ഒരു മരണം

തീർത്തും യാന്ത്രികമായിത്തീർന്നിക്കുന്ന ദിവസങ്ങൾ. വിരസമായ, അക്കങ്ങളിലും കൂട്ടിക്കിഴിക്കലുകളിലും ഉടക്കിപ്പോയ, ഓർത്തുവെക്കാൻ നല്ലതൊന്നും നൽകാത്ത ദിവസങ്ങൾ. നിസ്സംഗത ഭാവിച്ചു, തട്ടിത്തടഞ്ഞുള്ള ആ ഒഴുക്കിനിടക്ക്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു - ശശിയേട്ടന്റെ മരണവാർത്ത.

മരണമെന്ന സത്യത്തിന്റെ തണുത്ത അമ്പരപ്പിനെക്കാൾ, ഒരു ആത്മഹത്യയുടെ ചോദ്യചിഹ്നം ആണ് അതിൽപ്പിന്നെ ഈ നേരം വരെയും മനസ്സിനെ അലട്ടുന്നത്. ഉത്തരം അറിയാത്ത ചോദ്യമായി അവശേഷിച്ചു, അതിനി പതിയെ ഞാൻ ഓർക്കാതാവുന്നത് വരെ അതിങ്ങനെ ഉള്ളിൽ തികട്ടിവരും.

എത്ര മുഷിപ്പിക്കുന്ന പുസ്തകമായാൽപ്പോലും, ഓടിച്ചെങ്കിലും വായിച്ചു തീർക്കാതെ സമാധാനം കിട്ടാത്ത എനിക്ക് ആത്മഹത്യകൾ എന്നും ഉൾക്കൊള്ളാൻ കഴിയാത്ത തീരുമാനങ്ങളാണ്. സാഹചര്യങ്ങളോ, മനസ്സിന്റെ അവസ്ഥകളോ എന്താണ് ആ ധൈര്യം തരുന്നതെന്നു എനിക്ക് അറിയില്ല. മരിക്കാൻ ഉള്ള ധൈര്യത്തിന്റെ പതിന്മടങ്ങു ജീവിക്കാൻ വേണ്ടേ? അതില്ല എന്ന തോന്നലു കൊണ്ടാണോ? അതാവാം. ഇടയ്ക്കു വെച്ചു നിർത്തിയതെന്തിനെന്ന് ചോദിക്കാൻ എനിക്കറിയാവുന്ന ശശിയേട്ടൻ ഇന്നില്ല.

ചിരിച്ചുകൊണ്ടല്ലാതെ ആ മുഖം ഞാനൊരിക്കലും കണ്ടിട്ടില്ല. വ്യാകുലതകളോ വിഷമങ്ങളോ ആയി വരുന്നവരോട് പാതറരുതെന്നും, അടിയുറച്ച ഭക്തിയോടെയുള്ള വിളികൾ ഈശ്വരൻ  കേൾക്കാതെ പോവില്ലെന്നും സധൈര്യം പറഞ്ഞിരുന്ന ശശിയേട്ടനു പക്ഷെ മുറതെറ്റാതെ, കർമ്മം പിഴക്കാതെ, ദിനവും പൂജിച്ച ദേവി തന്നെ കൈവിട്ടെന്ന ഒരു നിമിഷാർധത്തിന്റെ തോന്നലിൽ മനസ്സ് ഇടറിപ്പോയതെന്തുകൊണ്ടാണ്?

അതോ വാർദ്ധക്യത്തിന്റെ തിരിച്ചു പോക്കിൽ കൈപിടിക്കാൻ ആളില്ല എന്ന ഭയമാണോ കാരണം? അതുമല്ലെങ്കിൽ, അസുഖങ്ങളുടെ, മനംപിരട്ടുന്ന  മരുന്നുകളുടെ ഇടയിൽ നിന്ന്, മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന അവസാന നാളുകളിൽ നിന്ന് ഒരു ഒളിച്ചോട്ടമായിരുന്നോ ലക്ഷ്യം?

മരണത്തെ ഒരു ദയയായിക്കണേണ്ട അവസ്ഥ ഭയാനകമാണ്. തോൽക്കാതെ, ആ ദയക്കുവേണ്ടി യാചിക്കേണ്ടി വരാതെ, സ്വന്തം വിധി സ്വയം എഴുതിയ അഭിമാനത്തോടെ ആയിരുന്നോ ആ മടക്കം?

അവസാന പകലിൽ, ക്ഷീണിച്ച സ്വരത്തിലും നിഴലിച്ച നേർത്ത ആ പ്രസരിപ്പിനെ, എല്ലാം ശെരിയാവുമെന്ന കെടാത്ത ധൈര്യത്തെ, ഒന്നിരുട്ടി വെളുക്കുന്നതിനു മുൻപ് കെടുത്തിക്കളഞ്ഞ കാറ്റേതാണ്?

വയ്യ, ഇനി എഴുന്നേൽക്കാത്ത ആ കിടപ്പ് ഇങ്ങു ദൂരെ മനസ്സിൽ എങ്കിലും കാണാൻ. ആ ചിരിയുടെ, സ്നേഹത്തോടെയുള്ള ഉപദേശങ്ങളുടെ, വര്ഷങ്ങൾക്കിപ്പുറത്തെ നിഴലുകൾ മതി. എല്ലാവര്ക്കും എപ്പോഴും ഉത്തരവുമായി നിന്ന ശശിയേട്ടൻ പക്ഷെ ഞങ്ങൾക്ക് ഒരു വലിയ ചോദ്യം തന്ന് പോയത് എന്തിനാണ്? കാണാത്ത മഷികൊണ്ട് എന്നോ ആരോ എഴുതിക്കഴിഞ്ഞ മായ്ക്കാനാവാത്ത മരണവിധിയെ ചെറുക്കാൻ ആർക്കാവുന്നു എന്നതാണോ ഞങ്ങൾക്കുള്ള ഉത്തരം?

Comments

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്