കാത്തിരിപ്പ്

വയലിൻ കമ്പികൾ പോലെ നേർത്ത ഒരു ചാറ്റൽ മഴയായാണ് നിൻറെ പ്രണയം എന്നെ വന്നു പൊതിഞ്ഞതെന്നു ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. പിന്നീടൊരിക്കലും ആ നനുത്ത തണുപ്പ് എൻ്റെ മനസ്സ് വിട്ടു പോയിട്ടില്ല. അന്നും, എന്നിലേക്ക് ഒരിക്കലും തിരിച്ചു വരാത്ത യാത്രക്ക് നീ നടന്നകന്നതില്പിന്നെയും.

വരില്ലെന്നറിഞ്ഞിട്ടും പക്ഷെ കഥകൾ പറയുന്ന മനസ്സ് സ്വന്തം കഥയിൽ അങ്ങനെ ഒരു ദിവസത്തിന്റെ നുണക്കഥ എഴുതി ചേർത്ത് വെച്ചിട്ടുണ്ട്, ആരോടും പറയാതെ. നീ വരുന്ന ആ ദിവസത്തിന്റെ കഥ. ഒരിക്കലും നടക്കാത്ത മോഹങ്ങളെ മനസ്സിൽ താലോലിക്കുമ്പോഴൊക്കെ ഞാൻ വെറുതെ ആ ദിവസവും സ്വപ്നം കാണാറുണ്ട്. പതിവില്ലാതെ വരുന്നൊരു മഴ എന്റെയീ മുറ്റത്തു ഓടിക്കളിക്കുന്ന ആ ദിവസം.

ഈ ഇലത്തുമ്പുകളിലും പൂക്കളിലും മഴത്തുള്ളികൾ അന്നാരെയോ കാത്തു നിൽക്കും. അന്ന് നെറ്റിയിൽ ഞാൻ വലിയ സിന്ദൂരപ്പൊട്ടു തൊടും. നിന്നെ കാത്ത് തളര്ന്നു പോയ കണ്ണിൽ ഞാൻ കരിയെഴുതും. എത്ര ഞൊറിഞ്ഞിട്ടും ശെരിയാവുന്നില്ലെന്നു ഞാൻ ചേലയോടു കുറ്റം പറയും. എന്നോടൊപ്പം ചിരിക്കാൻ എൻ്റെ കൈകളിൽ അന്ന് കുപ്പിവളകളുണ്ടാവും. എൻ്റെ പാദസരമണിക്കിലുക്കത്തിൽ അന്ന് ഈ വീടുണരും.

ഒടുവിൽ മഴയോട് പരിഭവം പറഞ്ഞു ഒരു ചെറു ചിരിയോടെ നീ ഈ പൂമുഖത്തേക്ക് ഓടി കയറി വരുമ്പോൾ, മഴ മാനത്തു നിന്ന് കട്ടെടുത്ത ചുവപ്പ് എൻ്റെ മുഖത്ത് പടരും. ഒരു കാർമേഘം പക്ഷെ എൻ്റെ കണ്കോണില് അപ്പോൾ ഉരുണ്ടു കൂടുന്നുണ്ടാവും. ഒരു ജന്മത്തിന്റെ കാത്തിരിപ്പിനൊടുവിൽ വന്ന നിന്റെ മുന്നിൽ ,പെയ്തൊഴിഞ്ഞു മനസ്സ് തെളിയാനായി.

Comments

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്