കഥകളും നുണക്കഥകളും

കഥകൾ തീർത്തും നുണകൾ ആണെന്ന് പൊതുവെ ഒരു പറച്ചിൽ ഉണ്ട്.

കഥയെന്നാൽ എഴുതുന്ന ആളിന്റെ തോന്നൽ, ഭാവന അല്ലെങ്കിൽ മനസ്സിന്റെ വിരുത്. തോന്നലുകൾ കാണാൻ പറ്റില്ലല്ലോ. കാണാത്തത് വിശ്വസിക്കാൻ പണ്ടേ നമുക്ക് മടിയാണ്. അപ്പൊ പിന്നെ കഥ നുണയല്ലാതെ പിന്നെന്താ എന്നങ്ങു തീരുമാനിക്കും.

ആ തീരുമാനം തന്നെ ആണ് അതിലും വലിയ നുണക്കഥ.

നമുക്ക് ചുറ്റും, നമ്മൾ കാണുന്നതും കാണാത്തതുമായ ഓരോരുത്തരും ഓരോ കഥകൾ അല്ലേ? നമ്മുടെ സ്വന്തം ജീവിതം പോലും? എത്രെയെത്ര പച്ചയായ കഥകൾ..ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, കണ്ണ് നനയിക്കുന്ന,ആവേശം കൊള്ളിക്കുന്ന, ചിലപ്പോൾ വിരസമായ, പലപ്പോഴും നമ്മൾ ആലോചിച്ചു കുഴപ്പിക്കുന്ന കഥകൾ.

ജീവിച്ചിരിക്കുന്ന കോടിക്കണക്കിനു ആൾക്കാരുടെ ഇടയിൽ, മരിച്ചു പോയ അതിന്റെ പതിന്മടങ്ങു ജീവിതങ്ങളിൽ, ഏതിനെങ്കിലുമൊക്കെ, ഒരു കഥാപാത്രത്തോട് സാമ്യത കാണില്ലേ?എങ്കിൽ പിന്നെ കഥ എങ്ങനെ നുണ മാത്രമാവും?ഭാവനയിൽ കാണുന്ന ചിലതെങ്കിലും,ഒരിക്കൽ എവിടെയെങ്കിലും നടന്നു കാണില്ല എന്ന് ആർക്ക് തറപ്പിച്ചു പറയാൻ ആവും?

കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും കോർത്തെടുത്തു വെക്കുമ്പോൾ അതിൽ ഒരു ജീവിതത്തിന്റെയെങ്കിലും അംശം കടന്നു വരാതിരിക്കുന്നതെങ്ങനെ?



പിന്നൊരു ചെറിയ നുണക്കഥ, ഈ എഴുതുന്നതൊക്കെ എഴുതുന്നയാളിന്റെ വലിയ കഴിവാണെന്ന തോന്നൽ ആണ്.

മനസ്സിന്റെ തുഞ്ചത്തു പറന്നു വന്നിരിക്കുന്ന കഥയെ, അല്ലെങ്കിൽ അക്ഷരങ്ങളെ, കയ്യെത്തിച്ചു പിടിക്കുക മാത്രമേ എഴുതുന്ന എതൊരാളും ചെയ്യുന്നുള്ളൂ. ഈ ഞാനടക്കം.

സ്വന്തം ഭാവനയെന്നോ കഴിവെന്നോ പറഞ്ഞു അഹങ്കരിക്കുന്നതിനു, കയ്യകലത്തിൽ നിന്ന് വഴുതി പോയാൽ തീരാവുന്ന ആയുസ്സേ ഒള്ളു എന്ന തിരിച്ചറിവിൽ നമുക്ക് മനസ്സിലാവുന്ന ഒരു വലിയ സത്യം ഉണ്ട്.

ഇതൊന്നും എന്റേതല്ല...എന്നിലേക്ക് വരുന്നത് നിങ്ങളിലേക്ക് എത്തിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളു എന്ന സത്യം.. അഹംഭാവത്തെയും അഹങ്കാരത്തെയും ഇല്ലാതാക്കുന്ന ആ തെളിഞ്ഞ ബോധ്യം.

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്