സഹവാസം

ഞാൻ കൂടുതലും ജീവിക്കുന്നത് ഇന്നിലല്ല. ഇന്നലെകളിൽ ആണ്. മണ്മറഞ്ഞു പോയ കുറേ ആളുകളുടെ, നടന്ന വഴികളുടെ, കുറെയേറെ നല്ല നിമിഷങ്ങളുടെ, ഒരു കുട്ടിക്കാലത്തിൻ്റെ ഓർമകളുടെ കൂടെ ആണ് ഞാൻ, ഏറെക്കുറെ എപ്പോഴും.

ഒരു നിമിഷം പോലും നഷ്ട്ടപ്പെട്ടുകൂടാ എന്ന തോന്നലിൻ്റെ ഓട്ടപ്പാച്ചിൽ, സ്വന്തം കാര്യം എന്ന സ്വാർത്ഥ താൽപ്പര്യം അല്ലാതെ മറ്റൊന്നിനുമോ, മറ്റാർക്കു വേണ്ടിയോ സമയം കണ്ടെത്താൻ കഴിയാത്ത ബഹുഭൂരിഭാഗം മനസ്സുകൾ, ഉള്ളു പൊള്ളയായ ചിരികൾ, വെള്ളം കൂടിപ്പോയ വാട്ട ചായ പോലെയായ സ്നേഹം,  ഇതൊക്കെ ഏറെയുള്ള ഇന്നിൽ, അറു പഴഞ്ചൻ ആയ ഞാൻ എങ്ങനെ നിൽക്കാൻ ആണ്?

സർവ്വം സാങ്കേതികമയം ആയ ഈ കാലത്ത്, കത്തെഴുതാൻ കൊതിക്കുന്ന, ഒരു ആവശ്യമില്ലെങ്കിലും റോട്ടറി ഫോൺ തപ്പി നടക്കുന്ന, കറങ്ങുന്ന കോളാമ്പി പാട്ട് പെട്ടിയും, ടൈപ്പ് റൈറ്ററും വാങ്ങാൻ ആഗ്രഹിക്കുന്ന,  പുസ്തകങ്ങളുടെയും, അത്തറിൻ്റെയും മണത്തെ പ്രണയിക്കുന്ന, കുപ്പിവളകളെയും, കൺമഷിയെയും, കുന്നിക്കുരുക്കളെയും സ്നേഹിക്കുന്ന ഞാൻ ഒരു അധികപ്പറ്റ് ആണ്. കാലം തെറ്റി വിരിഞ്ഞ കണിക്കൊന്ന പോലെ.

ചേരകളെ മത്സരിച്ചു തിന്നുന്ന ഇന്നാട്ടിൽ ഞാൻ പലപ്പോഴും കണ്ണ് മിഴിച്ചു നിന്നു പോവുന്നു. പോകെ പോകെ ഞാൻ ചേരയാവുമോ, അതോ അവയെ തിന്നുന്നവരായി മാറുമോ? ആർക്കറിയാം. ഇതിൽ രണ്ടിലും പെടാതിരിക്കാൻ ആവുന്നത്ര ശ്രമിക്കാം. കണ്ണ് മഞ്ഞളിക്കുന്ന വെളിച്ചത്തിൽ ഇറങ്ങാതെ, പഴമയുടെ മങ്ങിയ വെട്ടത്തിൽ ഒതുങ്ങിക്കൂടുന്നതാവും  നല്ലത്. പഴയ കാലത്തിൻ്റെ കണക്കിൽ ബാക്കിയായി പോയ, ഇന്നിൻ്റെ കണക്കിൽ പെടാത്ത, എന്നേപോലുള്ളവർ ഇപ്പോഴും ഉണ്ടല്ലോ. അതിശയം!

പന്തയക്കുതിരകൾ മുന്നിലുള്ളവയെ മാത്രം കാണുന്നവരാണ്. വീണുപോയവരെയും, വിട്ടു പിരിഞ്ഞവരെയും ഓർക്കാനോ, കാത്തു നിൽക്കാനോ അവർക്കെവിടെ നേരം? അതുകൊണ്ട് എനിക്ക് സുഖമാണ്. ആരുടെയും കണ്ണിൽ പെടാതെ, നാടോടുമ്പോൾ ഞാൻ മാത്രം തിരിഞ്ഞോടുന്നു, മച്ചിലെ കേടായ അപ്പൂപ്പൻ ക്ലോക്ക് പോലെ. എത്ര നന്നാക്കാൻ നോക്കിയാലും കൂട്ടാക്കാത്ത മനസ്സുമായി ഞാൻ കാലത്തിനെത്തിരെ നടന്നങ്ങനെ എൻ്റെ ദിവസങ്ങൾ തീർക്കുന്നു.

എൻ്റെ ഓർമ്മകളുമായി, ഇണങ്ങിയും പിണങ്ങിയും ഞാൻ സഹവസിക്കുന്നു.


Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്