എവിടെയാണ് ഈശ്വരൻ?

തീർത്തും ഒരു അമ്പലവാസിയായി വളർന്നത് കൊണ്ട്, എന്റെ ബാല്യത്തിലോ കൗമാരത്തിലോ ഈ ചോദ്യം എന്നെ ഒരിക്കൽ പോലും അലട്ടിയിട്ടില്ല.

എന്റെ ഓർമ്മയുടെ അങ്ങേയറ്റത്ത്, അമ്മയെന്ന വാക്കു പരതിയാൽ കാണുന്ന മുഖം എന്റെ പെറ്റമ്മയുടേതല്ല, മറിച്ചു വല്യേച്ചിയുടേതാണ്. ഒരു മന്ത്രം പോലെ കാണാതെ പഠിച്ചുവെച്ചിരുന്ന പ്രാർത്ഥന, ഞാൻ എന്നും ചൊല്ലിയിട്ടും, അത് കേൾക്കാതെ, വല്യേച്ചിയെ കൊണ്ടുപോയപ്പോഴാണ് ഞാൻ ആദ്യമായി മരണത്തെ പേടിച്ചത്, ഈശ്വരനോട് പിണങ്ങിയതും. അന്ന് തന്നെയാവണം ഈ ചോദ്യം ആദ്യമായി എന്റെ മുന്നിൽ വന്നു നിന്നത്.

പിന്നീടങ്ങോട്ട് മാറിപ്പോയ എന്റെ ലോകത്തിലെ പലവിധ പ്രതിസന്ധിഘട്ടങ്ങളിൽ ഒന്നും, ഈ ചോദ്യം എന്നെ തളർത്തിയിട്ടില്ല. അസുഖം അമ്മയെക്കൂടെ കൊണ്ടുപോവാൻ വന്നിരിക്കുന്നു എന്ന പൊള്ളുന്ന സത്യത്തിലാണ് പിന്നെ ഞാനീ ചോദ്യം കണ്ടു പതറുന്നത്. ഇതിനുത്തരം പക്ഷെ കുറച്ചെങ്കിലും മനസ്സിലാവാൻ ഞാൻ സങ്കടക്കടൽ പകുതിയിലേറെ നീന്തേണ്ടി വന്നിരിക്കുന്നു.

കാണണമെന്ന് ഞാൻ പ്രതീക്ഷിച്ച രൂപമോ, കൊത്തിവെച്ച ഒരു വിഗ്രഹമോ ആയിരുന്നില്ല ഈശ്വരൻ. ഞാൻ തേടിപ്പോയ സ്ഥലങ്ങളിലോ, എന്റെ കാണാമറയത്തുള്ള ഒരു ലോകത്തിലോ ആയിരുന്നില്ല ഈശ്വരൻ. ഈ ലോകത്തെ മറ്റെവിടെ നിന്നോ നിർന്നിമേഷനായി നോക്കിക്കാണുന്ന ഒരാളുമായിരുന്നില്ല ഈശ്വരൻ.

എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ആളല്ല, മറിച്ചു എന്റെ മനക്കരുത്താണ് ഈശ്വരൻ എന്ന് കാലം എനിക്ക് കാണിച്ചു തന്നിരിക്കുന്നു. വീഴ്ചകളിൽ തളരരുതെന്ന എന്റെ ഉൾവിളിയാണ് ഈശ്വരൻ.എത്രെ നഷ്ടപ്പെട്ടെന്ന് അവകാശപ്പെടുമ്പോഴും, ഉള്ളിലെ കെടാത്ത പ്രതീക്ഷയുടെ കണികയാണ് ഈശ്വരൻ. ജീവിതത്തിൽ ഒരിക്കൽ മാത്രം ഞാൻ കണ്ട, എനിക്ക് പേരുപോലും അറിയാത്ത, എന്നെ ഒരു ചെറു ചിരിയായെങ്കിലും സഹായിച്ചിട്ടുള്ളവരിൽ ഞാൻ കണ്ടത് ഈശ്വരനെത്തന്നെയാവണം. നമുക്ക് ചുറ്റും, നമ്മുടെ ഉള്ളിലും, നമ്മൾ കാണാതെ, തിരിച്ചറിയാതെ പോവുന്ന നന്മയുടെ ചൈതന്യമാണ് ഈശ്വരനെങ്കിൽ, എന്റെ ചോദ്യത്തിനുള്ള ഉത്തരം എന്നേ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു...

Comments

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്