< Purely fiction - inspired by an article that came in mathrubhumi weekend edition>


വൃന്ദാവനം

മഥുര- ഒരു പഴങ്കഥ പോലെ പാടിയും പറഞ്ഞും മനസ്സുകളില്‍ പതിഞ്ഞ ചരിത്രം ഉറങ്ങുന്നിടം. ഇവിടെയാണു തുളസീവനം. ഗോപികമാരുടെ വിരഹവും രാധയുടെ കണ്ണീരും വീണുടഞ്ഞ മണ്ണ് ഇന്ന് ഇരുണ്ട് കിടക്കുന്നു.

ഇവിടത്തെ ഗലികളില്‍ നിന്ന് ഇപ്പോള്‍ പൊട്ടിച്ചിരികള്‍ ഉയരാറില്ല. ചന്ദനവും അകിലും മണക്കുന്ന വൈകുന്നേരങ്ങള്‍ക്കും, അടക്കിപ്പിടിച്ച തേങ്ങലുകളുടേയും കണ്ണീരിന്റെയും രാത്രിക്കും ശേഷം പ്രതീക്ഷകളുടെ സൂര്യന്മാര്‍ ഇവിടെ ഉദിക്കാറുമില്ല. ധൂമക്കുറ്റികള്‍ പോലെ സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങിയ എന്നെപ്പോലെയുള്ള കുറേ പേര്‍ മാത്രമാണിന്നിവിടെ. വിധിവിയോഗം കൊണ്ടോ കര്മ്മഫലം കൊണ്ടോ ആചാരങ്ങള്‍ കല്പ്പിച്ചു തന്ന അതിരര്‍ വരമ്പുകളില്‍ ബന്ധിക്കപ്പെട്ടവര്‍. ഞങ്ങള്‍ക്ക് ഒരേ പേരാണു-വിധവകള്‍.

സന്തോഷത്തിന്റെ സിന്ദൂരം മായ്ച്ചത് വിധിയാണെങ്കില്‍ ജീവിതവര്ണ്ണങ്ങളുടെ വളകള്‍ ഉടച്ച് കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് സമൂഹം ആണ്.

ഞാന്‍ ദഹിയ.  ജനിച്ചത് മാര്‍വാരിയില്‍. ഘാണ്ട വൈശ്യ പാരമ്പര്യത്തിലെ വളരെ യാഥാസ്ഥികമായ കുടുംബം. വീട്ടിലെ നാലു ചുവരുകള്ക്ക് അപ്പുറത്തെ ലോകം കാണാതിരുന്ന, മുതിര്ന്നവരുടെ തീരുമാനങ്ങള്ക്ക് മുന്നില്‍ തലകുനിച്ചിരുന്ന കുട്ടി. പതിനഞ്ചാമത്തെ വയസ്സില്‍ കൈകളില്‍ വിരിഞ്ഞ മെഹന്ദിയുടെയും നെറ്റിയില്‍ വീണ സിന്ദൂരത്തിന്റെയും ചുവപ്പിനു അല്പ്പായുസ്സ് ആയിരുന്നു. ഒരു വിധവക്ക് പിന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ സ്ഥാനമില്ലല്ലൊ.

പുറത്താക്കപ്പെട്ടപ്പോള്‍ എവിടെ പോകണം
 എന്ന് അറിയില്ലായിരുന്നു. അവസാനം വന്നടിഞ്ഞത് വെള്ള പുതച്ച ഈ ഗലികളില്‍ ആണ്. അത് കഴിഞ്ഞിട്ടിപ്പോള്‍ എത്ര വര്‍ഷങ്ങള്‍ കടന്നുപോയി. വയസ്സ് അറുപതിനും മേലെ ആയി. എങ്കിലും ഒരു നേര്‍ത്ത പുകമറയില്‍ ഇന്നും തെളിയുന്നു അതെല്ലാം.

ഒരു കലമ്പിച്ച സ്വരം കേട്ട് ദഹിയ ചിന്തയില്‍ നിന്നുണര്‍ന്നു. ദേഹാത്തിയില്‍ ആരെയൊക്കെയോ ചീത്ത വിളിച്ചു കൊണ്ട് ഭാനു നടന്നു വരുന്നുണ്ടായിരുന്നു. അവള്‍ക്കിപ്പോള്‍ അമര്‍ബാരിയിലെ ജോലി കൂടി ഉണ്ട്. തലയിലെ മുഷിഞ്ഞ തുണിക്കെട്ട് ആല്ത്തറയില്‍ ഇറക്കി വെച്ച് അവള്‍ വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി .വെറ്റിലക്കറ പുരണ്ട സാരിത്തലപ്പു കൊണ്ട് മുഖം തുടച്ച് പറഞ്ഞു,"ഓ ദഹിയാബെന്‍, ഇന്ദിരാദേവി കഹത്ത് ഹെ തുംസെ കല്‍ ഊക്കൊ മില്നെ വിച്"

ഊം..എന്നൊന്ന് അമര്‍ത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

ഇന്ദിരാദേവി അമര്‍ബാരിയില്‍ ആണു താമസം. സര്‍ക്കാര്‍ വക വിധവാമന്ദിരം ആണത്. അമര്‍ബാരി തുടങ്ങിയപ്പോള്‍ തനിക്കും അങ്ങോട്ട് മാറണം എന്നുണ്ടായിരുന്നു. പക്ഷെ അവിടെ പണം കെട്ടണം. ഭജനാശ്രമത്തില്‍ വൈകുന്നേരം പാടിയാല്‍ കിട്ടുന്ന മൂന്ന് രൂപ കൊണ്ട് എന്ത് ആവാനാണു. വയറു നിറയെ ഒരു നേരത്തെ ആഹാരത്തിനു പോലും അത് തികയില്ല. ഭിക്ഷ എടുക്കാന്‍ മനസ്സ് വരാത്തത് കൊണ്ടാണു വെറ്റില വില്ക്കുന്നത്. ഇതു കൊണ്ട് കിട്ടുന്ന പണം വെറ്റിലക്കെട്ട് കൊണ്ട് വന്ന് തരുന്ന ഭിര്‍ജ്മോഹനു കൊടുക്കാനും പിന്നെ കഷ്ടിച്ച് രണ്ട് നേരത്തെ ആഹാരത്തിനും മാത്രമെ തികയൂ. അമര്‍ബാരിയില്‍ മൂന്ന് നേരം ഭക്ഷണം കിട്ടും. ഉടുക്കാന്‍ വസ്ത്രവും.

സന്ധ്യയാകാറായി. ഇന്നത്തേക്ക് ഇനി മതിയാക്കാം എന്നോര്‍ത്തുകൊണ്ട് ദഹിയ വെറ്റിലക്കൂടയും എടുത്ത് എഴുന്നേറ്റു. മനസ്സിന്റെ ഉണര്‍വ്വ് ശരീരത്തിനു ഇല്ലാതായിരിക്കുന്നു. ഏറെ നേരം ഇരുന്ന് എണീറ്റാല്‍ ഇപ്പോള്‍ നടക്കാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ട്.

ഘാട്ടില്‍ പോയി കുളിച്ച് രാധാ ദാമോദര്‍ മന്ദിറില്‍ പോണം. ഇന്നു അവിടെ ഭജനക്ക് ചെല്ലണം എന്ന് ശാസ്ത്രി രാവിലെ കണ്ട്പ്പോള്‍ പറയുകയുണ്ടായി. അന്നദാനം ഉണ്ടത്രെ.

സേവാകുഞ്ജിന്റെ പിറകില്‍ ആണു വര്‍ഷങ്ങളായി ദഹിയയുടെ താമസം. പണ്ടൊരു രാത്രിയില്‍ ഓടിക്കേറിയതാണവിടെ. അഭയം തന്ന മായി കൂടെ പോയതോടെ ദഹിയ അവിടെ തനിച്ചായി താമസം. വേച്ച് വേച്ച് ദഹിയ തന്റെ ഒറ്റമുറിയിലേക്ക് നടന്നു.

------------------

മന്ദിറില്‍ എത്തിയപ്പോഴേക്കും ഭജന്‍ തുടങ്ങിയിരുന്നു.

" മേരെ നന്ദലാല ആയൊ മോരെ ആങ്കന്‍ മേം
 ആംസൂ പോംച്ചേ, ദെ ഗയേ ഖുശിയാം ദാമന്‍ മേം.
.."

ഒരേ താളത്തില്‍ അവര്‍ പാടുന്നു. ഭക്തിയെക്കാളേറെ നിസ്സംഗതയായിരുന്നു ആ സ്വരങ്ങളില്‍. ദഹിയയും അവരില്‍ ഒരാളായി.

രാത്രി ഉറക്കം വരാതെ , നീരു വെച്ച കാലു തടവിക്കൊണ്ട് ദഹിയ ഓര്‍ത്തു.

കാലം വ്രജ്ജിനു ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പതിനായിരക്കണക്കിനു വിധവകള്‍ ഉണ്ട് ഇന്നിവിടെ. ഭിക്ഷ എടുത്തും ഭജന്‍ പാടിയും അവരിവിടെ ജീവിക്കുന്നു. ചുരുക്കം ചിലര്‍ എന്തെങ്കിലും കൈത്തൊഴില്‍ ചെയ്ത് വരുമാനം കാണുന്നു. തിരസ്ക്കാരത്തിന്റെ കൈയ്യ്പ്പ് അറിഞ്ഞ ജീവിതത്തില്‍ അവര്‍ക്ക് ഇനി കാത്തിരിക്കാനുള്ളത് ഒരു അനുഗ്രഹം എന്ന് അവര്‍ കരുതുന്ന മരണത്തെ മാത്രമാണു.

വിശപ്പ് മാത്രമല്ല അവരുടെ മുന്നിലെ വെല്ലുവിളി. മുഖത്ത് തേച്ച സധാചാരത്തിന്റെ ചായം രാത്രിയുടെ ഇരുട്ടു കൊണ്ട് മായ്ച്ചു കളയുന്ന കാളിയന്മാര്‍ ഒരുപാട് ഉണ്ടിവിടെ. മനസ്സ് മരവിച്ച ശരീരങ്ങളെ വേട്ടയാടാന്‍ ഇരുട്ടിന്റെ മറയില്‍ വരുന്ന അവരേയും ഇവര്‍ക്ക് പേടിക്കണം.

അമര്‍ബാരിയില്‍ ഇപ്പോള്‍ അന്തേവാസികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നത്രെ. നാലും അഞ്ചും പേരാണു ഒരു മുറിയില്‍ എന്ന് ഇന്ദിരാദേവി കുറ്റപ്പെടുത്തുന്നുണ്ടായി കഴിഞ്ഞ തവണ കണ്ട്പ്പോള്‍.

നാളെ അവിടെ പോവണമല്ലൊ എന്ന് ദഹിയ ഓര്‍ത്തു. കര്‍പ്പൂര വെറ്റില കൊണ്ട് കൊടുക്കാനാണു. ഉയര്‍ന്ന ജാതി ആയതുകൊണ്ട് ഇന്ദിരാദേവി ഗലിയില്‍ വന്നു വാങ്ങുകയില്ല. അവിടെ പോയാലും കയ്യില്‍ കൊടുത്തുകൂടാ. മുന്നില്‍ വെച്ച് മാറി നില്ക്കണം. ഓര്‍ത്തപ്പോള്‍ ചിരിയാണു വന്നത് ദഹിയക്ക്.  അര്‍ഥ ശൂന്യമായ അന്ധവിശ്വാസങ്ങളെ ഈ ജീവിത സാഹചര്യങ്ങളിലും അവര്‍ മുറുകെ പിടിക്കുന്നുണ്ടല്ലൊ എന്ന് ഓര്‍ത്ത്.

പിറ്റേന്ന് രാവിലെ തന്നെ ദഹിയ അമര്‍ബാരിയിലേക്ക് പുറപ്പെട്ടു. ദൂരം അധികം ഇല്ലെങ്കിലും എളുപ്പം നടന്നെത്തുക പ്രയാസമുള്ള കാര്യമാണു. ഘാട്ടിന്റെ ഓരം ചേര്‍ന്ന് നടന്നാല്‍ വെയില്‍ മൂക്കുന്നതിനും മുന്നെ അങ്ങെത്താം.

അവിടെ എത്തിയപ്പോഴാണു അറിയുന്നത്;ഇന്ദിരാദേവിയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീ തലേന്ന് രാത്രി മരിച്ചു. ഒരു നെഞ്ചുവേദന വന്നതാണത്രെ. അവിടെ ചെല്ലുമ്പോള്‍ ഒന്ന് രണ്ട് തവണ അവരെ കണ്ടത് ഓര്‍ക്കുന്നു. തന്റെ മക്കളെ ഒരിക്കല്‍ കൂടെ കാണുന്നതും വീട്ടിലേക്ക് തിരിച്ച് പോവുന്നതും ഒരുപാട് സ്വപ്നം കണ്ടിരുന്നു അവര്‍.

ഒരു പിടി മോഹങ്ങള്‍ക്കു നടുത്തളത്തില്‍ വെള്ള പുതച്ച് കിടത്തിയിരുന്നു. ഒരു നോക്ക് കണ്ടു. വ്രജ്ജില്‍ മരിച്ചാല്‍ മോക്ഷം കിട്ടുമെന്നാണു വിശ്വാസം. ദേഹിക്കു വേണ്ടി ഒരു നിമിഷം പ്രാര്‍ഥിച്ച് ദഹിയ തിരിച്ച് നടന്നു.

------

വൈകുന്നേരം തുണികളുമായി ഘാട്ടില്‍ നിന്ന് തിരിച്ചു വന്ന ഭാനുവാണു അത് പറഞ്ഞത്. അവള്‍ കരയുകയും പുലഭ്യം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

അമര്‍ബാരിയില്‍ മരിച്ച വിധവയുടെ ശരീരം ദഹിപ്പിക്കാനൊന്നും നടത്തിപ്പുകാര്‍ മെനക്കെട്ടില്ല.
അവിടത്തെ ചൗകിദാരുമാര്‍ ശരീരം വെട്ടിനുറുക്കി ചാക്കിലാക്കി യമുനയില്‍ തള്ളിയത്രെ. ഈ കൊടുംക്രൂരത ഇവിടെ ആരു ചോദിക്കാനാണു. ഒരു മനുഷ്യ ശരീരം ആണെന്ന ബഹുമാനം പോലും ഇല്ലാതെ അവര്‍!!..ഹെ രാധേശ്യാം..ഒരു നെടുവീര്‍പ്പ് ദഹിയയുടെ തൊണ്ടയില്‍ തങ്ങി നിന്നു.

രാധാ ദാമോദര്‍ മന്ദിറില്‍ നിന്ന് ഭജനകള്‍ കേട്ട് തുടങ്ങി.

-------

ഭഗവാന്റെ വൃന്ദാവനം ആണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇന്നു ഇത് വിധവകളുടെ നഗരമാണു. ദിനംതോറും ഒരുപാട് ദഹിയമാര്‍ ഇവിടേക്കു വന്നുകൊണ്ടേയിരിക്കുന്നു. യമുനയെ അഴുക്കുചാലായി കാണുന്ന അതെ കണ്ണിലൂടെ പുറം ലോകം വ്രജ്ജിനേയും കാണുന്നു. ഇവിടത്തെ ജീവിതങ്ങളെ പോലെ അവഗണനയുടെ ഒരൊറ്റ നിറം മാത്രമാണു അവരുടെ ആ മനോഭാവത്തിനും. ഈ കാലത്തിന്റെ കാളിമയില്‍ നിശബ്ധയായി എല്ലാത്തിനും മൂകസാക്ഷിയായി ഇവിടെ കാളിന്ദി ഇപ്പോഴും ഒഴുകുന്നു..

Comments

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്