കണ്ണുനീരിന്റെ മാലാഖ

ദൈവത്തിന്റെ മാലാഖമാരിൽ പണ്ട് ഒരു കൊച്ചു മാലാഖയുണ്ടായിരുന്നു. ബാക്കിയുള്ളവരേക്കാൾ ഉയരം കുറഞ്ഞ, അത്രത്തോളം ഭംഗിയില്ലാത്ത ഒരു മാലാഖ.

ദൈവം സന്തോഷത്തോടെ സൃഷ്‌ടിച്ച മാലാഖമാരിൽ താൻ മാത്രം ഇങ്ങനെ ആയിപ്പോയതെന്തെന്നു കൊച്ചു മാലാഖ പലവട്ടം ആലോചിച്ചു. തന്നെ മാത്രം വ്യത്യസ്തനായി സൃഷ്ടിച്ചതെന്തെന്ന് ആലോചിച്ചു സങ്കടപ്പെട്ടതല്ലാതെ, ദൈവത്തിനോട് പോയി ചോദിയ്ക്കാൻ അവൻ മടിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം മാലാഖമാരെയെല്ലാം അടുത്ത് വിളിച്ചു. തന്റെ ജോലിയുടെ ഒരു പങ്കു അവർക്കെല്ലാം വീതിച്ചു കൊടുക്കാൻ ദൈവം തീരുമാനിച്ചിരുന്നു. ഓരോരുത്തരെയും അടുത്ത് വിളിച്ചു ദൈവം ഓരോ കർമ്മങ്ങൾ ഏൽപ്പിച്ചു. ഓരോരുത്തരുടെയും ഊഴം കഴിഞ്ഞുകൊണ്ടിരുന്നു. കൊച്ചു മാലാഖയെ മാത്രം ദൈവം വിളിച്ചില്ല.

തന്നോട് ദൈവത്തിനു സ്‌നേഹമില്ലേ എന്ന് പണ്ടേ സംശയമുണ്ടായിരുന്ന കൊച്ചു മാലാഖക്ക് ഇപ്പോൾ അതേതാണ്ടുറപ്പായി. അവൻ അക്ഷമനായി ദൈവത്തിന്റെ വിളിക്കായി കാത്തിരുന്നു. എറ്റവുമൊടുവിൽ ദൈവം അവനെ വിളിച്ചു. അപ്പോഴേക്കും, ഏൽപ്പിച്ച ജോലികൾ സന്തോഷത്തോടെ എറ്റുവാങ്ങിക്കൊണ്ടു ബാക്കിയെല്ലാവരും പിരിഞ്ഞു പോയിരുന്നു.

കൊച്ചു മാലാഖയെ അടുത്ത് വിളിച്ചു ദൈവം ഒരു കറുത്ത സഞ്ചി അവന്റെ കയ്യിൽ കൊടുത്തു. പൊള്ളുന്ന ആ സഞ്ചി പണിപ്പെട്ടു കയ്യിൽ വാങ്ങിയ മാലാഖ ദൈവത്തിനെ സംശയത്തോടെ നോക്കി.

അപ്പോൾ ദൈവം പറഞ്ഞു,' നീ കണ്ണുനീരിന്റെ മാലാഖയാണ്. ഈ സഞ്ചി നിറയെ കണ്ണുനീരാണ്. ആവശ്യാനുസ്സരണം നീ ഇത് ലോകത്തിൽ വിതരണം ചെയ്യണം.'

മാലാഖയുടെ മുഖം വാടി. 'ഇതെന്തൊരു ജോലിയാണ്. ഉള്ളതിൽ വെച്ചേറ്റവും മോശം ജോലി ഇതുതന്നെ' അവൻ മനസ്സിൽ പറഞ്ഞു. എങ്കിലും മറുത്തൊന്നും പറയാതെ മാലാഖ യാത്ര തിരിച്ചു.

കാലം ഒരുപാട് കഴിഞ്ഞു. ഒരു ദിവസം കൊച്ചു മാലാഖ ദൈവത്തിനെ കാണാൻ എത്തി. അവൻ ദൈവത്തിനോട് പറഞ്ഞു, 'ദൈവമേ , എനിക്കീ ജോലി വേണ്ട. എന്നെ ആർക്കും ഇഷ്ടമല്ല. കരയാൻ ആർക്കാണ് ഇഷ്ടമുണ്ടാവുക? ജീവജാലങ്ങളുടെ ദുഃഖം കണ്ടു കണ്ടു എന്റെ മനസ്സ് മരവിച്ചു പോയിരിക്കുന്നു. എനിക്കിനിയും ഇത് വയ്യ. മറ്റുള്ളവരെക്കാൾ വ്യത്യസ്തനായി എന്നെ അങ്ങ് സൃഷ്ടിച്ചപ്പോഴേ എനിക്ക് തോന്നിയിരുന്നു അങ്ങേക്ക് എന്നെ ഇഷ്ടമല്ലെന്ന്. ഇപ്പൊ അതെനിക്കുറപ്പായി. അല്ലെങ്കിൽപിന്നെ ഇങ്ങനെ ഒരു ജോലിക്കു എന്നെ തിരഞ്ഞെടുക്കാൻ കാരണം എന്താണ്? ഇനിയും ഇത് ചെയ്യാൻ എന്നെക്കൊണ്ടാവില്ല. അങ്ങ് ക്ഷമിക്കണം.'

അതുകേട്ട് ദൈവം പുഞ്ചിരിച്ചു.
കുറച്ചു നേരം മാലാഖയുടെ മുഖത്തേക്ക് നോക്കിയിരുന്ന ശേഷം ദൈവം ചോദിച്ചു,' നീ കൊടുക്കുന്ന കണ്ണുനീരിൽ വേദനകൾ അലിഞ്ഞു പോവുന്നത് നീ കണ്ടിട്ടുണ്ടോ?'

'കരഞ്ഞാൽ വേദന പോവുന്നത് എങ്ങനെയാണ് ദൈവമേ?' മാലാഖ പറഞ്ഞു.'ദുഃഖം എന്തായാലും, അതെത്ര മടങ്ങായാലും, സഹിച്ചല്ലേ പറ്റൂ?'

അപ്പോൾ ദൈവം പറഞ്ഞു,' സഹിക്കാനുള്ള ശക്തിയാണ് കണ്ണുനീരിലൂടെ അവർക്ക് കിട്ടുന്നതെങ്കിലോ? നിന്റെ കയ്യിലെ കണ്ണുനീരിനു എങ്കിൽ ഇരുമ്പിനേക്കാൾ ബലമുണ്ട്.'

മാലാഖ തെല്ലിട ആലോചിച്ചു.

എന്നിട്ട് അവൻ പറഞ്ഞു,' എന്നാലും ദൈവമേ , ആർക്കാണ് കണ്ണുനീരിഷ്ടമുണ്ടാവുക? ഞാൻ കൂടെ വേണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഞാൻ എവിടെയും. ഞാനുള്ള ഓർമ്മകൾ പോലും എല്ലാവരും മറക്കാൻ ആവും താല്പര്യപ്പെടുക.'

വാടിയ അവന്റെ കുഞ്ഞു മുഖം കയ്യിലെടുത്തു ദൈവം പറഞ്ഞു,' ഈ സർവ്വ ചരാചരങ്ങളും, എന്നെ, അവരുടെ സ്രഷ്ടാവിനെ എറ്റവും കൂടുതൽ ഓർക്കുന്നത് എപ്പോഴാണെന്ന് നിനക്കറിയാമോ?
അത് സന്തോഷത്തിലല്ല, മറിച്ച് ദുഃഖത്തിലാണ്.
എന്റെ മുന്നിൽ വന്നു വീണിട്ടുള്ള ആത്മാർത്ഥമായ പ്രാർത്ഥനകൾ കണ്ണുനീരിൽ കുതിർന്നവയാണ്.
എന്നെ അവർ ഓർക്കുന്നത് അപ്പോൾ നീ കാരണം അല്ലേ?
നിന്നിലൂടെയാണ്, ഞാൻ അവർക്കൊപ്പമുണ്ടെന്ന് അവർ തിരിച്ചറിയുന്നത്.
എന്റെ മാലാഖമാരിൽ എനിക്കേറ്റവും പ്രിയപ്പെട്ടവൻ നീയാണെന്ന് ഇതിലും വലിയ എന്ത് തെളിവാണ് നിനക്ക് വേണ്ടത്?
നീ ചെയ്യുന്ന കർമ്മമല്ലേ എറ്റവും മഹത്തരം?'


ദൈവത്തിന്റെ വാക്കുകൾ കേട്ട് കൊച്ചു മാലാഖയുടെ കണ്ണുകളപ്പോൾ സ്വന്തം കണ്ണുനീരാൽ നിറഞ്ഞു.
അതിനിടയിലും, അന്നാദ്യമായി അവൻ മനസ്സ് തുറന്നു ചിരിച്ചു.

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്