അമ്മയും ഞാനും

പ്രായത്തിൻ്റെ പക്വതയില്ലായ്മയിൽ ഞാൻ ഒരിക്കൽ  ഒരു വാക്ക് ഏറ്റുപറഞ്ഞു, ഞാൻ എൻ്റെ അമ്മയെ പോലെ ആവില്ലെന്ന്. എന്നാൽ ഞാൻ ഇന്നത് തിരുത്തുന്നു. ഞാൻ എൻ്റെ അമ്മ തന്നെയാണ്.
അമ്മ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.  അവസ്ഥകളോട് തോറ്റില്ല.തെറ്റിനെ തെറ്റെന്ന് തന്നെ അമ്മ ഉറക്കെ പറഞ്ഞു. ശരിയല്ലെന്ന് തോന്നുന്നതിനെ ചോദ്യം ചെയ്തു.ശരികളിൽ, ഒറ്റക്കായിട്ടും, ധൈര്യം ചോരുമ്പോഴും, അതൊന്നും പുറത്ത് കാണിക്കാതെ, അമ്മ തല ഉയർത്തി പിടിച്ച് തന്നെ നിന്നു. അഹങ്കാരി എന്നും, തൻ്റേടി എന്നും അമ്മക്ക് പേര് വീണിരിക്കാം. അമ്മ പതറിയില്ല. അല്ലെങ്കിൽ അതൊരിക്കലും പുറത്ത് കാണിച്ചില്ല.
അമ്മ പിണങ്ങി, കരഞ്ഞു, വഴക്ക് കൂടി.. തീരുമാനങ്ങൾ, പറഞ്ഞ വാക്കുകൾ, വിശ്വസിച്ച മുഖങ്ങൾ..പലപ്പോഴും അമ്മക്ക് തെറ്റി, മറ്റേതൊരു മനുഷ്യനെയും പോലെ.
എങ്കിലും, ഉള്ളിൽ ഒന്നും പുറമെ മറ്റൊന്നും കാട്ടി, പൊള്ളയായ മുഖം മൂടികൾ അമ്മ അണിഞ്ഞില്ല. ഒരിക്കലും ആ മനസ്സിൻ്റെ നന്മ വറ്റിയില്ല. നിർദ്ധാക്ഷിണ്യം ശാസിച്ചപ്പോഴും  അമ്മ നിർലോഭം സ്നേഹിച്ചു.
ഓർമ്മകളുടെ അവസാനത്തെ കണ്ണി  മായുമ്പോഴും എൻ്റെ പേര് അമ്മ മറക്കാതെ ഓർത്ത് വെച്ചു.
ഞാൻ ഒരിക്കലും അമ്മക്ക് ഒരു നല്ല മകൾ ആയിരുന്നിരിക്കില്ല.
അമ്മ പക്ഷേ മനസ്സിലാക്കിയിരുന്നോ, ഞാൻ അമ്മയെ പോലെ ആണെന്ന്. അതേ വാശികൾ, അതേ നിർബന്ധങ്ങൾ, അതേ സ്നേഹം..അതേ മനസ്സ്.
ഞാൻ മറ്റാരുമല്ല, എൻ്റെ അമ്മ തന്നെയാണ്..നൂറു ശതമാനം.. അഭിമാനത്തോടെ!!

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്