ഓര്‍മ്മകളിലൂടെ....

പതിവ് പണിത്തിരക്കുകള്‍ ഒന്നുമില്ലാതെ മറ്റൊരു അലസമായ വെള്ളിയാഴ്ച. ചിന്തിക്കാന്‍ ഒരു ചിന്തയെ മനസ്സില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ശ്രമിക്കവേ, എനിക്ക് മിണ്ടാന്‍ ഒരാളെ കൂട്ട് കിട്ടി. വിശേഷം പറച്ചിലിന്റെ രസം പിടിച്ചു അവളോടൊപ്പം എന്റെ മനസ്സിലൂടെ ഞാന്‍ നടക്കവേ, പകുതി ചാരിയിട്ട ഒരു ഓര്മ വാതില്‍...
അതിന്റെ പാളി തുറന്നു എത്തിനോക്കിയ ഞാന്‍ കണ്ട കാഴ്ച്ചക്ക് വ്യത്യസ്തമായ നിറവും മണവുമായിരുന്നു. അവിടെ ഞാന്‍ കണ്ടു വര്‍ഷങ്ങള്‍ക്കപ്പുറത്തെ എന്നെ. എന്റെ കണ്ണുകളില്‍, ഇന്നിന്റെ പൊള്ളയായ പുറംമോടിക്കാഴ്ച്ചകള്‍ കണ്ടു മടുത്ത നിസ്സംഗത ഇത്രത്തോളമില്ല.

ആ വാതില്പ്പാളിക്കപ്പുറത്ത് , പതിനെട്ടു വര്‍ഷത്തോളം ഞാന്‍ താമസിച്ചിരുന്ന എന്റെ വീടുണ്ട്. എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചു വളര്‍ന്ന മുറ്റവും, എന്റെ മാത്രം ലോകമായിരുന്ന ആ പറമ്പും, അവിടുത്തെ ചെടികളും മരങ്ങളുമുണ്ട്. എല്ലാത്തിനോടും വിടപറഞ്ഞു അമ്മയുടെ ഓര്‍മകളുമായി ഇറങ്ങുമ്പോള്‍ കണ്കോണില്‍ ഉരുണ്ടു കൂടിയ നീര്‍മണിയുടെ ചൂടിനെ ഒപ്പിയെടുത്ത ഗൃഹാതുരത്വത്തിന്റെ മണമുള്ള കാറ്റുണ്ട്.

അവിടെ പറമ്പിന്റെ വടക്കേ അറ്റത്തു തണലായി നില്‍ക്കുന്ന ഒരു മൂവാണ്ടന്‍ മാവിന്റെ കൊമ്പിലാണ്, ഊഞ്ഞാലാടാന്‍  കൊതിച്ചപ്പോഴൊക്കെ അച്ഛന്‍ അത് കെട്ടിത്തന്നിരുന്നത്. വടക്കേ പാടത്തെ നെല്ലിന്റെ പച്ചപ്പിനെ തഴുകി മാവിന്റെ അപ്പുറത്തെ തോടും കടന്നു വരുന്ന കാറ്റിന്റെ കയ്യും പിടിച്ചു എന്റെ ഊഞ്ഞാലില്‍ ഞാന്‍ ആകാശം തൊടാറുണ്ട്‌.., ഒരുപാട് തവണ...

മാവിന്റെ അടുത്ത് പടര്‍ന്നു നില്‍ക്കുന്ന ഒരു കുന്നിക്കുരു ചെടിയുടെ കടക്കല്‍ നിന്ന് എന്നും കിട്ടുന്ന കഷ്ട്ടിച്ചു അഞ്ചോ ആറോ കുന്നിക്കുരുക്കളെ പെറുക്കി വെക്കുമ്പോള്‍ എനിക്കുണ്ടാവുമായിരുന്ന സന്തോഷത്തിനു പകരം വെക്കാന്‍ അന്നും ഇന്നും ഒന്നുമില്ല. അങ്ങനെ കൂട്ടിവെച്ച കുന്നിക്കുരുക്കളെ കൊണ്ട് നിറഞ്ഞ ഒരു മരചെപ്പു എനിക്കുണ്ടായിരുന്നു.

ഉടഞ്ഞ സ്വപ്നങ്ങളുടെ കുപ്പിച്ചില്ലുകൊണ്ട്‌ മനസ്സ് മുറിഞ്ഞ ഒരു പകലില്‍ എന്റെ മരചെപ്പിലെ കുന്നിക്കുരുക്കളെ ഞാന്‍ വലിച്ചെറിഞ്ഞതും ഇവിടെ നിന്നാണ്. കയ്യില്‍ ഇറ്റു വീഴുമ്പോള്‍ ചിതറിത്തെറിക്കുന്ന കണ്ണീരു പോലെ ചിതറി വീണ എന്റെ കുന്നിക്കുരുക്കളിന്നു മുളച്ചു വലിയ ചെടിയായി എന്റെ മൂവാണ്ടന്‍ മാവില്‍ പടര്‍ന്നു വളര്‍ന്നു കാണും. പൊഴിഞ്ഞു വീഴുന്ന കുന്നിക്കുരുക്കളെ എന്നും പെറുക്കി വെക്കാന്‍, വെറുതെ എന്നുമെടുത്ത് എണ്ണി നോക്കാന്‍ , മറ്റൊരു ഞാന്‍ ഇന്നവിടെ ഉണ്ടാവുമോ? കറുത്ത പൊട്ടിട്ട ചുവന്ന ഈ ചെറുമണികള്‍, ആരുടെയോ സന്തോഷമായി ഏതോ മരചെപ്പില്‍ ഇന്നും നിധിപോലെ നിറയുന്നുണ്ടാവുമോ?

Comments

  1. വളരെ നന്നായി... Keep writing..

    ReplyDelete
  2. You just celebrated memories with words...Beautiful!

    ReplyDelete
  3. കുന്നിക്കുരു നൊസ്സ്

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്