വിറ

ഞാൻ ആദ്യമായി വിറച്ചത് എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ്. പനിച്ചു വിറച്ചതോ, തണുത്തു വിറച്ചതോ അല്ല കേട്ടോ. പേടിച്ച് വിറച്ചത്!
പാറ്റ, പല്ലി, പഴുതാര, പാമ്പ് മുതൽ പ്രേത സിനിമകൾ വരെ നാളിതുവരെ പേടിപ്പിച്ചിട്ടുണ്ട്, തകൃതിയായി പേടിപ്പിക്കുന്നുമുണ്ട്, എങ്കിലും ഇത് ആ പേടിയല്ല. സംഗതി സഭാകമ്പം ആണ്.

വർഷങ്ങളായി എന്നെ അറിയുന്നവർക്ക്,  ഇതൊരു കല്ല് വെച്ച നുണയാണ് എന്നു തോന്നാം, പ്രത്യേകിച്ചും കാർമ്മൽ കോളേജിൽ എന്നോടൊപ്പം പഠിച്ചവർക്ക്. കാരണം അവിടെയുണ്ടായിരുന്ന മൂന്ന് കൊല്ലം, ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുന്നത് പോലെ, ക്ലേ മോഡലിംഗ്, കവിത രചന, കഥ എഴുത്ത്, ഡാൻസ് എന്ന് വേണ്ട, ഇലോക്ട്യൂഷൻ വരെ..എന്തിന് പാടാൻ വരെ നിങ്ങൾ എന്നെ അന്നവിടെ മുന്നിൽ കണ്ടിരിക്കാം. ഞാൻ ഒരു സംഭവം ആയത് കൊണ്ടൊന്നുമല്ല കേട്ടോ. അപാര ധൈര്യം കാണിക്കലും, തൊലിക്കട്ടിയും, ആ പ്രായത്തിൻ്റെ ആണെന്നതാണ് ഉള്ള വസ്തുത. പാട്ട് പോയിട്ട് മൂളിപ്പാട്ട് പോലും എൻ്റെ വീട്ടുകാർ അതിൽപ്പിന്നെ ഞാൻ പാടി കേട്ടിട്ടുണ്ടാവില്ല എന്നത് വേറെ കാര്യം. അതവിടെ നിൽക്കട്ടെ, പറഞ്ഞു വന്നത് സഭാകമ്പം.

സത്യം പറയാമല്ലോ, നാലാളുടെ മുന്നിൽ നേരെ നിൽക്കാൻ എനിക്ക് പേടിയാണ്. മുട്ടിടിക്കൽ, കൈ വിറക്കൽ, നാവ് വരളൽ, ചുണ്ട് വിറക്കൽ.. ഇത്യാദി സർവ്വ ലക്ഷണങ്ങളും ഒത്ത നല്ല എ ക്ളാസ്സ് നീർക്കോലി ആണ് ഞാൻ. കണ്ടാൽ തോന്നില്ല എന്നേയുള്ളൂ.

ഞാൻ ബോധം കെട്ട് വീണത് കൊണ്ട് നടക്കാതെ ഇരിക്കേണ്ടിയിരുന്ന എത്രയോ ഗ്രൂപ്പ് ഡാൻസുകൾ, തിരുവാതിരക്കളികൾ..അവ നടക്കാൻ കാരണം തന്നെ ആ അവസാന നിമിഷങ്ങളിൽ ആരുടെയോ പ്രാർത്ഥന കൊണ്ട് എനിക്ക്  കിട്ടിയിരുന്ന ഏതോ ഒരു ധൈര്യത്തിൻ്റെ പുറത്ത് മാത്രമാണ്.

ഓർത്ത് വെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ തന്ന അത്തരം അവസരങ്ങളുടെ സ്റ്റേജിൻ്റെ പിന്നാമ്പുറങ്ങളിൽ, ആരും അറിയാതെ എന്നിൽ ഒളിഞ്ഞു മുഴങ്ങിയിരുന്ന പെരുമ്പറകളുടെ ചരിത്രം തുടങ്ങുന്നത് ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ആണ്. എനിക്കന്ന് അഞ്ച് വയസ്സ്, ഒന്നാം ക്ലാസ്സ്.

അന്നിതുപോലെ ഒരു ക്രിസ്തുമസ് കാലം.

എൻ്റെ സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും നല്ല സമയം എന്ന് പറയുന്നത്, എനിക്ക് വളരെ കുറച്ച് ഓർമ്മകൾ മാത്രം ഉള്ള,  ഇന്നില്ലാത്ത കൊരട്ടി മധുര കോട്സ് എന്ന കമ്പനിക്ക് അകത്ത്, അന്നുണ്ടായിരുന്ന ജമുന സ്കൂൾ ആണ്. ഞാൻ ആദ്യമായി പഠിച്ച സ്കൂൾ. ഇക്കാലത്തെ ഹോളിസ്റിക്, ഇൻ്റഗ്രേറ്റഡ് ലേണിംഗ് സമ്പ്രദായം അന്ന് നടപ്പിലാക്കിയിരുന്ന, ലാംഗ്വേജും, മാത്സും മാത്രമല്ല, സോഷ്യൽ ബിഹേവിയർ ആൻഡ് ഇൻ്റരസ്റ്റ്സ് എന്ന ഒരു വിഭാഗം തന്നെ കുട്ടികളെ പഠിപ്പിച്ച് വിലയിരുത്തിയിരുന്ന ഒരു ബ്രിട്ടീഷ് മാനേജ്മെൻ്റ് സ്കൂൾ. മൂന്ന് വർഷത്തിൽ കൂടുതൽ അവിടെ പഠിക്കാൻ ഭാഗ്യമില്ലാതെ പോയെങ്കിലും,
ഇന്ന് മുക്കാലും മങ്ങിത്തുടങ്ങിയ ഓർമ്മകൾക്കിടയിൽ എൻ്റെയീ കഥയുണ്ട്.

ഇത് കെട്ടുകഥയല്ല കേട്ടോ. പച്ച പരമാർത്ഥം. നടന്ന സംഭവം. തെളിവായി ഫോട്ടോയോക്കെയുണ്ട്. വ്യക്തി സ്വകാര്യത വാക്കിനേക്കാൾ കൂടുതൽ വേണ്ടത് സോഷ്യൽ മീഡിയയിൽ ആണ് എന്ന പാർട്ടിയുടെ വക്താവാണ് ഞാൻ. പറയേണ്ടതേ പറയാവൂ എന്ന് മാത്രമല്ല, കാണിക്കേണ്ടതേ കാണിക്കാവൂ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. അത് ധിക്കരിച്ചു കൂടല്ലോ, ഇല്ലായിരുന്നെങ്കിൽ ഞാൻ ആ ഫോട്ടോ ആദ്യം കാണിച്ചേനെ. തെളിവാണത്.

ക്രിസ്തുമസ് പ്രമാണിച്ച് ആണെന്നാണ് ഓർമ്മ. ഒരു ഇൻ്റർ സ്കൂൾ പാട്ട് മത്സരം, കരോളോ മറ്റോ. ഞങ്ങൾ അഞ്ച് പെൺപിള്ളേരും ഞങ്ങളുടെ ഹിറ്റ്ലർ മാധവൻകുട്ടിയായി ഒരുത്തനും. പേരുകൾ പകുതി ഓർമ്മയുണ്ട്. എങ്കിലും പറയുന്നില്ല.  അങ്ങനെ ഇപ്പൊ എൻ്റെ സഭാകമ്പത്തിൽ അവർ ആളാവണ്ട.

പാട്ടൊക്കെ നല്ല അസ്സലായി പഠിച്ചു. കാത്തു കാത്തിരുന്ന മത്സര ദിവസം വന്നെത്തി. ഞങ്ങൾക്ക് വേണ്ടി തയിച്ച പുതിയ ഉടുപ്പും, മുഖത്ത് പുട്ടിയും ഇട്ടു. പുട്ടിക്ക് മേലെ, പുട്ടിനു തേങ്ങ പോലെ, കവിളത്ത് ബ്ലഷും പൂശി, ചുണ്ടത്ത് ലിപ്സ്റ്റിക്കും തേച്ചു. ഷൂസും സോക്സുമിട്ട്, തലയിൽ, നൂൽക്കമ്പിയിൽ പച്ച crepe പേപ്പർ ചുറ്റി, ചുവന്ന ചെറുറോസാപ്പൂക്കൾ പിടിപ്പിച്ച ബോ വെച്ച് ഞങ്ങൾ പാവക്കുട്ടികളെ പോലെ നിന്നു. ഫോട്ടോ ക്ക് പോസ് ചെയ്തു. സോ ക്യൂട്ടെന്നു ആംഗ്ലോ ഇന്ത്യൻ ടീച്ചേഴ്സ് പറയുന്നത് കേട്ട് കോരിത്തരിച്ചു. സ്കൂളിന് വേണ്ടി സമ്മാനം വാങ്ങാൻ ആവേശം കൊണ്ട് ബിസ്ക്കറ്റും ഫ്രൂട്ടിയും കയ്യിൽ പിടിച്ച് വണ്ടി കയറി.

അന്നത്തെ ഫ്രൂട്ടിയും ബിസ്കറ്റും ഇന്നത്തെ കോക്കും പിസ്സയും ആണ്. പക്ഷേ ഞാൻ തൊട്ടില്ല. എനിക്ക് വിശപ്പില്ല, ദാഹമില്ല. ആകപ്പാടെ ഉള്ളത് കുഞ്ഞു നെഞ്ചിലെ കുന്ന് പോലുള്ള പേടിയാണ്. ആരോട് പറയും. അച്ഛനോ അമ്മയോ ഇല്ല. പറയാൻ കൊള്ളാമെന്ന് തോന്നുന്ന ആരുമില്ല. ഞാൻ  അനങ്ങാതെ, മുഖത്ത് ഭാവഭേദമില്ലാതെ, തലക്കകത്ത് എന്ത് ചെയ്യും എന്ന ചോദ്യവുമായി  കൊരട്ടി മുതൽ ചാലക്കുടി വരെ പാവക്കുട്ടിയെ പോലെയിരുന്നു.

ഒടുവിൽ സ്ഥലമെത്തി. ചാലക്കുടി പള്ളി. പട പടയെന്ന് എനിക്ക് കേക്കുമാറ് എൻ്റെ നെഞ്ചിടി്ച്ചു. അത് മറ്റാർക്കും കേൾക്കാത്തത് എന്താണെന്ന് ഞാൻ അതിശയിച്ചു.

ഞാൻ മിണ്ടുന്നില്ല. എന്ത് ചോദിച്ചിട്ടും മറുപടിയില്ല. ലിപ്സ്റ്റിക് പോവും എന്ന് പേടിച്ചാണ് എന്ന തെറ്റിദ്ധാരണയിൽ വീണ്ടും ഇടാം എന്ന് ആരോ സമാധാനിപ്പിക്കാൻ നോക്കി. രക്ഷയില്ല. കഴിക്കാൻ വീണ്ടും നിർബന്ധം. വയ്യാതെയാവും എന്ന കരുതൽ വാക്ക്. എനിക്ക് കഴിക്കണ്ട, കുടിക്കണ്ട. പിന്നെന്താ വേണ്ടെ? ബാത്ത്റൂമിൽ പോണോ? വേണ്ട. പിന്നെന്തു വേണം? എനിക്ക് വീട്ടിൽ പോണം, സ്റ്റേജിൽ പോവണ്ട എന്ന് ഉറക്കെ പറഞ്ഞെന്ന് തോന്നി. വെറും തോന്നലായിരുന്നു. ഞാൻ ടീച്ചറുടെ മുഖത്തേക്ക് കണ്ണും മിഴിച്ചു നിന്നതല്ലാതെ ഒരു വാക്ക് പോലും പേടി കൊണ്ട് പുറത്ത് വന്നില്ല.

എന്നാൽ പിന്നെ പരിപാടി കഴിഞ്ഞിട്ട് ആവാം കഴിക്കുന്നത് എന്നാരോ അവസാനം എനിക്ക് വേണ്ടി പറഞ്ഞു. ബാക്കി കുട്ടികൾ ചിരിച്ചും കളിച്ചും, ഞാൻ തറയിലേക്ക് തുറിച്ചു നോക്കിയും നിമിഷങ്ങൾ എണ്ണി.

ഒടുവിൽ ചെസ്റ്റ് നമ്പർ വിളിച്ചു. ബാക്കിയുള്ള അഞ്ച് പേരും ഓടി, ഞാൻ ഒഴിച്ച്. കമോൺ, ഇറ്റിസ് അവർ ടേൺ, ടീച്ചർ എൻ്റെ കൈത്തണ്ട മൃദുവായി വലിച്ചു. നിറഞ്ഞ കണ്ണുകൾ ഉയർത്തി, പതിഞ്ഞ ശബ്ദത്തിൽ ഞാൻ ടീച്ചറുടെ മുഖത്ത് നോക്കി പറഞ്ഞു, എനിക്ക് പോവണ്ട.

കണ്ടോ, അവരെല്ലാവരും നോക്കി നിൽക്കുകയാണ്, ഫ്രണ്ട്സിൻ്റെ ഒപ്പം പാട്ട് പാടണ്ടെ? ഞാൻ വേണ്ടെന്ന് തലയാട്ടി.
എന്ത് ഭംഗിയുള്ള ഉടുപ്പ് ആണ്, എത്ര സുന്ദരിക്കുട്ടി ആയിരിക്കുന്നു, ഇതെല്ലാവരെയും കാണിക്കണ്ടെ? ടീച്ചർ വാത്സല്യത്തോടെ എൻ്റെ തലയിൽ തടവി വീണ്ടും ചോദിച്ചു. വേണ്ട, പറഞ്ഞതും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ടീച്ചർ പുഞ്ചിരിച്ചു. ഒരു വാക്ക് കൊണ്ട് പോലും എന്നെ ദേഷ്യപ്പെട്ട് സംസാരിച്ചില്ല, ഒരു നോട്ടം കൊണ്ട് പോലും ശാസിച്ചില്ല. എന്നെ ചേർത്ത് പിടിച്ച ആ കൈകളിൽ ചാരി പുറത്തെ ബെഞ്ചിൽ ഞാൻ ഇരുന്നു. കൂടെ വന്നവരുടെ പാട്ട് മൈക്കിലൂടെ പുറത്തിരുന്ന് കേട്ടു. അവസാനം കേട്ട വമ്പിച്ച കരഘോഷത്തിൽ എനിക്ക്  നഷ്ടബോധം തോന്നിയില്ല. തോന്നിയത്   ആശ്വാസമാണ്. എൻ്റെ സഭാകമ്പം ആദ്യമായി ജയിച്ചതിൻ്റെ, അതിൻ്റെ മുന്നിൽ ആദ്യമായി തോറ്റത്  അറിയാതെ ഞാൻ ഇരുന്നതിൻ്റെ, ആശ്വാസം.

അവിടത്തെ മാതാവിൻ്റെ അനുഗ്രഹമോ, എനിക്ക് വേണ്ടി ഞാൻ പോലും അറിയാതെ അന്നാ ടീച്ചർ പ്രാർത്ഥിച്ചിരുന്നത് കാരണമോ? അറിയില്ല, പിന്നീട് കേറേണ്ടി വന്ന ഒരു സ്റ്റേജിലും, വിറച്ചെങ്കിലും ഞാൻ കയറാതെ ഇരുന്നില്ല, കരഞ്ഞില്ല, ബോധം കെട്ടു വീണില്ല.

അവസാന നിമിഷം ഞാൻ കാലുമാറിയെങ്കിലും, അന്ന് സ്കൂളിന് സമ്മാനം കിട്ടി  കേട്ടോ. അതിൻ്റെ ഫോട്ടോയിൽ പക്ഷേ ഞാൻ ഉണ്ടായിരുന്നില്ല. എന്നെ നിർത്തിയില്ല. അല്ലെങ്കിലും പള്ളി കാണാൻ പോയവരെ പാടി ജയിച്ചവരുടെ കൂട്ടത്തിൽ നിർത്തുമോ?

ബാക്കി നാലു പേരുടെ നടുക്ക് നിന്ന് ഹിറ്റ്‌ലർ മാധവൻകുട്ടിയും, അവരും, എന്നെയൊന്നു ഓർക്കുക കൂടെ ചെയ്യാതെ ഭംഗിയിൽ ഫോട്ടോക്ക് പോസ് ചെയ്തു.

എന്തിനോ വേണ്ടി ഇട്ട പുത്തൻ കോസ്റ്റ്യൂമിൻ്റെ തുമ്പ് പിടിച്ച്, മേക്കപ്പിട്ട്, ലിപ്സ്റ്റിക് പോവുമെന്ന പേടിയില്ലാതെ ഫ്രൂട്ടി കുടിച്ചുകൊണ്ട് ഞാനത് നോക്കി നിന്നു.

Comments

  1. ആഹാ.. കൊള്ളാം.

    ബോധം കെട്ടു വീണിട്ടില്ലെങ്കിലും സഭാകമ്പത്തിൻ്റെ 'മൈസ്രേട്ട്' എന്ന സ്ഥാനത്തിരുന്നോണ്ടു പറയുവാ, ഇതൊക്കെ ചെറുത്.

    ReplyDelete
  2. ഓർമകൾക്ക് എത്ര സുഖന്ധം....

    ജീവിതം ആക്കുന്ന സഭയിൽ സഭാകമ്പം ഇല്ലാതെ മുന്നോട്ട്... 🙏🏻🙏🏻

    ReplyDelete
  3. ആശംസകൾ തുടർന്നും എഴുതു 🙏

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്