സിൽക്ക്‌ റൗക്ക

നേരം ഉച്ചയാവാറായി. കിഴക്ക് വശത്തെ പ്ലാവിന്റെ നിഴലും, ചൂടേറി വരുന്ന വെയിലും അടുക്കള മുറ്റത്ത് ഒരു വല നെയ്തിരിക്കുന്നു. അതിൽ കുടുങ്ങി എന്തോ ആലോചിച്ചിരിക്കുമ്പോഴാണു ചിറ്റ വന്നു വിളിച്ചത്.

' ക്യൂന്മേരി പോയോ കുട്ട്യേ ?'

'അയ്യോ ..ഞാൻ ശ്രദ്ധിച്ചില്ല ചിറ്റേ' തിണ്ണയിൽ നിന്നെഴുന്നേറ്റു ഞാൻ മറുപടി പറഞ്ഞു.

' ഈശ്വരാ.. ബസ്‌ പോയോ എന്തൊ. ഇനീപ്പോ സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു വരുമ്പോഴേക്കും ഒരു നേരാവും' സാരിത്തലപ്പും ബാഗും ഒരു കയ്യിലും , നിവര്ത്തിയ കുട മറുകയ്യിലും പിടിച്ച് ചിറ്റ ബസ്‌ പിടിക്കാൻ ഓടി.

' സമയം പോയി. ഇനീപ്പോ ബസ്സ്റ്റോപ്പിലേക്ക് നടന്നെത്തുംന്ന് തോന്നണില്ല. ഇവിടന്നു കയ്യ് കാണിക്യാവും നല്ലത്' പുറകിൽ നിന്ന് ഞാൻ വിളിച്ചു പറഞ്ഞത് ചിറ്റ കേട്ടു കാണാൻ വഴിയില്ല.

ഞാൻ തിരികെ തിണ്ണയിൽ വന്നിരുന്നു. മുറ്റത്ത് കുന്തിച്ചിരുന്നു അമ്മൂമ്മ കലം തേക്കുന്നു. വെള്ളിക്കിണ്ണം പോലെ ചാരം ഇട്ടു കലം തേച്ചു മിനുക്കി എടുക്കുന്നത് അമ്മൂമ്മക്ക് ഒരു സന്തോഷമാണ്.

ചുരുട്ടിപ്പിടിച്ച ചകിരിനാരു ആദ്യം വെള്ളത്തിൽ ഒന്ന് നനച്ച് ചാരം ഒപ്പി എടുക്കും. എന്നിട്ട് ഒരു കയ്യ് കൊണ്ട് കലം ചരിച്ച് പിടിച്ച് പുറമേ മൊത്തം തേക്കും. പിന്നെ ഉള്ളിലും. അത് കഴിഞ്ഞു വക്കിൽ. പിന്നെ ഒരു കരകരപ്പോടെ കലത്തിന്റെ അടിവശത്തും. കയ്യിൽ വെള്ളമെടുത്ത് പുറമേ ആദ്യം കഴുകി ഉള്ളിൽ വെള്ളമൊഴിച്ച് ഒന്ന് ചുറ്റിക്കും. ഏറ്റവും ഒടുവിൽ വെള്ളത്തിലൊന്നു മുക്കിയെടുത്ത് രണ്ട് കുടച്ചിൽ. ഇത് കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണെന്ന് ഞാൻ പറഞ്ഞാൽ കേൾക്കുന്നവർ ഒരുപക്ഷെ എനിക്ക് വട്ടാണെന്ന് പറയുമെന്ന് ഞാൻ മനസ്സിലോർത്തു.

കലം ഇറയത്ത്‌ കമഴ്ത്തി അമ്മൂമ്മ ചോദിച്ചു ' നാളെയല്ലേ അമ്പലത്തിൽ പ്രശ്നം വെക്കണേ?'

'അതെ'

'ഇതിപ്പോ എന്തിനാന്നാ പറഞ്ഞെ?'

'കിണറു പണിയണംത്രേ. ഒരു ചെറിയ നടപ്പന്തലിനു സ്ഥാനോം നോക്കണംന്ന് പറയണ കേട്ടു'

' ആ .. പണ്ടൊക്കെ അമ്പലത്തിൽ ഉത്സവം നടക്കണ കാലത്ത് , വെള്ളത്തിനാണ് ഏറ്റവും പാട്.വേനൽക്കാലായോണ്ട് കനാലിലും വെള്ളം ഉണ്ടാവില്യ. വടക്കേലെ ശങ്കുണ്ണീടെ അവ്ടെന്നു എത്രെ കുടം ചുമന്നേക്കണു.' പോയ കാലത്തിന്റെ ഓർമകളിൽ എവിടെയോ നിന്ന് അമ്മൂമ്മ നെടുവീർപ്പിട്ടു. ' എന്തൊക്കെയായിട്ടെന്താ ഈ തറവാട്ടിലെ ശാപം അങ്ങനെ കെടക്കും'

'തറവാടിനു ശാപോ? അതെന്താ അമ്മൂമ്മെ?' ഒരു കഥ എത്തിനോക്കുന്നത് കണ്ട് ഞാൻ ജിജ്ഞാസയോടെ തിരക്കി.

'നിനക്കറിയില്യെ? ഇവടത്തെ അമ്മേടെ ശാപമാ. ഒരു സിൽക്ക് റൗക്ക കാരണം.'

ഇവടത്തെ അമ്മ എന്ന് പറഞ്ഞത് അച്ഛാച്ചന്റെ അമ്മയെ ഉദ്ധേശിച്ചാണ്. വല്യമ്മൂമ്മയെ ഞാൻ കണ്ടിട്ടില്ല. എന്റെ അമ്മ ചെറുതായിരുന്നപ്പോഴേ അവർ മരിച്ചു പോയതാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു ശാപത്തിന്റെ കഥ ഞാൻ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്.

'സിൽക്ക് റൗക്കയോ? അതും ശാപവും തമ്മിൽ എന്താ ബന്ധം?'

എന്റെ ആ ചോദ്യം തറവാട്ടിലെ എന്റെ തലമുറക്ക് അറിയാത്ത ഒരു കഥ പറഞ്ഞു തന്നു.

'വല്യമ്മൂമ്മക്ക് ആറ് മക്കളാ. നാല് ആണും രണ്ട് പെണ്ണും. അതിൽ ആണ്മക്കളിൽ ഏറ്റവും മൂത്തയാളാ അച്ഛാച്ചൻ. അച്ഛാച്ചൻ പണ്ട് തന്റെ നല്ല പ്രായത്തില് സിലോണിലേക്ക് ജോലി അന്വേഷിച്ചു പോയി. അവസാനം കൊളമ്പില് എന്തോ ജോലി കിട്ടി.ആദ്യത്തെ ആണ്‍കുട്ട്യായോണ്ട് വല്യമ്മൂമ്മക്ക് അച്ഛാച്ചനോട് ഒരു പ്രത്യേക സ്നേഹായിരുന്നു. താഴത്തും തലേലും വെക്കാതെ വളർത്തിയ മോൻ അങ്ങനെ നാട് വിട്ടു ജോലി നോക്കി പോയപ്പോ ആ മനസ്സ് ഒരുപാട് വിഷമിച്ചു. എന്നാലും കാശുകാരനായി മോൻ ഒരു ദിവസം തിരിച്ചു വരുംന്ന് വല്യമ്മൂമ്മ സ്വപ്നം കണ്ടു. വരുമ്പോ തനിക്ക് ഒരു സിൽക്ക് റൗക്കക്ക് തുണി കൊണ്ടരുംന്ന് പ്രത്യേകിച്ചും.

വർഷങ്ങള് കഴിഞ്ഞു. മോൻ ഇല്യാത്തേന്റെ വിഷമം പതുക്കെ പതുക്കെ കുറഞ്ഞെങ്കിലും സിൽക്ക് റൗക്കന്നൊള്ള ആഗ്രഹത്തിനു മാത്രം ഒരു കുറവും വന്നില്യ. ഇതൊന്നും അറിയാതെ അവസാനം അച്ഛാച്ചൻ നാട്ടില് വന്നു. ഒന്ന് മാത്രം പക്ഷെ കൊണ്ടുവന്നില്യ. റൗക്കക്ക് ഒള്ള തുണി. ആയമ്മേടെ മനസ്സ് നീറ്റി ആ വല്യ ആഗ്രഹം അങ്ങനെ നടക്കാണ്ടും പോയി. അറിഞ്ഞോ അറിയാതെയോ ആ നീറ്റൽ അങ്ങനെ ശാപായി.

അമ്മൂമ്മ പറഞ്ഞു നിർത്തിയെങ്കിലും ഞാൻ കാണുകയായിരുന്നു. ഒരു ചെറിയ കാര്യം, മനസ്സിലെ വലിയ ആഗ്രഹമാക്കി ആരോടും പറയാതെ കൊണ്ടുനടന്ന, 'എന്റെ മോൻ വരുമ്പോ കൊണ്ടുവരും ' എന്ന് എന്നും സ്വയം പറഞ്ഞാശ്വസിച്ചിരുന്ന, ആ മകന്റെ വരവും കാത്തിരുന്ന, ഞാൻ കാണാത്ത ആ വല്യമ്മൂമ്മയെ.

'ഈ ശാപം ന്ന് പറഞ്ഞാ എന്താ ഉണ്ടാവാ അമ്മൂമ്മെ?'

'അതിപ്പോ..മനസ്സിന് ദണ്ണം വിട്ട് മാറില്യ. അങ്ങനെ ആവും.'

തറവാട്ടിലെ എല്ലാവരുടെയും മനസ്സിലെ ചെറുതും വലുതുമായ വിഷമങ്ങൾക്ക് ഇങ്ങനെയും ഒരു കാരണമോ? ഇങ്ങനെ ഒരു കഥ ഉണ്ടെന്നു പോലും അറിയാത്ത തലമുറകളിലേക്കു ഒരു ശാപം ഇങ്ങനെ നീണ്ടു പോയിക്കൊണ്ടിരിക്കുമൊ? അടിയുറച്ച് പോയ വിശ്വാസങ്ങളിൽ നേരേത് നുണയേത് എന്നറിയാതെ ഞാൻ ചിരിച്ചു.

എല്ലാം അപ്പൊ ഒരു സിൽക്ക് റൗക്ക കാരണം. കൊള്ളാം !!

Comments

  1. //ഇത് കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണെന്ന് ഞാൻ പറഞ്ഞാൽ കേൾക്കുന്നവർ ഒരുപക്ഷെ എനിക്ക് വട്ടാണെന്ന് പറയുമെന്ന് ഞാൻ മനസ്സിലോർത്തു... ഹേയ്, ഒരിക്കലുമില്ല....കൊള്ളാം സിസി :)

    ReplyDelete
  2. ഒരു റൗക്കയുടെ പേരിൽ ഇങ്ങനെയും ഒരു കദന കഥ ഉണ്ടായിരുന്നോ

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്