ഭ്രാന്തിൻ്റെ ലോകം

അടുത്ത് ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. കണ്ണും മിഴിച്ച്, കാണാത്തത് എന്തോ കാണുന്നു എന്ന ഭാവം ആണിപ്പോൾ മുഖത്ത്. പറഞ്ഞു തളർന്നോ ഭ്രാന്തന്?
' ഞാൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. മറന്നോ? '
അനക്കമില്ല. മിണ്ടാട്ടമില്ല. ഇന്നിത് എന്താണാവോ പ്രത്യേകിച്ച്. പതിവിനേക്കാൾ ശാന്തത. ഇട മുറിഞ്ഞ ഇടവപ്പാതി കണക്ക്. ഇന്നുവരെയില്ലാത്തത് എന്താണിന്ന് എന്ന് ചോദിക്കാൻ ആഞ്ഞത് വേണ്ടെന്ന് വെച്ചു.
'ഭ്രാന്ത് ഇല്ലാത്തവരുടെ ലോകത്ത് ഭ്രാന്തനായി ജീവിക്കാൻ ആണ് ഏറ്റവും പാട്. ചങ്ങലക്കണ്ണികളുടെ വേദനകളെക്കാൾ വേദനയാണ് അതിന്. ഭ്രാന്ത് ഇല്ലെന്ന് അഭിനയിക്കുകയാണ് അതിലും എളുപ്പം. ഇനി അതാണ് വേണ്ടത് '
മൗനം ഉടഞ്ഞു.
'ആവോ എനിക്കറിയില്ല' . അങ്ങനെയാണ് പറഞ്ഞതെങ്കിലും ശരിയായിരിക്കാം എന്നെനിക്ക് ഉള്ളിൽ തോന്നി. അല്ലെങ്കിലും ഭ്രാന്തൻ പറയുന്നതൊക്കെ ശരിയാണെന്നാണ് കാലവും പറയുന്നത്. കാലത്തിന് ഒരിക്കലും തെറ്റാറില്ല പണ്ടെ. ശരിയായിരിക്കാം.
' ഇന്നിപ്പോൾ ഇതിന് തക്കത് എന്ത് തന്നെ ആയാലും, പകലിരുട്ടി. ഉറങ്ങിക്കൂടെ? '
'വേണ്ട ' പറഞ്ഞതിലും വേഗത്തിൽ വന്നു മറുപടി. കനത്തിൽ.
' പിന്നല്ലാതെ? എന്താണിനി ഭ്രാന്തൻ്റെ പദ്ധതി ആവോ? ആലോചന കൊണ്ട് വെളുപ്പിക്കാനോ? '
' അല്ല, അതല്ല ഞാൻ പറയുന്നത്. കേൾക്കുന്നുണ്ടോ ഒന്ന്? '
' ശരി, ശരി, എനിക്ക് മനസ്സിലായി..പറയു, എന്ത് ചെയ്യാൻ പോകുന്നു ഈ വിഷമം മാറ്റാൻ? '
'അഭിനയം! തകർത്ത്!! ഇനി അതാണ് വേണ്ടത്. അല്ലാതെ പിന്നെ. നീ കണ്ടോളൂ കുട്ടീ '
'സ്ഥിരം വീരവാദം. ഞാൻ ഇതെത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു' പുച്ഛച്ചിരി ചിരിച്ചു ഞാൻ പറഞ്ഞു.
വീണ്ടും മൗനം.
'നൊന്തോ?ഉവ്വോ? ' പറയുന്നത് ഞാൻ ആവുമ്പോൾ പ്രത്യേകിച്ചും അതിനാണ് സാധ്യത. വേണ്ടായിരുന്നു.
'ഭ്രാന്തന് നോവോ. നിനക്കും ആയോ വന്നു വന്ന്? നോവും ഞാനും, ഞാനും നോവും..എനിക്ക് രണ്ടുമിപ്പോൾ ഒന്നാണ്! അതിൻ്റെ ലഹരി!! നിനക്ക് എന്തറിയാം. വെറുതെ ആണോ കുട്ടീ നീ കുട്ടിയായി ഇരിക്കുന്നത്. ഹഹ ' ഭ്രാന്തൻ ചിരിക്കുന്നു.
'വെറുതെയല്ല ഭ്രാന്തെന്ന് പറയുന്നത്! '
' ഉവ്വുവ്വ്. മനസ്സിലായി. പറഞ്ഞത് മനസ്സിൽ.. എന്നാ അത് കാണുന്നത് അപ്പിടി മുഖത്ത് ' പറഞ്ഞു ചിരിച്ചു ചിരിച്ച് കണ്ണ് നിറഞ്ഞു ഭ്രാന്തന്.
ചിരിയുടെ അടിയിൽ നോവിൻ്റെ ഒരു തരി ആണോ കണ്ടത്. വേണ്ടായിരുന്നു. പാവം. എനിക്ക് നോവുന്നു അത് കണ്ടിട്ട്.
'പോട്ടെ, സാരമില്ല. ലോകത്തിൻ്റെ രീതി അറിയാത്തത് അല്ലല്ലോ. ആദ്യമായിട്ടല്ലല്ലോ.'
'മാറണമെനിക്ക്. ഭ്രാന്തന് നോവുന്നു കുട്ടീ. ഉഷ്ണം തീച്ചൂടാവുന്ന പോലെ. മതിയായി.'
ഒടുവിൽ ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു ഞാൻ പറഞ്ഞു,
'മാറണം..അല്ല, മാറണ്ട..മാറാതെ മാറിയെന്ന് അഭിനയിച്ചാൽ മതി ഭ്രാന്താ. ഇല്ലെങ്കിൽ ചങ്ങലക്കണ്ണികളിൽ ഉരഞ്ഞുരഞ്ഞ് തീരും ഭ്രാന്തൻ്റെ ജീവിതം. ലോകം കണ്ണ് ചിമ്മില്ല. നിലക്കില്ല. ഇതൊന്നും അവസാനിക്കുന്നില്ല എന്ന് തത്വം പറഞ്ഞു ഉരുളും. നിർത്താതെ. ഞാനിത് പല തവണ..അല്ലെങ്കിൽ വേണ്ട. എനിക്കറിയാം..എനിക്ക് കാണാം. ഞാൻ അഴിച്ചു തരട്ടെ ഈ ചങ്ങല? '
' വേണ്ട, ഞാനൊന്ന് വിചാരിച്ചാൽ മതി. അതഴിയും..താനേ. പക്ഷേ.. '
'പക്ഷേ? '
' അതാണ്, ബാലികേറാമല. ഏറ്റവും പാട്. '
' എന്നിട്ട് കേറിയില്ലെ? അത്രക്കേ ഒള്ളു ഇതും. മുക്കാലും തോന്നൽ ആണ്. മായ. മിഥ്യ. മരീചിക. ഒരു പാടുമില്ല. '
' മതി, മതി, ഉപദേശം വെച്ച് കൂമ്പാരം കൂട്ടുന്നത്. '
'ഉപദേശമല്ല ഭ്രാന്താ, ആശങ്ക, കൂടെ കരുതലും. എനിക്കല്ലാതെ പിന്നെ ആർക്കാണ്  നിന്നെ അറിയുക '
'ഉം , എനിക്കറിയാം. ഇത്തവണ ഞാൻ കിണഞ്ഞു വിചാരിക്കാൻ നോക്കും. വാക്ക്. ഇത്തവണ ഞാൻ ഇതഴിക്കും...ഈ ചങ്ങല. ഭ്രാന്തന് മടുത്തു കുട്ടീ.'
'മാറാൻ അല്ല പറയുന്നത്. മാറിയെന്ന് അഭിനയിക്കണം. പൊള്ളയായ ലോകത്തിൽ അകം പൊള്ളയാക്കാത്ത ഭ്രാന്ത് എല്ലാവർക്കുമില്ല. അത് കളയരുത്. നിന്നെ നീയാക്കുന്നത് എന്നും ഉള്ളിലെങ്കിലും ഉണ്ടാവട്ടെ.'
' അതെ '
' ഞാനുണ്ട്, മറക്കണ്ട..ഒറ്റക്കല്ല. പേടിക്കണ്ട '
'നീയില്ലാതെ ഞാൻ ഇല്ലെന്ന്, നീ ഉള്ളത് കൊണ്ടാണ് ഞാൻ ഉള്ളതെന്ന് നീ പറഞ്ഞിട്ട് വേണോ ഞാനറിയാൻ? ഈ ഇരുട്ടറയിൽ നിന്ന് വെളിച്ചം കാണാൻ നമുക്ക് ഒരുമിച്ച് പോകാം. നിൻ്റെ കൈപിടിച്ച് ആവുമ്പോൾ എനിക്ക് ഒരു ധൈര്യമാണ്. അഭിനയിക്കുകയാണ് എന്ന് നമുക്ക് അല്ലേ അറിയൂ. എന്നാലും ഇടറിയാലോ എന്ന് പേടി, ഭ്രാന്തന്. എന്തൊക്കെ പറഞ്ഞാലും അഭിനയമല്ലേ!! '
'ഈ ലോകത്തിൽ ഏറ്റവും ശക്തി മനസ്സിനാണ് ഭ്രാന്താ. മറന്നോ? ഞാൻ ഉണ്ട്. ഞാൻ കാത്തിരിക്കുകയായിരുന്നു ഇതൊന്നു പറയാൻ. നമുക്ക് പോകാം? '
'ആ..പോകാം. ഞാൻ വിചാരിക്കാൻ തുടങ്ങട്ടെ. സമയമായെന്ന് മനസ്സ് പറയുന്നു. ഞാൻ തയ്യാറാവട്ടെ. മാറാം. പോകാം..'
ഭ്രാന്തൻ്റെ കയ്യ് പിടിച്ച് കുട്ടി ചിരിച്ചു. ഭ്രാന്തൻ തിരിച്ചും.
......

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്