെ ആയാലും, അമ്മ പോയി. നിരത്താൻ ആകാത്ത വലിയൊരു ശൂന്യത ഇനി ജീവിതാവസാനം വരെ എന്നെ നോക്കി പുച്ഛിക്കും എന്ന് അമ്മക്ക് അറിയുമായിരുന്നോ ആവോ. അത് നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഇന്നുമിരിക്കുന്ന എന്നെ കാണുന്നുണ്ടോ ആവോ.

എനിക്ക് മരിക്കാൻ ഭയം തോന്നിയിട്ടില്ല. ജനിക്കുന്നതിനു മുൻപ് തന്നെ മരണം എഴുതപ്പെട്ടിരിക്കുന്നു എന്നാണല്ലോ. എൻ്റേത് എങ്ങനെ ആവുമെന്ന് ഒരു ആകാംക്ഷ തോന്നിയിട്ടുണ്ട്. വെള്ളം എനിക്ക് പേടിയാണ്. അതുകൊണ്ട് ഒരു മുങ്ങി മരണം ആവരുത് എന്നെ ഒള്ളു. വെപ്രാളത്തിൽ കയ്യ്കാലിട്ട് അടിച്ച്, മലമൂത്ര വിസർജനം ചെയ്ത് ഒരു ഭീരുവിനെപ്പോലെ പോവരുതെന്നും ആഗ്രഹം ഉണ്ട്. 

ആകാശദൂദ് സിനിമ കണ്ട് leukemia വരണം എന്ന് പ്രാർത്ഥിച്ച ഏക വ്യക്തിയും ഞാൻ ആവും. എനിക്ക് അങ്ങനെ മരിക്കാൻ ഇഷ്ട്ടമാണ്. ആത്മാർത്ഥമായി നമ്മൾ പോവരുത് എന്നാഗ്രഹിക്കുന്നവരുടെ മുഖം കണ്ട്, ബാക്കിയുള്ളവരുടെ മുഖംമൂടികൾ കണ്ട്,  പോവാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. അതെനിക്ക് ഉണ്ടാകുമോ ആവോ.

മരിക്കുന്ന സമയത്ത് ഇഷ്‌ട്ടമുള്ളവരെ കാണാൻ കഴിയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ജീവൻ്റെ അവസാന സ്പന്ദനം ശരീരം വിട്ടൊഴിയുമ്പോൾ, മനസ്സിൻ്റെ വെറും തോന്നലാണ് അതെന്ന് പറയുന്നവരും ഉണ്ട്. അങ്ങനെ ഒരു തോന്നലോ, ഉൾക്കാഴ്ചയോ എനിക്കപ്പോൾ ഉണ്ടാവും എങ്കിൽ കാണേണ്ടത് എന്താണെന്ന് ഞാൻ മനസ്സിൽ എഴുതിവെച്ചിട്ടുണ്ട് പണ്ടേ. അവ്യക്തമായ ഒരു സ്വപ്നം പോലെ, ഒരു തിരക്കഥയുടെ ചിതറി വീണ ഫ്രെയിമുകൾ പോലെ. 

കടമകളും ബാധ്യതകളും എല്ലാം ഇറക്കിവെച്ച്, ഒരു പിടി ബന്ധങ്ങളുടെ ചരടുകൾ അഴിച്ചു വെച്ച്, ഇനി ഒരിക്കലും തിരിച്ചു പോവണ്ടാത്ത ഒരു ട്രെയിൻ യാത്ര.. ഞാൻ തലചാരി ഇരിക്കുന്ന ജനൽക്കമ്പികൾ...അതിലൂടെ പുറകിലേക്ക് ഓടി മറയുന്ന കഴ്ചകൾക്കൊപ്പം , മനസ്സിൽ നിന്ന് ഇറങ്ങിപ്പോവുന്ന, ജീവിതത്തിലെ ഇനിയൊരിക്കലും ഓർക്കേണ്ടതില്ലാത്ത ഓർമ്മകൾ, മുഖങ്ങൾ.. ഒടുവിൽ, കാർമേഘം പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞ മനസ്സ്..

എന്നെ കാത്ത്, എൻ്റെ വരവും പ്രതീക്ഷിച്ച് ഒരാളിരിക്കുന്ന ഒരു റയിൽവേ സ്റ്റേഷൻ.. അവിടുന്ന്, ആ കയ്യ് പിടിച്ച്, ഒരുമിച്ചുള്ള ഒരു ബസ്സ് യാത്ര..  ഗൃഹാതുരത്വത്തിൻ്റെ സ്മാരകം പോലെ ഒരു ബസ്സ് സ്റ്റോപ്പ്. 

അവിടെ ഇറങ്ങി, വളവു തിരിഞ്ഞ് ബസ്സ് പോകാൻ തുടങ്ങുമ്പോഴേക്കും ഞാൻ നടക്കാൻ തുടങ്ങിയിട്ടുണ്ടാവും. എൻ്റെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടാവും. ഓർമ്മ വെച്ച കാലം മുതൽ കണ്ട വീടുകൾ.. കനാലിൽ വെള്ളമുണ്ട് ട്ടോ എന്ന് പറഞ്ഞു ഞാൻ എത്തി നോക്കുന്ന ചെറിയ തോട്..അടഞ്ഞു കിടക്കുന്ന പഴയ മിൽമ... അതിനപ്പുറം എനിക്ക് ഒരു ഇടവഴിയിലേക്ക് തിരിയണം. 

അവിടെ എത്തുമ്പോൾ കണ്ണ് നിറയും, നെഞ്ചില് ഒരു പെരുമ്പറ കൊട്ടും.. തിരിയുമ്പോൾ ആ വഴി ചെന്നവസാനിക്കുന്നിടത്ത് ഞാൻ എന്നെ പ്രതീക്ഷിച്ച് നിൽക്കുന്ന 4 മുഖങ്ങൾ കാണും..ആ ചിരികൾ കാണും..നടത്തത്തിൻ്റെ വേഗം കൂടുമ്പോൾ സന്തോഷംകൊണ്ട് എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകും..സ്നേഹം മാത്രം തന്ന കൈകളിലേക്ക്, ഗ്രഹാതുരത്വ  ത്തിൻ്റെ മണങ്ങളിലേക്ക്, എൻ്റെ സ്വർഗ്ഗത്തിലേക്ക് ഞാൻ അവസാനം എത്തിച്ചേരും. ആ നിമിഷത്തിൽ ഈ ശരീരം വിട്ട് എൻ്റെ പ്രാണൻ എന്നന്നേക്കുമായി പോവും.

Comments

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്