വാച്ച് പുരാണം


ഇത് ഒരു വാച്ചിൻ്റെ കഥയാണ്. സത്യത്തിൽ കാൺമാനില്ല എന്ന തലേക്കെട്ടോട് കൂടി പറയേണ്ട സംഭവ കഥ. അതും അല്ലെങ്കിൽ ജീവനില്ലാത്ത വസ്തുക്കൾക്ക് ഒരു ചരമ പേജ് ഉണ്ടായിരുന്നു പത്രത്തിൽ എങ്കിൽ , അതിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് പറയേണ്ട ഒരുത്തൻ്റെ കഥ.

സംഭവം എട്ടോ ഒൻപതോ കൊല്ലങ്ങൾക്ക് മുൻപ് ആണ്. " Fastrack" എന്ന വാച്ച് ബ്രാൻഡ് ഇന്നത്തെക്കാളും പ്രസിദ്ധമായ സമയം. ആറ്റുനോറ്റ് ഞാൻ ഒരു Fastrack വാച്ച് വാങ്ങാൻ തീരുമാനിച്ചു. ജോലിയുള്ളത് കൊണ്ട് പൈസ പ്രശ്നം ഉണ്ടായിരുന്നില്ല. സിറ്റിയിലെ കട എവിടെയാണെന്നും അറിയാം.  ഒറ്റക്ക് പോയി വാങ്ങാൻ പ്രശ്നവുമില്ല. പക്ഷേ പ്രശ്നം മറ്റൊന്നാണ്.

എനിക്ക് വാച്ച് വാഴില്ല!!.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധ വിശ്വാസമോ എന്ന് നിങ്ങൾക്ക് തോന്നാം. അന്ന് covid ഇല്ലാക്കാലവും ആണ്. എന്നിട്ടും,  എന്നോർത്ത് നിങ്ങൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ സത്യമാണ്.

ചരിത്രം പറഞ്ഞിട്ട് വിഷയത്തിലേക്ക് കടക്കാം അല്ലേ? എന്തായാലും വീട്ടിൽ അല്ലേ? വായിക്കാൻ നിങ്ങൾക്ക് ഇഷ്ടം പോലെ സമയവുമുണ്ട്.

ആദ്യമായി ഒരു വാച്ച് കിട്ടുന്നത് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് എന്നാണ് ഓർമ്മ. ഒരുപാട് ആഗ്രഹിച്ചു കിട്ടിയത് കൊണ്ട് ഗമയൊട്ടും കുറച്ചില്ല. ഊണിലും ഉറക്കത്തിലും സ്കൂളിലും അതും കെട്ടിക്കൊണ്ടായി നടപ്പ്. എന്താ കാര്യം..എൻ്റെ ഗമ അകാലത്തിൽ പൊലിഞ്ഞു. കിട്ടിയത് സൂക്ഷിച്ചില്ല എന്ന പേരിൽ വാച്ച് പിന്നെയും കിട്ടാക്കനിയായി.

ചെവിയിൽ ഈച്ച പോയ പോലെ, ഫുൾ ടൈം ഇതും പറഞ്ഞുള്ള പരാതി കേട്ടപ്പോൾ ദൈവത്തിനു മതിയായി. ദൈവം ഗൾഫിലുള്ള ബന്ധുവിൻ്റെ നല്ല മനസ്സിൻ്റെ രൂപത്തിൽ എന്നെ അനുഗ്രഹിച്ചു. അതുവരെ ചോക്കലേറ്റ് മാത്രം കൊണ്ടുവന്നിരുന്ന ആൾ എനിക്കൊരു വാച്ച് കൊണ്ടുവന്നു.  

പിന്നെയും ഗമ. അതും ഗൾഫ് ഗമ...എന്ത് ഫലം. ആയുസ്സ് ഇത്തിരിക്കൂടെ നീണ്ടു എന്നല്ലാതെ, വിഷമം കുറച്ചുകൂടെ കൂടി എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല.
ഗൾഫിൽ നിന്ന് നാട്ടിൽ വന്ന് മരിക്കാൻ ആയിരുന്നു ആ വാച്ചിൻ്റെ യോഗം. ഓർക്കാപ്പുറത്ത് ഹൃദയാഘാതം വന്ന പോലെ അത് ഒരു ദിവസം അങ്ങ് നിന്ന് പോയി. നന്നാക്കാൻ പറ്റില്ല എന്ന് പറഞ്ഞ് വാച്ച് കടക്കാരൻ അത് മടക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വാച്ചില്ലാതെ കാലം കടന്നു പോയി. UG യും PG യും കഴിഞ്ഞു. ജോലി കിട്ടി. അപ്പോഴാണ് ഒരു സ്റ്റൈലൻ Fastrack എന്ന സ്വപ്നം പൂവിട്ടത്.

എന്നാൽ കൂടെ ഒരു ചോദ്യവും തലപൊക്കി.
അതും വാഴില്ലെങ്കിലോ? ഉള്ള കാശു കളയണോ? ബ്രെയിൻ ചോദിച്ചു. ഹാർട്ട് സമ്മതിച്ചില്ല. ഞാൻ വാച്ച് വാങ്ങി. നല്ല സ്റ്റൈലൻ സിൽവർ കളർ മെറ്റൽ സ്‌ട്രാപ്പുള്ള ഒരു സുന്ദര കോമളൻ.

തിരുവനന്തപുരത്ത് ആണ് ജോലി. എല്ലാ ആഴ്ചയിലും മുടങ്ങാതെ ട്രെയിനിൽ  വീട്ടിൽ പോക്കും...തിക്കും തിരക്കും... ഒരു ബഹള കാലമായിരുന്നു അത്.

ഈ കഥക്ക് ആസ്പദമായ സംഭവം നടക്കുന്നത് ഒരു ഞായറാഴ്ചയാണ്. ഞായറാഴ്കളിൽ സാധാരണ അച്ഛൻ എന്നെ  ട്രാൻസ്പോർട്ട് സൂപ്പർഫാസ്റ്റ് ബസ്സിൽ  കയറ്റി വിടും, ഉച്ചയൂണിന് ശേഷം. തൃശൂർ ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ ഇറങ്ങി റയിൽ വേ സ്റ്റേഷനിലേക്ക് നടക്കും. ലക്ഷ്യം തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിയാണ്.

അന്ന് തൃശൂർ സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ നല്ല മഴ. കുടക്കായി ബാഗിൽ തപ്പിയപ്പോൾ കുടയില്ല. നടക്കാവുന്ന ദൂരമേയുള്ളൂ സ്റ്റേഷനിലേക്ക്. പക്ഷേ ഈ മഴയത്ത് നടന്നാൽ ഞാനും ബാഗും നനയും. ബസ്സ് സ്റ്റാൻഡിൽ ആണെങ്കിൽ തിരക്കോട് തിരക്ക്. ഒരു വിധം ഇടിച്ചു കയറി, നൂണ്ട് ഞാൻ ഓരത്തെത്തി.


അവിടെ ഒരു ഓട്ടോ സ്റ്റാൻഡ് ആയിരുന്നു അന്ന്. ആദ്യം കണ്ട ഓട്ടോയുടെ അടുത്ത് ചെന്ന് സ്റ്റേഷനിലേക്ക് എന്ന് പറഞ്ഞ പാടെ, അയാളെന്നെ തമാശ കേട്ട പോലെ നോക്കി.

' ദാ കാണാണതാ സ്റ്റേഷൻ ' എന്ന് പറഞ്ഞു.

 'അറിയാം ചേട്ടാ, മഴയല്ലെ, വിടോ' എന്ന് ചോദിച്ചു.

' ഇല്ല ' എന്ന് എങ്ങോട്ടോ നോക്കിയ ഒരു മറുപടി കിട്ടി.  


ശെടാ, ഇനി ഒരൊറ്റ ഓട്ടോ കാണാനില്ല. എന്ത് ചെയ്യും. നടക്കാൻ തന്നെ തീരുമാനിച്ചു. നനയുന്നെങ്കിൽ നനയട്ടെ.

അപ്രതീക്ഷിത മഴയിൽ എല്ലായിടത്തും ഒരു വെപ്രാളം. റോഡിൽ വണ്ടികളുടെ ബഹളം. സ്വതവേ റോഡു മുറിച്ചു കടക്കാൻ പേടിയാണെനിക്ക്. അതും ഈ തിരക്കിനിടക്ക്. അപ്പുറത്തെ ബസ്സ്‌സ്റ്റോപ്പിൽ ഒരു പ്രൈവറ്റ് ബസ്സ് എടുക്കാൻ തയ്യാറായി നിൽക്കുന്നു. ധൃതിയിൽ വണ്ടികൾക്ക് കയ്യ് കാണിച്ച് റോഡിൻ്റെ പകുതി നടന്നെത്തിയ എൻ്റെ മുന്നിൽ ഒരു ഓട്ടോ. ഓട്ടോ ചേട്ടൻ തല വെളിയിൽ ഇട്ട് സ്റ്റേഷനിലേക്ക് ആണെങ്കിൽ വാ എന്ന് വിളിച്ചു പറഞ്ഞു. ഓടി ഓട്ടോ യിൽ കയറുന്നതിന് ഇടയിൽ ബാഗ് എന്തിലോ തട്ടി. ഒരു കയ്യ് വെച്ച് അത് വലിച്ചെടുത്ത് ഞാൻ ഓട്ടോയിൽ കയറി. സ്റ്റേഷനിൽ ഇറങ്ങി പൈസ കൊടുത്ത്, മഴയോടുള്ള അമർഷത്തോടെ നടക്കവേ എൻ്റെയുള്ളിൽ വെള്ളിടി വെട്ടി. 

കയ്യിൽ വാച്ചില്ല.

ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ ഉണ്ടായിരുന്നു. സമയം നോക്കിയ ഓർമ്മ. ആൾക്കൂട്ടത്തിൽ, അല്ലെങ്കിൽ റോഡിൽ, അതും അല്ലെങ്കിൽ നമ്പറോ ഓടിച്ചയാളുടെ മുഖമോ ഓർമ്മയില്ലാത്ത ആ ഓട്ടോയിൽ, എവിടെയോ എൻ്റെ Fastrack പോയി.    ഇനി എന്ത് ചെയ്യും? എവിടെ പോയി നോക്കും. റോഡിൽ ആണെങ്കിൽ വണ്ടികളുടെ തിരക്കിനിടയിൽ അത് ചതഞ്ഞരഞ്ഞ്  കാണും. അകാലത്തിൽ അങ്ങനെ സ്വയം സമ്പാദിച്ച മോഹവും റോഡിൽ വീണ മഴപോലെയായി.

എന്തൊക്കെയായിരുന്നു. Fastrack, മെറ്റൽ സ്ട്രാപ്പ്.. മാങ്ങാത്തൊലി!! ചിരിക്കണോ കരയണോ എന്ന അവസ്ഥ.

എന്നെ കളിയാക്കി മഴ ഒന്നുകൂടെ ഊക്കോടെ പെയ്തു. കരച്ചിൽ അടക്കി  'വാച്ച് വാഴാത്തോണ്ടാ' എന്ന് ഞാൻ സ്വയം സമാധാനിപ്പിച്ചു.

*********************************************

ഇന്ന്  വാങ്ങിയതും, ഗിഫ്റ്റ് കിട്ടിയതും, ഓടുന്നതും, ഓടാത്തതും ആയ വാച്ചുകൾ നാലഞ്ച് എണ്ണമുണ്ട്.

പിന്നീടൊരിക്കലും ഒരെണ്ണവും കളഞ്ഞു പോയില്ല. അകാലത്തിൽ വീരചരമം പ്രാപിച്ചുമില്ല. വാഴാത്ത വാച്ചുകൾ വാഴാൻ തീരുമാനിച്ചത് എന്ന് മുതലാണെന്നും,
എന്ത് കൊണ്ടാണെന്നും അറിയില്ല. ഫുൾ ടൈം മൊബൈലും കൊണ്ട് നടക്കുന്നവർക്ക് വാച്ച് നോക്കാൻ എവിടെ സമയം എന്ന പേടി കൊണ്ടാവാം. അതെന്തായാലും പിന്നീടങ്ങോട്ട് സമയം തെളിഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ.. എൻ്റെയും, എൻ്റെ  വാച്ചിൻ്റെയും :)

Comments

  1. This comment has been removed by the author.

    ReplyDelete
  2. പിന്നോട്ട് നോക്കിയാൽ സമാനമായ അനുഭവം ആയിരിക്കും എല്ലാര്ക്കും , സ്കൂളിൽ പഠിക്കുമ്പോൾ തുടങി മൊബൈൽ ഫോൺ യുഗത്തിൽ എത്തും വരെ ശെരിക്കും കയ്യിൽ സ്ഥിരമായി നിൽക്കാത്ത ഒരു സംഭവം ആയിരുന്നു എനിക്കും 😅

    ReplyDelete
  3. സമയം നന്നായപ്പോൾ വച്ചും നന്നായി

    ReplyDelete
    Replies
    1. വച്ചിന്റേം സമയം നന്നായിലെ

      Delete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്