സൗപര്‍‌ണ്ണികാമൃതം

യാത്രകള്‍ എന്നും ഒരു ഉണര്‍‌വ്വാണു തരിക. ശരീരത്തിനേക്കാള്‍ ഏറെ, ദിനചര്യകളുടെ മടുപ്പിക്കുന്ന വിരസത എന്ന കൂട്ടില്പ്പെട്ട മനസ്സിനു അതൊരു ആശ്വാസത്തിലേക്കുള്ള തുറന്നു വിടല്‍ ആണു. വ്യത്യസ്ത കാഴ്ച്ചകള്‍ സമ്മാനിക്കുന്ന കൗതുകം കൊണ്ട്, അപരിചിതങ്ങളായ ഒരുപാട് മുഖങ്ങളിലെ പുതുമ കൊണ്ട്, സംസ്ക്കാരങ്ങളുടെ ആശ്ചര്യമുളവാക്കുന്ന വൈവിധ്യം കൊണ്ട്.. അങ്ങനെ പല കാരണങ്ങളാണു സമയത്തിന്റെ ഒരുപാട് ഏടുകള്ക്കിപ്പുറവും ചില യാത്രകളെ മനസ്സില്‍ മായാതെ നിര്ത്തുന്നത്.വര്ഷങ്ങള്ക്ക് മുന്പ് നടന്ന അത്തരത്തില്‍ ഒന്നിന്റെ ഓര്മ്മകളാണിനി..

പതിവിനു വിപരീതമായി അത്തവണ കേരളത്തിനപ്പുറത്തേക്ക് എങ്ങോട്ടെങ്കിലും പോകാം എന്ന ആശയം ചിന്തകളെ കൊണ്ടെത്തിച്ചത് മൂകാംബികയില്‍ ആണ്. കുടുംബസമേതം ആയതുകൊണ്ട് ദൂരം ഒരു പ്രശ്നമായിരുന്നില്ല. ലക്ഷ്യം കൊല്ലൂരും കുടജാദ്രിയും ആയതുകൊണ്ടാവാം, ഒരു ഭക്തിയുടെ പരിവേഷം. തീര്‍ത്തും ഒരു തീര്ഥാടനത്തിന്റെ ഛായ അതിനു വരാതിരിക്കാന് ബസ്സില്‍ പോകാം എന്ന് തീരുമാനിച്ചു. ഗുരുവായരില്‍ നിന്ന് മൂകാംബികക്ക് രാത്രി ബസ് സര്‍‌വീസ് ഉണ്ട്. നേരം പുലരുമ്പോള്‍ അങ്ങെത്താം. പിന്നെ ഒരു ദിവസം മൂകാംബികയില്‍, പിറ്റേന്ന് കുടജാദ്രിക്ക്,നാലാംനാള്‍ തിരികെ നാട്ടിലേക്കും.ഇതായിരുന്നു പദ്ധതി.

ഗുരുവായൂരില്‍ നിന്ന് കണ്ണനെ കണ്ട് തൊഴുത് കര്ണ്ണാടക ട്രാന്സ്പോര്ട്ടിന്റെ ബസ്സില്‍ ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ഞങ്ങള് നാലു പേര്‍ യാത്ര തുടങ്ങി. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ഞങ്ങള്ക്ക് താണ്ടാനുണ്ടായിരുന്നത് ഏകദേശം 480 കിലോമീറ്റര്‍.. . മനസ്സില് ഉടലെടുക്കുന്ന ദീര്ഘ യാത്രയുടെ മടുപ്പ് വിട്ടു ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഇതുവരെ കാണാത്ത സ്ഥലത്തേക്ക് ആദ്യമായി പോവുമ്പോഴുണ്ടാവുന്ന ഒരു അങ്കലാപ്പ് ആയിരുന്നു ഉള്ളില്‍ മുഴുവന്‍. അവസാനം കേട്ടുകേള്വി മാത്രമുണ്ടായിരുന്ന കാഴ്ച്ചകളെ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി.

പിറ്റേന്ന് കണ്ണ് തുറന്നത് കന്നഡിഗയുടെ മണ്ണിലെ അരുണോദയം കണ്ട് കൊണ്ടാണു. എനിക്ക് മനസ്സിലാവാത്ത ഭാഷയില്‍, അടുത്തിരിക്കുന്ന ആളുകള്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നു. സ്റ്റീരിയോയില്‍ നിന്ന് വരുന്ന പാട്ടിന്റെ അഗ്രാഹ്യമായ ശീലുകള്ക്ക് കാതോര്ത്ത് ഞാന്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. വഴിയില്‍ ഉടനീളം കാട്ടുചെത്തിയുടെ ചെടികള്‍. നാട്ടില്‍ ചിലയിടങ്ങളില്‍ തെച്ചി എന്നും പറയും. രക്തവര്ണ്ണമുള്ള, കൊലുന്നനെയുള്ള ആ പൂക്കള്‍ ദേവിക്ക് വളരെ പ്രിയപ്പെട്ടതാണത്രെ. ഇവിടെ പ്രകൃതി പോലും പുഷ്പ്പിക്കുന്നത് ആ ജഗദംബികക്കുള്ള അര്ച്ചനയായാണു എന്ന് തോന്നിപ്പോയി.

മൂകാബികയില്‍ എത്തിയത് ഒന്പത് മണി കഴിഞ്ഞാണു.അന്ന് അവിടെ ബസ് സ്റ്റാന്റിന്റെ പണി നടക്കുന്നതേയുള്ളൂ. ഇന്നത് കഴിഞ്ഞ് കാണണം. പളനിയും രാമേശ്വരവും ഒക്കെ പോലെ മലയാളികള്‍ ഒരുപാട് വരുന്ന ഇടമാണു മൂകാംബിക. അതുകൊണ്ട് തന്നെ മലയാളം അറിയാവുന്നവര്‍ ഇവിടെ സുലഭം. താമസ സ്ഥലത്തേക്കുള്ള വഴി ചോദിച്ചറിയാന്‍ അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല. ശ്രീനിവാസ അഡിഗ എന്ന ബ്രാഹ്മണന്റെ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ അദ്ദേഹം കുറേ മുറികള്‍ ദിവസ വാടകക്ക് നല്കിയിരുന്നു.

യാത്രാക്ഷീണം കുളി കഴിയുന്നത് വരെ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സന്ധ്യക്കാവാം അമ്പലത്തിലേക്ക് എന്ന് തീരുമാനിച്ച്, ദേവിയുടെ നടയില്‍ നിന്ന് ഒന്ന് തൊഴുത്,ആദ്യം കണ്ട ഹോട്ടലില്‍ കയറി പ്രാതല്‍ കഴിച്ചു. ആദ്യ ദിവസം മൂകാംബികയില്‍ തങ്ങാനായിരുന്നു തീരുമാനം. മലയാളിയായ ഹോട്ടലുടമയോട് പിറ്റേന്ന് കുടജാദ്രിയിലേക്ക് പോകാനുള്ള ബസ്സിന്റെ കാര്യങ്ങളും, സൗപര്ണ്ണികയിലേക്കുള്ള വഴിയും അന്വേഷിച്ച് ഞങ്ങള്‍ അവിടെ നിന്നിറങ്ങി.

പുഴക്കരയിലേക്ക് നടക്കാന്‍ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞു ടാറിടാത്ത ചെമ്മണ്‍ വഴിയിലൂടെ ഞങ്ങള്‍ നടന്നു.

സുപര്ണ്ണന്‍ പണ്ട് തന്റെ അമ്മയുടെ പാപപ്രായശ്ചിതത്തിനായി തപസ്സ് ചെയ്തത് കൊല്ലൂരിലെ ഈ സൗപര്‍ണ്ണികയുടെ തീരത്താണു എന്നത് പുരാണ കഥ. ആ തീരത്തെ തഴുകി ഒഴുകുമ്പോള്‍, അങ്ങ് കുടജാദ്രിയില്‍ നിന്ന് ഒഴുകി വരുന്ന പുഴക്കിപ്പോള്‍ വര്ഷത്തിന്റെ രൗദ്രഭാവമില്ല. മുട്ടിനൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന് എന്റെ കൈക്കുമ്പിളില്‍ ഞാന് കോരിയെടുത്ത വെള്ളത്തിനു, അറുപത്തിനാലു പച്ചമരുന്നുകളുടെ ഔഷധ വീര്യം മാത്രമല്ല, സുഖമുള്ള ഒരു തണുപ്പും ഉണ്ടായിരുന്നു. ശാപമോക്ഷത്തിന്റെ മണ്ണില്‍, എന്റെ കര്മ്മങ്ങളുടെ അറിയാക്കണക്കുമായി സമയത്തിന്റെ ഗതിയറിയാതെ ഒരുപാട് നേരം ഞാന്‍ ഇരുന്നു.

അമ്പലമണികളുടെ അകമ്പടിയോടെ, ആരതി വിളക്കുകളുടെ പ്രഭാപൂരവുമായെത്തിയ അന്നത്തെ സന്ധ്യ അവര്ണ്ണനീയമായിരുന്നു. ആയിരത്തി ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ആദി ശങ്കരന്‍ പ്രതിഷ്ഠ നടത്തിയ കര്‍ണ്ണാടകയിലെ ഏഴു മുക്തി സ്ഥലങ്ങളില്‍ ഒന്നാണത്രെ. കുടജാദ്രിയില്‍ കുടികൊള്ളുന്ന ദേവിയെ കൊല്ലൂരില്‍ കൊണ്ടുവന്നത് ശങ്കരാചാര്യര്‍ ആണു. ഇവിടെ ജ്യോതിര്‍ലിംഗരൂപത്തില്‍ ആണു പ്രതിഷ്ഠ. കരിങ്കല്ലില്‍ പണി തീര്‍ത്ത അമ്പലം. ശ്രീകോവിലിനു സ്വര്‍ണ്ണം പൊതിഞ്ഞിരിക്കുന്നു. ഇരുപത്തിയൊന്ന് തട്ടുകള്‍ ഉള്ള ദീപസ്തംഭവും പഞ്ചമുഖ ഗണേശ വിഗ്രഹവും കാണേണ്ടതു തന്നെ.

ശക്തിയും സരസ്വതിയും മഹാലക്ഷ്മിയുമായ മംഗളരൂപിണിയെ തൊഴുത്, സരസ്വതീ മണ്ഡപത്തിലെ സഹസ്രനാമാര്ച്ചന കേട്ട്, പ്രസാദമായി നല്കുന്ന കഷായക്കൂട്ട് കുടിച്ച് ആ നടയില്‍ നിന്നിറങ്ങുമ്പോള്‍ മനസ്സിനു ഈശ്വര കടാക്ഷത്തിന്റെ നിര്‍‌വൃതി.ആ രാത്രി ഇരുട്ടി വെളുക്കുന്നത് കുടജാദ്രിയിലേക്കുള്ള യാത്രയില്‍ ആണെന്നത് എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്ത്തി, അതിനിനി മണിക്കൂറുകള്‍ ഏറെയുണ്ടെന്നത് ഉള്ളില്‍ അക്ഷമ ഉളവാക്കിയെങ്കില്‍ കൂടിയും..

പിറ്റേന്ന് വെളുപ്പിന് അഞ്ചരക്ക് മൂകാംബികയില്‍ നിന്ന് കുടജാദ്രിയിലേക്ക് പുറപ്പെട്ടു. ചന്ദനത്തിരിയും വിളക്കും പ്രാര്‍ഥനയുമൊക്കെ ചേര്‍ന്ന് ഒരു ചെറിയ പൂജ തന്നെ കഴിഞ്ഞിട്ടാണു ഡ്രൈവര്‍ ബസ്സ് മുന്നോട്ടെടുത്തത് . ആളുകള്‍ നന്നെ കുറവായിരുന്നു. വളഞ്ഞും പുളഞ്ഞും, കുറെ ഹെയര്‍ പിന്‍ വളവുകള്‍ പിന്നിട്ടു അവസാനം അവര്‍ ഞങ്ങളെ ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കി. അതൊരു ബസ് സ്റ്റോപ്പ് ആണെന്ന് മനസ്സിലാകത്തക്കവണ്ണം അവിടെ ഒന്നും ഉണ്ടായിരുന്നില്ല. കുടജാദ്രിയിലേക്ക് പോകാന്‍ രണ്ടു മാര്ഗങ്ങള്‍ ഉണ്ട്. ഒന്നുകില്‍ ജീപ്പില്‍, ദുര്ഘടമായ വഴിയിലൂടെ യാത്ര.അല്ലെങ്കില്‍ ഒരു 17 കിലൊമീറ്ററോളം കൊടും കാട്ടിലൂടെ സാഹസികമായ നടത്തം.ജീപ്പിനാണു പോകുന്നതെങ്കില്‍ ഇറങ്ങേണ്ട സ്ഥലം വേറയാണു. ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു. ചെയ്ത പാപങ്ങള്‍ ഒക്കെ അങ്ങനെ അങ്ങ് തീരട്ടെ എന്ന് ആരോ തമാശയായി പറഞ്ഞതിലെ നര്‍മ്മം ആസ്വദിച്ച് നടന്നു തുടങ്ങുമ്പോള്‍ ആ വാക്കുകളില്‍ പകുതി കാര്യവും ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ അപ്പോള്‍ അറിയാതെ പോയി.

നടക്കാന്‍ ഞങ്ങളോടൊപ്പം വേറെയും മൂന്നുനാല് പേരുണ്ടായിരുന്നു. വളരെ രസകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായി കൂടെ ഉണ്ടായിരുന്നത് ഒരു മിണ്ടാപ്രാണിയായിരുന്നു. ഒരു നായ. ബസ് സ്റ്റോപ്പില്‍ നിന്ന് അങ്ങ് എത്തുന്നത് വരെ അത് കൂടെയുണ്ടാവും. പിന്നെ അത് തിരിച്ചു വരുമത്രേ. പിന്നീടു വരുന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍.ദുഷ്ക്കര്‍മ്മം ചെയ്ത മനുഷ്യന്‍ അടുത്ത ജന്മം നായ്‌യായി ജനിക്കുമെന്ന് പറയുന്നതില്‍ ഒരു കെട്ടുകഥ എന്ന വിവേചനത്തിനും അപ്പുറത്ത് സത്യമുണ്ടാവുമോ? ഉണ്ടെങ്കില്‍ ഒരു നിയോഗം പോലെ തന്റെ കര്‍മ്മം ചെയ്യുന്ന ആ ശ്വാനന്‍ മോക്ഷത്തിനായി യത്നിക്കുന്ന ഒരു ദേഹിയാവും.

കാടിന്റെ വന്യതയിലൂടെ, പരിചിതമല്ലാത്ത ഒരു നൂറു ശബ്ദങ്ങള്‍ കേട്ട് ഞങ്ങള്‍ നടന്നു. പകുതി വഴിയില്‍ ഒരു ചായക്കട എന്ന ഇടത്താവളം. പനയോല മേഞ്ഞ മേല്‍ക്കൂരയുള്ള ഒരു ചെറിയ വീടു പോലെ തോന്നിച്ചു അത്.അവിടെ നിന്ന് ചായ കുടിച്ച്, കുപ്പികളില്‍ വെള്ളം നിറച്ചു പിന്നെയും നടത്തം തുടര്‍ന്നു. വഴിച്ചാല്‍ നല്ലതുപോലെ തെളിഞ്ഞ് കാണാമായിരുന്നു. മഴക്കാലത്ത് ഈ വഴിയിലൂടെയുള്ള യാത്ര അട്ടകളുടെ ശല്യം മൂലം അസാധ്യമാവുമത്രെ.

ഇലപ്പടര്‍പ്പുകള്‍ തലക്കു മുകളില്‍ വിരിച്ച് പിടിച്ച തണല്‍ വകഞ്ഞു മാറ്റി വെയില്‍ ഓടിയെത്തിയപ്പോഴറിഞ്ഞു ഇനി കയറാനുള്ളത് മുട്ടിനൊപ്പം പുല്ല് മാത്രം വളര്‍ന്നു നില്‍ക്കുന്ന ഒരു കുന്നാണെന്ന്... അതിനു മുകളില്‍ ഒരു പാറമേല്‍ ഇരുന്നു ഒരിത്തിരി വിശ്രമിച്ചു.പിന്നെയും യാത്ര. കുപ്പികളിലെ വെള്ളം തീരാറായി തുടങ്ങി. എല്ലാവരുമൊന്നിച്ച് കാട്ടിലൂടെ ഉള്ള ഈ നടത്തം പക്ഷേ രസകരമാണു. കുന്നുകള്‍ കയറിയിറങ്ങി ദൂരം എത്ര താണ്ടിയെന്ന കണക്ക് ഒരാള്‍ക്കു പോലും അറിയില്ല.അവസാനം കുടജാദ്രിയില്‍ എത്തിയപ്പോഴേക്കും ഉച്ചയായി. മല കയറി ഒരു വലിയ സമതലത്തില്‍ എത്തിയ പോലെ തോന്നി. ഞങ്ങള്‍ ക്ഷീണിച്ചു അവശരായി കഴിഞ്ഞിരുന്നു.

അവിടെ ഒരു ചെറിയ അമ്പലമുണ്ട്. അമ്പലത്തിലെ പൂജാരിയുടെയും മറ്റും വീടുകള്‍ അവിടെത്തന്നെയാണു. എത്തിയപാടെ കുടിവെള്ളം ആണു അന്വെഷിച്ചത്. പാറയിടുക്കില്‍ നിന്ന് ഒലിച്ചിറങ്ങി വരുന്ന വെള്ളത്തിനു ഏതു പാക്കേജ്ഡ് മിനറല്‍ വാട്ടര്‍നെക്കാളും ശുദ്ധിയും സ്വാദും ഉണ്ടാവുമെന്ന് അന്നറിഞ്ഞു.

സര്‍‌വ്വജ്ഞ പീഠത്തിലേക്ക് പോകാന്‍ ഇനിയും മല കയറണം. ഭക്ഷണം കഴിച്ചിട്ടല്ലാതെ ഒരടി മുന്നോട്ടേക്കില്ല എന്ന സ്ഥിതിയിലായിരുന്നു ഞാന്‍. അതിനും മുന്നെ അമ്പലത്തില്‍ കയറി തൊഴുതു. നാട്ടിലായിരുന്നെങ്കില്‍ 'ഈ നട്ടുച്ചക്കാണോ അമ്പലത്തിലേക്ക്' എന്ന് ചോദ്യമുയരുമായിരുന്നു. ഇവിടെ കാതങ്ങള്‍ താണ്ടി ഞാന്‍ നടന്നെത്തിയെ ഈ ഈശ്വര സന്നിധിയില്‍ സമയത്തിനും, ഈ നടയില്‍ സാധാരണ ഉതിര്‍ന്ന് വീഴുന്ന മന്ത്രശീലുകളുടെ ഭാഷ എനിക്കറിയില്ല എന്ന എന്റെ ബോധത്തിനും എന്ത് പ്രസക്തിയാണുള്ളത്.

നമ്മുടെ നാട്ടിലെ പ്ലാവില പോലെ എന്തോ ഒരു തരം ഇലകള്‍ കൊണ്ട് കുത്തിയുണ്ടാക്കിയ പ്ലേറ്റില്‍, ചൂടു പച്ചരിച്ചോറിന്റെയും, വെള്ളരിക്ക കൊണ്ടുള്ള സാമ്പാറിന്റെയും രൂപത്തില്‍, അവിടത്തെ ഒരു വീട്ടുകാര്‍ ഞങ്ങള്‍ക്ക് നേരെ കാട്ടിയ ആഥിത്യ മര്യാദ, നാവിനു അമൃതായിരുന്നു. കുറച്ച് വിശ്രമിച്ചതിനു ശേഷം സര്‍‌വജ്ഞ പീഠത്തിലേക്ക് പുറപ്പെട്ടു.

കുത്തനെയുള്ള കയറ്റമാണു ഇനിയങ്ങോട്ട്. വഴിയില്‍ ആണെങ്കില്‍ ചരലു മണ്ണും. അടിയൊന്നു തെറ്റിയാല്‍ കയറിയ വഴിയിലൂടെ ഇരട്ടി വേഗത്തില്‍ താഴെ എത്തും. പോകുന്ന വഴിയില്‍ ഒരു ചെറിയ ഗുഹാ ഗണപതി ക്ഷേത്രമുണ്ടെന്നു പറഞ്ഞു കേട്ടിരുന്നു. അങ്ങോട്ടേക്കുള്ള വഴി ആര്‍ക്കും നിശ്ചയം പോരാ. എങ്കിലും വലതു വശത്തേക്ക് പിരിയുന്ന കാട്ടുചവറു മൂടിയ നേര്‍ത്ത വഴിച്ചാലിലൂടെ നടന്നു. ഊഹം തെറ്റിയില്ല. വഴി ചെന്നവസാനിച്ചത് അവിടെയാണു. ഗുഹക്കുള്ളില്‍ അസാധാരണമായ തണുപ്പായിരുന്നു. നിലത്ത് കുങ്കുമത്തിന്റെ രക്തവര്‍‌ണ്ണം. അവിടത്തെ പൂജാരിയുടെ മുഖം നാളിത്ര കഴിഞ്ഞിട്ടും എന്റെ കണ്‍‌മുന്നില്‍ ഉള്ളത് എന്നില്‍ അകാരണമായ ഭീതി ഉളവാക്കിയ ആ കണ്ണുകള്‍ കാരണമാണു. അതുവരെ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും വാഴക്കൂമ്പിന്റെ നിറമുള്ള കൃഷ്ണമണികളിലേക്ക് ഉറ്റുനോക്കിയിരുന്നില്ല.ധൃതിയില്‍ അവിടെ നിന്നിറങ്ങി.

കയറ്റത്തിന്റെ കാഠിന്യം ഏറി വന്നു. ക്ഷണനേരത്തെ അശ്രദ്ധ കൊണ്ട് അഗാധമായ താഴ്‌ച്ചയിലേക്ക് വീണു പോകാവുന്ന വഴികള്‍. ലോകത്തിന്റെ നെറുകയിലേക്കാണോ ഈ കയറിപ്പോവുന്നത് എന്നു തോന്നും താഴെക്ക് നോക്കിയാല്‍.

അവസാനം, ശ്രീ ശങ്കരാചാര്യര്‍ക്ക് പ്രപഞ്ച ശക്തിയുടെ ദര്‍ശനം കിട്ടിയ, സര്‍‌വജ്ഞ പീഠമെന്ന ശൃംഗത്തില്‍ ഞങ്ങളെത്തി. അവിടെ എത്തിയാല്‍ പക്ഷേ, കയറിവന്ന വഴിയിലെ ബുദ്ധിമുട്ടുകളൊക്കെ നിമിഷാര്‍ദ്ധം കൊണ്ട് നമ്മള്‍ മറക്കും. പ്രകൃതി പോലും സ്വയം മഹാധ്യാനത്തില്‍ ഇരിക്കുന്നിടമാണിതെന്ന് തോന്നിപ്പോവും. ഇവിടെ ശങ്കരാചാര്യര്‍ തന്റെ തപശ്ശക്തി കൊണ്ടാവും എത്തിച്ചേര്‍‌ന്നത്. അദ്ദേഹം തപസ്സു ചെയ്ത സ്ഥലത്ത് ഒരു കല്‍മണ്ഡപം ഉണ്ട്. പുരാണത്തില്‍ മൂകാസുര വധം നടന്ന ഈ മണ്ണ് നമുക്ക് തിന്മയുടെ അനിഷേധ്യമായ പതനം കാട്ടിത്തരുന്നു.

അവിടത്തെ നിശബ്ദതക്ക് പോലും ഓംകാര ധ്വനിയുണ്ടെന്നു തോന്നി.നീട്ടിപ്പിടിച്ച എന്റെ കൈകള്‍ക്കിടയിലൂടെ തെന്നി നീങ്ങുന്ന കോട സത്യത്തില്‍ മേഘങ്ങളാണെന്നത് എന്നെ അമ്പരപ്പിച്ചു.

അവിടെ നിന്ന് താഴോട്ടിറങ്ങി കാട്ടിലൂടെ കുറച്ചു നടന്നാല്‍ ഒരു വെള്ളച്ചാട്ടം ഉണ്ടത്രെ. പക്ഷേ സമയക്കുറവു കൊണ്ട് അത് മറ്റൊരു വരവിലേക്ക് ബാക്കിവെച്ച കാഴ്ച്ചയാക്കി ഞങ്ങള്‍ തിരിച്ചിറങ്ങി. പകല്‍ വെളിച്ചത്തിലെ ഭംഗിക്ക് ഇരുളിന്റെ നിഴലുകള്‍ നല്‍കുന്നത് ഭയപ്പെടുത്തുന്ന ഭാവമാറ്റമാണു. ഇരുള്‍ ഭീതിയായി മനസ്സില്‍ പരക്കുന്നു എന്നത്, തിരിച്ച് ബസ് സ്റ്റോപ്പിലേക്കുള്ള ഞങ്ങളുടെ നടപ്പിന്റെ കൂടുന്ന വേഗതയില്‍ നിന്ന് വ്യക്തം.

ഇനി മൂകാംബികയില്‍ തിരിച്ച് എത്തുമ്പോഴേക്കും രാത്രി ഒരുപാട് വൈകുമെന്ന് ഉറപ്പായിരുന്നു. പിറ്റേന്ന് രാവിലെ അമ്പലത്തില്‍ ഒന്നുകൂടി തൊഴുത് തിരിച്ച് യാത്ര തിരിക്കേണ്ടതാണു. ബസ്സു കാത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്നു പോയ രണ്ട് ദിവസത്തോട് പരിഭവം തോന്നി. ഏങ്കിലും പെറുക്കി വെക്കാന്‍ ഓര്‍മ്മകളുടെ ഒരുപിടി കുന്നിക്കുരുക്കള്‍ ഉണ്ടായിരുന്നു കൈയ്യില്‍.

കുറച്ച് കാക്കേണ്ടി വന്നെങ്കിലും ബസ്സില്‍ തിരക്കൊട്ടും തന്നെ ഉണ്ടായിരുന്നില്ല. കോടശിയെ ചുറ്റി വരുന്ന കാറ്റിനു പേരറിയാത്ത നൂറു കാട്ടുപൂക്കളുടെ മണം. അതിന്റെ തഴുകലില്‍ പുറം കാഴ്ച്ചകള്‍ക്ക് നേരെ എന്റെ കണ്ണുകള്‍ അടഞ്ഞപ്പോള്‍ മനസ്സ് തെളിവെള്ളം പോലെ ശാന്തമായിരുന്നു.

------

കാലത്തിന്റെ ഒഴുക്കില്‍ അവിടെ നാഗരികതയുടെ കടന്നുകയറ്റം ഇന്നെത്രത്തോളമായോ എന്തൊ. എങ്കിലും പേരിലെ സൗന്ദര്യം ഭക്തിയുടെ പാരമ്യതയാവുന്ന മൂകാംബികയും, പിന്നെ ജ്ഞാനത്തിന്റെ ഉത്തുംഗശൃംഗമായ കുടജാദ്രിയിലെ സര്‍‌വജ്ഞ പീഠവും ആ യാത്രയും മായാത്ത ഓര്‍‌മ്മയാണു..ഇന്നും

Comments

  1. രാത്രി ഒന്നു കുടജാദ്രി പോയി വന്നു🙂

    ReplyDelete
  2. യാത്ര വിവരണം നന്നായി, പണ്ടു പോയ ഓർമ്മ വന്നു 🙏

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്